ആഷാ മാത്യു

വാര്‍ത്താലോകത്തെ വിശാല വാഹായസ്സില്‍ ആത്മാര്‍പ്പണത്തിന്റെ നക്ഷത്രജ്വാല തെളിക്കുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍ എന്ന വാക്കുകളോടെയാണ് ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക, എറണാകുളം ബോള്‍ഗാട്ടി പാലസ് റിസോര്‍ട്ട് കണ്‍വെന്‍ഷന്‍ സെന്റില്‍ നടന്ന മാധ്യമ പുരസ്‌കാര രാവില്‍ സംഘടനയെ പരിചയപ്പെടുത്തിയത്. പതിവ് പുരസ്‌കാരച്ചടങ്ങുകളില്‍ നിന്ന് വ്യത്യസ്ഥമായി സംഘടിപ്പിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ ആദരിച്ച ‘ഗുരുവന്ദനം’ എന്ന ചടങ്ങ് ഐപിസിഎന്‍എ എന്ന സംഘടനയുടെ ശിരസ്സിലെ പൊന്‍ തൂവലായി മാറിയിരിക്കുകയാണ്.

അതിരുകളില്ലാത്ത വാര്‍ത്താ സംഭരണ ദൗത്യവുമായി ലോകം ചുറ്റിയിരുന്ന മലയാളി മാധ്യമപ്രവര്‍ത്തകരെ കെട്ടുറപ്പിന്റെ മതില്‍ക്കെട്ടിനുള്ളിലാക്കി സംരക്ഷിക്കുന്ന ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക മലയാള മാധ്യമരംഗത്തെ കുലപതികളായിരുന്ന ഗുരുനാഥന്മാരെ ‘ഗുരുവന്ദന’ത്തിലൂടെ ആദരിച്ചപ്പോള്‍ അത് തികച്ചും ഹൃദ്യമായൊരു കാഴ്ചയായി. മുപ്പതും നാല്‍പതും വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാധ്യമരംഗത്ത് തങ്ങളുടെ ശക്തമായ ഇടപെടലുകളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെയാണ് ഐപിസിഎന്‍എ സ്വര്‍ണ്ണപ്പതക്കം നല്‍കി ആദരിച്ചത്.

എണ്‍പതുകള്‍ പിന്നിട്ട കെ.മോഹനന്‍, പി.രാജന്‍, ടി.ജെ.എസ് ജോര്‍ജ്, ബി.ആര്‍.പി.ഭാസ്‌കര്‍ എന്നിവര്‍ പുരസ്‌കാര രാവില്‍ ആദരിക്കപ്പെട്ടപ്പോള്‍ മാധ്യമപ്രവര്‍ത്തനം ജീവിതചര്യയാക്കിയവര്‍ക്ക് അത് മനസ്സ് നിറക്കുന്ന മുഹൂര്‍ത്തമായി. ആരോഗ്യം ക്ഷയിച്ചു തുടങ്ങിയെങ്കിലും ആത്മബലത്തിന് യാതൊരു കുറവും സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു പ്രതിഭകളുടെ മറുപടി പ്രസംഗം. ബാംഗ്ലൂരിലുള്ള ടിജെഎസ് ജോര്‍ജിനും, ചെന്നെയിലുള്ള ബിആര്‍പി ഭാസ്‌കറിനും ചടങ്ങില്‍ സംബന്ധിക്കാന്‍ കഴിഞ്ഞില്ല. ഐപിസിഎന്‍എ ഭാരവാഹികള്‍ ഇരുവരെയും സന്ദര്‍ശിച്ച് സ്വര്‍ണ്ണപ്പതക്കം കൈമാറുമെന്ന് സംഘാടകര്‍ അറിയിച്ചു.

പി രാജന്‍

മലയാള പത്രപ്രവര്‍ത്തനത്തിലെ നിരവധി പുതിയ പ്രവണതകള്‍ക്ക് തുടക്കം കുറിച്ച പ്രഗത്ഭനായ പത്രപ്രവര്‍ത്തകനാണ് പി. രാജന്‍. 1975ല്‍ അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ട കേരളത്തിലെ ആദ്യത്തെ പത്രപ്രവര്‍ത്തകനാണ്. 27 വര്‍ഷം മാതൃഭൂമിയില്‍ രാഷ്ട്രീയ ലേഖകനായും നിയമകാര്യ ലേഖകനായും കോളമിസ്റ്റായും പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് അടിയന്തരാവസ്ഥ ചോദ്യം ചെയ്ത് എഴുതിയ ‘ഇന്ദിരയുടെ അടിയന്തരം’ എന്ന ലേഖനം ഏറെ വിവാദമാകുകയും അദ്ദേഹം അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഇന്ത്യയിലെ ആദ്യത്തെ പ്രസ്‌ക്ലബ്ബ് മന്ദിരം കൊച്ചിയില്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉദ്ഘാടനം ചെയ്യുന്ന സമയത്ത് പി രാജനായിരുന്നു കേരള പത്രപ്രവര്‍ത്തക യൂണിയന്റെ സെക്രട്ടറി.

