കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ലുധിയാന കോടതിയില്‍ വന്‍ ബോംബ് സ്‌ഫോടനമുണ്ടായത്. ഒരാള്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ന്യൂഡല്‍ഹി: ലുധിയാന കോടതിയിലെ സ്‌ഫോടനത്തിനു പിന്നിലെ മുഖ്യസൂത്രധാരനും കൊടുംഭീകരനുമായ ഹര്‍പ്രീത് സിംഗ് അറസ്റ്റില്‍. ക്വവാലാലംപൂരില്‍ നിന്ന് മടങ്ങിയെത്തവേ ഡല്‍ഹി ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ വച്ചാണ് ഹര്‍പ്രീതിനെ എന്‍ഐഎ പിടികൂടിയത്.

‘ഹാപ്പി മലേഷ്യ’ എന്നറിയപ്പെടുന്ന ഹര്‍പ്രീത് പഞ്ചാബിലെ അമൃത്സര്‍ സ്വദേശിയാണ്. ഇയാളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് എന്‍ഐഎ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കോടതി ജാമ്യാമില്ലാ വാറന്റ് പുറപ്പെടുവിച്ചതിനു പിന്നാലെ എന്‍ഐഎ ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ലുധിയാന കോടതിയില്‍ വന്‍ ബോംബ് സ്‌ഫോടനമുണ്ടായത്. ഒരാള്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

 

2021 ഡിസംബര്‍ 23ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജനുവരി 13ന് എന്‍ഐഎയ്ക്ക് കൈമാറുകയായിരുന്നു. പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ സിഖ് യൂത്ത് ഫെഡറേഷന്‍ തലവന്‍ ലഖ്ബീര്‍ സിംഗ് റോത്തിന്റെ അനുകൂലിയാണ് ഇയാളെന്ന് എന്‍.ഐ.എ പറയുന്നു. ലഖ്ബീര്‍ സിംഗിനൊപ്പമാണ് ഇയാള്‍ കോടതിയില്‍ സ്‌ഫോടനം നടത്തിയത്.

ലഖ്ബീറിന്റെ നിര്‍ദേശപ്രകാരം പാകിസ്താനില്‍ നിന്ന് എത്തിച്ച ഐഇഡി സ്‌ഫോടക വസ്തുവാണ് കോടതിയില്‍ വച്ചതെന്ന് കണ്ടെത്തിയിരുന്നൂ. സ്‌ഫോടക വസ്തുക്കളുടെയും തോക്ക്, മറ്റ് ആയുധങ്ങള്‍ എന്നിവയുടെ കള്ളക്കടത്ത് അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ഹര്‍പ്രീത്. കേസില്‍ അന്വേഷണം തുടരുകയാണെന്ന് എന്‍ഐഎ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here