
ടൊറന്റോ: കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കുത്തേറ്റു മരിച്ചു. കാനഡയിലെ സറേയില്‍ ഹൈസ്‌കൂളിന്റെ പാര്‍ക്കിംഗ് ലോട്ടിലുണ്ടായ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ വംശജനായ മെഹക്പ്രീത് സേഥി (18) യാണ് കുത്തേറ്റു മരിച്ചത്. ന്യൂട്ടണ്‍ ഏരിയയിലെ തമനാവിസ് സെക്കന്‍ഡറി സ്‌കൂളിന് പുറത്ത് ആക്രമണത്തിനിരയായ സേഥി ചൊവ്വാഴ്ച ആശുപത്രിയിലാണ് മരിച്ചത്.
എമര്‍ജന്‍സി യൂണിറ്റ് മിനിറ്റുകള്‍ക്കുള്ളില്‍ എത്തി ജീവന്‍രക്ഷാ നടപടികള്‍ ഉടനടി ആരംഭിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. സാക്ഷികള്‍ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന്് പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയും സേഥിയും തമ്മിലുള്ള മല്പിടുത്തത്തിനൊടുവിലാണ് പ്രതി സേഥിയെ കുത്തിയത്. അക്രമിയും ഇരയും പരസ്പരം അറിയുന്നവരാണെന്നും ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണെന്നും ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇന്‍വെസ്റ്റിഗേഷന്‍ ടീമിലെ (ഐഎച്ച്‌ഐടി) സര്‍ജന്റ് തിമോത്തി പിയറോട്ടി വാന്‍കൂവര്‍ സണിനോട് പറഞ്ഞു.