ടിജെഎസ് ജോര്‍ജ്

രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ച ചുരുക്കം ചില മാധ്യമപ്രവര്‍ത്തകരിലൊരാളാണ് ടിജെഎസ് ജോര്‍ജ്. 1950ല്‍ ബോംബെയിലെ ഫ്രീപ്രസ് ജേണലിലൂടെയാണ് തുടക്കം. മികവുറ്റ എഴുത്തുകാരനെന്ന നിലയില്‍ പ്രസിദ്ധനായ അദ്ദേഹം കോളമിസ്റ്റ്, ജീവചരിത്രകാരന്‍ എന്നീ നിലകളില്‍ അനേകം അനവധി സുപ്രധാന ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. സാമൂഹിക അനീതി, അഴിമതി, രാഷ്ട്രീയ അരാജകത്വം എന്നിവയ്‌ക്കെതിരായ പോരാട്ടം ഇന്നും തുടരുന്ന അതുല്യ പ്രതിഭയാണ് ടിജെഎസ് ജോര്‍ജ്.

കെ. മോഹനന്‍

അടിയന്തരാവസ്ഥക്കാലത്ത് അതിനെതിരെ ശക്തമായി പ്രതികരിച്ച ദേശാഭിമാനിയെന്ന പത്രസ്ഥാപനത്തിന്റെ നട്ടെല്ലായിരുന്നു കെ. മോഹനന്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍. 1960കളിലാണ് കെ. മോഹനന്‍ ദേശാഭിമാനിയില്‍ പ്രവര്‍ത്തിക്കുന്നത്. ഇഎംഎസിനെപ്പോലെയുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന അനേകം മഹത് വ്യക്തികള്‍ക്കൊപ്പം നിന്ന് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിച്ച വ്യക്തി കൂടിയായിരുന്നു കെ മോഹനന്‍. പഴയകാല രാഷ്ട്രീയ പ്രസംഗ വേദികളില്‍ അണികളില്‍ ആവേശമുണര്‍ത്തിയ മികച്ച പ്രാസംഗികന്‍ കൂടിയായിരുന്നു അദ്ദേഹം. മുനവെച്ച ഭാഷാ പ്രയോഗത്തിലൂടെ തീവ്രമായ വാക്ചാതുരികൊണ്ട് അദ്ദേഹം നടത്തിയ ദേശാഭിമാനത്തിന്റെ നിറമുള്ള പ്രസംഗങ്ങള്‍ ഇന്നും മലയാളികളുടെ കാതിലുണ്ട്. പത്രപ്രവര്‍ത്തക രംഗത്തെ ഉരുക്കു മനുഷ്യനായിരുന്ന അദ്ദേഹം സിപിഐഎംലൂടെ ഒരിക്കല്‍ രാജ്യസഭാംഗവുമായിരുന്നു. അനുകരിക്കാനാകാത്ത, മാതൃകയാക്കേണ്ട, കറ പുരളാത്ത ആത്മാര്‍ത്ഥ പ്രവര്‍ത്തനത്തിന്റെ വക്താവായി കെ മോഹനന്‍ തുടരുന്നു.

ബിആര്‍പി ഭാസ്‌കര്‍

ചെന്നെയില്‍ ദി ഹിന്ദുവിന്റെ സഹ പത്രാധിപര്‍, ന്യൂഡല്‍ഹിയില്‍ ദി സ്റ്റേറ്റ്മാന്‍ ഉപ പത്രാധിപര്‍, പാട്രിയേറ്റ് സഹ പത്രാധിപര്‍, ബാംഗ്ലൂരില്‍ ഡെക്കാന്‍ ഹെറാള്‍ഡില്‍ അസോസിയേറ്റ് പത്രാധിപര്‍, ആന്ധ്രാപ്രദേശില്‍ ടൈംസിന്റെ ഡയറക്ടര്‍ കണ്‍സള്‍ട്ടന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ബിആര്‍പി ഭാസ്‌കര്‍ ഇപ്പോള്‍ ഷാര്‍ജയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഗള്‍ഫ് റ്റുഡേ പത്രത്തിന്റെ കോളമിസ്റ്റാണ്. ബിആര്‍പി ഭാസ്‌കറിന്റെ ആത്മകഥ ‘ന്യൂസ് റൂം’ മാധ്യമരംഗത്തിനും സാഹിത്യത്തിനും ലഭിച്ച അപൂര്‍വ്വ സംഭാവനയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here