
1,262 പേജ് വരുന്നതാണ് കുറ്റപത്രം. ജയ്‌സൂക് പട്ടേല്‍ ഒളിവിലാണെന്നും അയാളെ എത്രയും വേഗം അറസ്റ്റു ചെയ്യാന്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും മുതിര്‍ന്ന പോലീസ് ഓഫീസര്‍ അശോക് കുമാര്‍ പറഞ്ഞൂ.
അഹമ്മദാബാദ്: ഗുജറാത്തിലെ മോര്‍ബിയില്‍ ബ്രിട്ടീഷ് കാലത്തെ തൂക്കുപാലം അപകടത്തില്‍പെട്ട് 135 പേര്‍ കൊല്ലപ്പെട്ട കേസില്‍, പാലം അറ്റക്കുറ്റപ്പണിക്ക് കരാര്‍ എടുത്തിരുന്ന കമ്പനി മേധാവിയെ ഒന്നാം പ്രതിയാക്കി കുറ്റപത്രം. ഒറെവ ഗ്രൂപ്പ് പ്രൊമോട്ടറും അജന്ത മാനുഫാക്ടറിംഗ് ലിമിറ്റഡിന്റെ എംഡിയുമായ ജയ്‌സൂക് പട്ടേലിനെ പ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരുക്കുന്നത്. ഒക്‌ടോബറില്‍ നടന്ന അപകടത്തിനു ശേഷം ഇദ്ദേഹം ഒളിവിലാണ്. കഴിഞ്ഞയാഴ്ച ഇദ്ദേഹത്തിനെതിരെ അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചിരുന്നു. ഇക്കഴിഞ്ഞ 16ന് അദ്ദേഹം മുന്‍കൂര്‍ ജാമ്യാേപക്ഷയുമായി കോടതിയെ സമീപിച്ചിട്ടുണ്ട്.
1,262 പേജ് വരുന്നതാണ് കുറ്റപത്രം. ജയ്‌സൂക് പട്ടേല്‍ ഒളിവിലാണെന്നും അയാളെ എത്രയും വേഗം അറസ്റ്റു ചെയ്യാന്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും മുതിര്‍ന്ന പോലീസ് ഓഫീസര്‍ അശോക് കുമാര്‍ പറഞ്ഞൂ.
അജന്ത ബ്രാന്‍ഡില്‍ ചുവര്‍ ക്ലോക്കുകള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ് ഒറെവ ഗ്രൂപ്പ്. മാച്ചാച്ചു നദിക്കു കുറുകെയുള്ള 100 വര്‍ഷത്തിലേറെ പഴക്കമുള്ള പാലത്തിന്റെ പുനരുദ്ധാരണവും പ്രവര്‍ത്തനവും പരിപാലനവും അടക്കമുള്ള ചുമതലയാണ് ഒറെവയ്ക്ക് കൈമാറിയത്. ഒക്‌ടോബര്‍ 30നാണ് പരിധിയില്‍ കൂടുതല്‍ ആളുകള്‍ കയറിയതോടെ പാലം തകര്‍ന്നുവീണത്.
കമ്പനി വലിയ വീഴ്ചകള്‍ വരുത്തിയതായി സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അപട സമയത്ത് 300 പേര്‍ പാലത്തിലുണ്ടായിരുന്നുവെന്നാണ് കണ്ടെത്തല്‍. 10 പ്രതികളുള്ള കേസില്‍ ഒമ്പത് പേരും നേരത്തെ അറസ്റ്റിലായിരുന്നു. സബ് കോണ്‍ട്രാക്ടര്‍മാര്‍, ജോലിക്കാര്‍, ടിക്കറ്റ് ക്ലാര്‍ക്ക് തുടങ്ങിയവരാണ് അറസ്റ്റിലായത്. എന്നാല്‍ വമ്പന്‍ സ്രാവ് മുങ്ങിയെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.