ന്യൂഡൽഹി: ഡൽഹിയിലെ ജുമാ മസ്ജിദ് പരിസരത്ത് പെൺകുട്ടികൾ പ്രവേശിക്കുന്നത് വിലക്കിയ നടപടി പിൻവലിച്ചു. സ്ത്രീ പ്രവേശനം നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഗവർണർ വികെ സക്‌സേന, ഷാഹി ഇമാം സയ്യിദ് അഹമ്മദ് ബുഖാരിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമെന്നാണ് റിപ്പോർട്ട്.

പെൺകുട്ടികളും സ്ത്രീകളും പളളിയുടെ പവിത്രതയെ ബഹുമാനിക്കുകയും പരിപാലിക്കുകയും ചെയ്യുമെന്ന വ്യവസ്ഥയിലാണ് നടപടി സ്വീകരിച്ചത്. ദിവസങ്ങൾക്ക് മുമ്പാണ് ജുമാ മസ്ജിദ് പരിസരത്ത് പെൺകുട്ടികളുടെ പ്രവേശനം നിരോധിച്ചുകൊണ്ട് നോട്ടീസ് പതിച്ചത്. ഒറ്റക്ക് സന്ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ ആണ്‍കുട്ടികളെ കാണാനുള്ള സ്ഥലമായി പള്ളി പരിസരം ഉപയോഗിക്കുന്നുവെന്നും സംഗീതത്തോടുകൂടിയ വീഡിയോകൾ ചിത്രീകരിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു വിലക്ക് പ്രഖ്യാപിച്ചത്.

 

സ്ത്രീകൾ ഒറ്റയ്ക്ക് വരുമ്പോൾ അനുചിതമായ പ്രവൃത്തികൾ നടക്കുന്നുണ്ടെന്നും അത് തടയാനാണ് നിരോധനം ഏർപ്പെടുത്തിയതെന്നായിരുന്നു അധികൃതരുടെ അവകാശ വാദം. നടപടി വിവാദമായതോടെ പ്രാർത്ഥന നടത്താൻ വരുന്നവർക്ക് ഉത്തരവ് ബാധകമല്ലെന്നും ഭര്‍ത്താവുമായോ കുടുംബാംഗങ്ങളുമായോ വരുന്നവര്‍ക്ക് പള്ളിയില്‍ പ്രവേശിക്കാമെന്നുമായിരുന്നു ഷാഹി ഇമാം വ്യക്തമാക്കിയത്.

നടപടിക്കെതിരെ ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാള്‍ അടക്കം രംഗത്തെത്തിയിരുന്നു. ഇത്തരം ഒരു വിലക്ക് അംഗീകരിക്കാനാവില്ലെന്നും വിലക്കിനെതിരെ ഉചിതമായ നടപടിയെടുക്കണമെന്ന് വനിതാ കമ്മീഷൻ കേന്ദ്രത്തോടും ഡൽഹി സർക്കാരിനോടും ആവശ്യപ്പെടുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here