ഏഷ്യാനെറ്റ് ന്യൂസ് ‘പ്രൗഡ് ടു ബി ആന്‍ ഇന്ത്യന്‍’ സംഘം ജനുവരി 25ന് ഇന്ത്യയിലേക്ക് യാത്രതിരിക്കും. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ കോണ്‍സല്‍ ജനറല്‍ ഡോക്ടര്‍ അമന്‍ പുരി 24ന് വൈകിട്ട് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. 26ന് ദില്ലി കര്‍ത്തവ്യപഥില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിന് സംഘം സാക്ഷ്യം വഹിക്കും. ആയിരത്തി അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്ത പ്രൗഡ് ടു ബി ആന്‍ ഇന്ത്യന്‍ പ്രവേശന പരീക്ഷയില്‍ നിന്നാണ് യാത്രയ്ക്കുള്ള പതിനാറ് വിദ്യാര്‍ഥികളെ തിരഞ്ഞെടുത്തത്.

യുഎഇയിലെ വിവിധ മേഖലകളില്‍ നടന്ന സ്മാര്‍ട് ക്വിസ് വിജയിച്ച നാല് വിദ്യാര്‍ഥികളും, റേഡിയോ ഏഷ്യ നടത്തിയ മല്‍സരത്തില്‍ വിജയിച്ച രണ്ട് പേരും യാത്രാസംഘത്തില്‍ ഇടം നേടി. ഡിമോണ്ട്‌ഫോര്‍ട്ട് യൂണിവേഴ്‌സിറ്റി ദുബായിലായിരുന്നു ഇത്തവണ പ്രവേശന പരീക്ഷ. ഇന്ത്യുടെ ചിരിത്രം വര്‍ത്തമാനം, പൊതുവിജ്ഞാനം എന്നീ മേഖലകളെ അടിസ്ഥാനമാക്കിയായിരുന്നു പ്രവേശപരീക്ഷയിലെ ചോദ്യങ്ങള്‍. ഒഎംആര്‍ സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തില്‍ നാല്‍പത് ചോദ്യങ്ങളായിരുന്നു പ്രവേശനപരീക്ഷയിലുണ്ടായിരുന്നത്. പരീക്ഷ പൂര്‍ത്തിയായി ഒരു മണിക്കൂറിനുള്ളില്‍ വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു. വിജയികള്‍ക്ക് ഏഷ്യാനെറ്റ് ന്യൂസ് ഗ്രൂപ്പ് എഡിറ്റര്‍ മനോജ് കെ ദാസ് ദേശീയ പതാക കൈമാറി.

പ്രവേശന പരീക്ഷയോട് അനുബന്ധിച്ച് പ്രശസ്ത ക്വിസ് മാസ്റ്റര്‍ ചാള്‍സ് ആന്‍ഡ്രൂസ് കുട്ടികള്‍ക്കായി രസകരമായ ക്വിസ് മല്‍സരവും ഒരുക്കിയിരുന്നു. പ്രശസ്ത കരിയര്‍ വിദഗ്ദന്‍ പ്രവീണ്‍ പരമേശ്വറും വിദ്യാര്‍ഥികളുമായി സംവദിച്ചു. പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാട് പ്രൗഡ് ടു ബി ആന്‍ ഇന്ത്യന്‍ പരീക്ഷയില്‍ വിജയിച്ച കുട്ടികളെ അഭിനന്ദിക്കാനെത്തി. ഫൊക്കാന മുന്‍ പ്രസിഡന്റും കേരളാ ടൈംസ് ഓണ്‍ലൈന്‍ പത്രത്തിന്റെ എംഡിയുമായ പോള്‍ കറുകപ്പിള്ളില്‍ വിജയികളായ കുട്ടികളെ അനുമോദിച്ചു.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മേഖലാ തല ക്വിസ് മല്‍സരങ്ങള്‍ വഴിയും പ്രൗഡ് ടു ബി ആന്‍ ഇന്ത്യന്‍ സംഘത്തിലേക്കുള്ള വിദ്യാര്‍ഥികളെ കണ്ടെത്തി. ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ എന്നിവിടങ്ങളിലായിരുന്നു മേഖലാ ക്വീസ് മല്‍സരങ്ങള്‍ നടത്തിയത്. 2013ല്‍ ആരംഭിച്ച പ്രൗഡ് ടു ബി ആന്‍ ഇന്ത്യന്‍ യാത്രയുടെ ഒമ്പതാം പതിപ്പാണ് ഇത്തവണ നടക്കുന്നത്. ഗള്‍ഫില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡ് വീക്ഷിക്കുന്നതിനും ഇന്ത്യയിലെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനുമുള്ള അവസരമാണ് പ്രൗഡ് ടു ബി ആന്‍ ഇന്ത്യന്‍ വഴി ലഭിക്കുന്നത്.

യാത്രയുടെ ചിലവ് പൂര്‍ണമായി ഏഷ്യാനെറ്റ് ന്യൂസ് വഹിക്കും. വിദ്യാര്‍ഥികള്‍ക്കൊപ്പം അധ്യാപകര്‍ക്കും യാത്രയില്‍ പങ്കാളികളാകാന്‍ അവസരമുണ്ട്. കോവിഡ് മൂലം രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് പ്രൗഡ് ടു ബി ആന്‍ ഇന്ത്യന്‍ വീണ്ടുമെത്തുന്നത്. ഇക്വിറ്റി പ്ലസ് അഡ്വര്‍ടൈസിങ് ആണ് പരിപാടിയുടെ ഏകോപനം നിര്‍വഹിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here