ഗാന്ധിനഗർ: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പിയുടെ പ്രകടനപത്രിക പുറത്തിറങ്ങി. പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയാണ് ഗാന്ധിനഗറിൽ പ്രകടനപത്രിക പുറത്തിറക്കിയത്. ഗുജറാത്ത് മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേൽ, ഗുജറാത്തിലെ ബി ജെപി മേധാവി സി ആർ പട്ടീൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഗുജറാത്തിൽ തീവ്രവാദ വിരുദ്ധ സെൽ, ഏകീകൃത സിവിൽ കോഡ്, 20 ലക്ഷം തൊഴിൽ അവസരങ്ങൾ എന്നിവയാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദ്ധാനങ്ങൾ.

രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള തീവ്രവാദ സംഘടനകളുടെയും ദേശവിരുദ്ധ ശക്തികളുടെ സ്ളീപ്പർ സെല്ലുകളുടെയും പ്രവർത്തനങ്ങളെ തിരിച്ചറിഞ്ഞ് നശിപ്പിക്കുകയാണ് ആന്റി റാഡിക്കലൈസേഷൻ സെല്ലിന്റെ (തീവ്രവാദ വിരുദ്ധ സെൽ) ലക്ഷ്യമെന്ന് ജെ പി നദ്ദ വ്യക്തമാക്കി. ഇന്ത്യാ-വിരുദ്ധ ശക്തികളെ തിരിച്ചറിഞ്ഞ് ശിക്ഷിക്കും. പൊതുമുതൽ, സ്വകാര്യ മുതൽ എന്നിവ നശിപ്പിക്കുന്നവരെ തിരിച്ചറിഞ്ഞ് ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനായി പുതിയ നിയമം കൊണ്ടുവരും.

ഗുജറാത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി സ്ഥാപിക്കും, 20,000 സർക്കാർ സ്‌കൂളുകളെ മികവിന്റെ വിദ്യാലയങ്ങളാക്കി മാറ്റും, കാർഷിക വിപണിയുടെ വികസനത്തിനായി പതിനായിരം കോടി രൂപ വകയിരുത്തും, ജലസേചന സൗകര്യങ്ങൾക്കായി ഇരുപത്തയ്യായിരം കോടി രൂപ, ആയുഷ്‌മാൻ പദ്ധതിയുടെ കീഴിൽ പത്ത് ലക്ഷം രൂപയുടെ മെഡിക്കൽ ഇൻഷുറൻസ്, സംസ്ഥാനത്ത് മൂന്ന് മെഡിസിറ്റികളും രണ്ട് അത്യാധുനിക ആശുപത്രികളും നിർമിക്കും. തൊഴിലാളികൾക്കായി രണ്ട് ലക്ഷം രൂപവരെ ഈടില്ലാത്ത ശ്രമിക് ക്രെഡിറ്റ് കാർഡുകൾ.

ഗാന്ധിനഗറിലെയും സൂറത്തിലെയും മെട്രോ ഇടനാഴികൾ പൂർത്തീകരിക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യ ഡയഗ്‌നോസ്റ്റിക് സേവനങ്ങൾ ഉറപ്പാക്കുന്ന 110 കോടി രൂപയുടെ മുഖ്യമന്ത്രി സൗജന്യ ഡയഗ്‌നോസ്റ്റിക് പദ്ധതി. സംസ്ഥാനത്തെ 56 ഗോത്ര സബ് പ്ലാൻ താലൂക്കുകളിലുടനീളം മൊബൈൽ റേഷൻ ഡെലിവറി നടത്തുകയും ആദിവാസികളുടെ സർവതോന്മുഖമായ സാമൂഹിക-സാമ്പത്തിക വികസനത്തിനായി വൻബന്ധു കല്യാൺ യോജന 2.0 പ്രകാരം ഒരു ലക്ഷം കോടി രൂപ ഉറപ്പാക്കുകയും ചെയ്യും.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശ്രീകൃഷ്ണ പ്രതിമ ഉൾക്കൊള്ളുന്ന ദേവഭൂമി ദ്വാരക ഇടനാഴി പശ്ചിമ ഇന്ത്യയിലെ ഏറ്റവും വലിയ ആത്മീയ കേന്ദ്രമായി സ്ഥാപിക്കുമെന്നും ബി ജെ പിയുടെ പ്രകടനപത്രികയിൽ വാഗ്ദ്ധാനം ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here