അസമിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നൽകിയ അയൺ-ഫോളിക് ആസിഡ് ഗുളികകൾ കഴിച്ചതിനെ തുടർന്ന് വിദ്യാർത്ഥികൾ ആശുപത്രിയിൽ. ചറൈഡിയോ ജില്ലയിലെ രണ്ട് സ്കൂളുകളിൽ വിതരണം ചെയ്ത ഗുളിക കഴിച്ച 50 വിദ്യാർത്ഥികൾ ചികിത്സ തേടിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

 

ഖേരാനിപഥർ പ്രൈമറി സ്‌കൂളിലെ 75 വിദ്യാർത്ഥികൾക്കും നിമാലിയ പ്രൈമറി സ്‌കൂളിലെ 26 വിദ്യാർത്ഥികൾക്കും പട്‌സാകു ബ്ലോക്ക് പ്രാഥമികാരോഗ്യ കേന്ദ്രത്തിനു കീഴിലുള്ള ബറ്റൗ ഉപകേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ ഐഎഫ്‌എ ഗുളികകൾ വിതരണം ചെയ്തതായി അധികൃതർ പറഞ്ഞു. കൂടാതെ അധ്യാപകരുടെ സാന്നിധ്യത്തിൽ ഗുളികകൾ വിതരണം ചെയ്യുകയും വെറുംവയറ്റിൽ കഴിക്കരുതെന്ന് കുട്ടികളോട് നിർദേശിക്കുകയും ചെയ്തു.

പിന്നീട് ഓരോ സ്‌കൂളിൽ നിന്നും കുട്ടികൾക്ക് ഛർദ്ദിയും വയറുവേദനയും അനുഭവിക്കുന്നതായി സ്‌കൂൾ അധികൃതരിൽ നിന്ന് ആരോഗ്യസംഘത്തിന് വിവരം ലഭിച്ചു. ഉടൻ തന്നെ സോനാരി സിവിൽ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. പിന്നീട് 48 കുട്ടികളെ കൂടി ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തി. എല്ലാ കുട്ടികളെയും ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here