ചിക്കാഗോ: വടക്കേ അമേരിക്കയിലെ ക്‌നാനായ കാത്തലിക് റീജിയണിലെ പ്രസിദ്ധീകരണമായ നുഹറ മാസികയുടെ അഞ്ചാം വാര്ഷികത്തോടനുബന്ധിച്ചു നടത്തിയ യൂകരിസ്റ്റിക് മിറാക്കിൾസ് ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു. രമ്യാ റോബിൻ കട്ടപ്പുറത്ത് റോക്‌ലാൻഡ് ന്യൂയോർക്, ഫിലിപ്പ് എബ്രഹാം നെടുംതുരുത്തിൽ പുത്തൻപുരയിൽ ചിക്കാഗോ, ആൻസിൻ ജോസ് താന്നിച്ചുവട്ടിൽ ഹൂസ്റ്റൺ എന്നിവരാണ് വിജയികൾ.
നുഹറ മാസികയിൽ കഴിഞ്ഞ അഞ്ചു വർഷക്കാലം പ്രസിദ്ധീകരിച്ച യൂകരിസ്റ്റിക് മിറാക്കിൾസ് പരമ്പരയെ ആസ്പദമാക്കിയാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. ജെയിംസ് കുന്നശ്ശേരി ചിക്കാഗോ ക്വിസ് മാസ്റ്ററായി പ്രവർത്തിച്ചു. ക്‌നാനായ കാത്തലിക് റീജിയന്റെ ആത്മീയ പ്രസിദ്ധീകരണമായ നുഹറ മാസിക, 2017 ജനുവരി മുതൽ എല്ലാ മാസവും മുടക്കമില്ലാതെ പ്രസിദ്ധീകരിച്ചു വരുന്നു.
ഈടുറ്റ ലേഖനങ്ങളും ആത്മീയ പരമ്പരകളുമായി ഇറങ്ങുന്ന ഈ ഇലക്ട്രോണിക് മാസിക ഇപ്പോൾ യുവജനങ്ങളുടേയും മുതിർന്നവരുടേയും പ്രിയപ്പെട്ട പ്രസിദ്ധീകരണമായി മാറികഴിഞ്ഞു. മാനേജിങ് എഡിറ്റർ മോൺ. തോമസ് മുളവനാൽ, ചീഫ് എഡിറ്റർ ഡോ. ബിബിത സിജോയ് പറപ്പള്ളിൽ എന്നിവരുടെ നേതൃത്വത്തിലുള്ള എഡിറ്റോറിയൽ ടീമാണ് നുഹറ മാസിക തയാറാക്കുന്നത്.