കോവിഡ് ബാധിച്ച് മരിച്ചവരില്‍ നല്ലൊരു ശതമാനം വാക്‌സിന്‍ സ്വീകരിച്ചവരും ഉള്‍പ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്. അമേരിക്കയില്‍ ഓഗസ്റ്റില്‍ കോവിഡ് ബാധിച്ചു മരിച്ചവരില്‍ 58% പേര്‍ പ്രതിരോധ കുത്തിവയ്‌പോ ബൂസ്റ്ററോ എടുത്തവര്‍ ആണെന്നു വാഷിംഗ്ടണ്‍ പോസ്റ്റ് നടത്തിയ വിശകലനത്തില്‍ കണ്ടു. പ്രതിരോധ കുത്തിവയ്‌പോ അതിന്റെ ബൂസ്റ്ററോഎടുത്തവരില്‍ നല്ലൊരു ശതമാനം കോവിഡ് ബാധിച്ചു മരിക്കുന്നുണ്ടന്നാണ് റിപ്പോര്‍ട്ട്. രണ്ടു വര്‍ഷം മുന്‍പ് മഹാമാരി തുടങ്ങിയ ശേഷം ഇതാദ്യമാണ് കോവിഡ് മൂലം മരിക്കുന്നവരില്‍ ഭൂരിപക്ഷം പേര്‍ ഭാഗികമായെങ്കിലും വാക്‌സിന്‍ എടുത്തവര്‍ ആകുന്നത്.

കേന്ദ്ര-സംസ്ഥാന രേഖകള്‍ വച്ച് നടത്തിയ വിശകലനത്തിലാണ് ഈ കണ്ടെത്തല്‍. റിപ്പോര്‍ട്ടില്‍ പറയുന്നത്: 2021 സെപ്റ്റംബറില്‍ കോവിഡ് മൂലം മരിച്ച 23% മാത്രമേ കുത്തിവയ്പ് എടുത്തിരുന്നുള്ളൂ. ഈ വര്‍ഷം ജനുവരി-ഫെബ്രുവരിയില്‍ അത് 42% ആയി. എന്തു കൊണ്ട് ഈ വര്‍ധന എന്ന ചോദ്യത്തിന്റെ മറുപടി: കോവിഡ് വാക്‌സിനുകളുടെ കരുത്തു കുറയുന്നുണ്ടാവാം. മാത്രമല്ല, കൂടുതല്‍ വ്യാപിക്കുന്ന വൈറസ് വകഭേദങ്ങള്‍ വാക്‌സിനുകളെ മറികടക്കുന്നു. കുത്തിവയ്ക്കാത്തവരുടെ മഹാമാരിയാണിത് എന്നു ഇനി പറയാന്‍ വയ്യ, വിശകലനം നടത്തിയ കൈസര്‍ ഫൗണ്ടേഷന്റെ വൈസ് പ്രസിഡന്റ് സിന്തിയാ ഫോക്‌സ് പറയുന്നു.

കഠിന രോഗവും മരണവും ഒഴിവാവാക്കാന്‍ വാക്‌സിനുകള്‍ക്കുള്ള കഴിവിനെ കുറിച്ച് വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് ആന്തണി ഫൗച്ചി ഊന്നിപ്പറഞ്ഞിട്ടുണ്ട്. എന്നാല്‍ കോവിഡ് വാക്‌സിനുകള്‍ കാലക്രമേണ നിര്‍വീര്യമാകുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ വൈറസ് വകഭേദങ്ങള്‍ വരുന്നതാണ് കാരണം. പ്രായം ചെന്നവരാണ് കൂടുതലും ഇരകളാവുന്നതെന്നു സയന്റിഫിക് അമേരിക്കന്‍ പറയുന്നു. കൈസര്‍ ഫൗണ്ടേഷന്‍ പറയുന്നത് 65 നു മുകളില്‍ ഉള്ളവര്‍ക്കു കോവിഡ് മരണങ്ങള്‍ ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ 125% വര്‍ധിച്ചുവെന്നാണ്. ലോകാരോഗ്യ സംഘടന പറയുന്നത് സമീപകാലത്തു കോവിഡ് മരണങ്ങള്‍ 90 ശതമാനത്തോളം കുറഞ്ഞെന്നാണ്.

LEAVE A REPLY

Please enter your comment!
Please enter your name here