1960 സെപ്തംബറില്‍, ഒമ്പത് വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സിന്ധു നദീജല കരാര്‍ ഇന്ത്യയും പാകിസ്താനും ഒപ്പുവച്ചത്.

ന്യൂഡല്‍ഹി: 1960ലെ സിന്ധു നദീജല കരാറില്‍ പരിഷ്‌കരണം ആവശ്യപ്പെട്ട് പാകിസ്താന് ഇന്ത്യ നോട്ടീസ് നല്‍കി. കരാര്‍ നടപ്പാക്കുന്നതില്‍ പാകിസ്താന്‍ കാണിക്കുന്ന മര്‍ക്കടമുഷ്ടി ചോദ്യം ചെയ്താണ് നോട്ടീസ്. ജനുവരി 25ന് സിന്ധു നദീജല കമ്മീഷണര്‍മാര്‍ വഴിയാണ് നോട്ടീസ് നല്‍കിയത്. ഉടമ്പടി കരാറിലെ വ്യവസ്ഥകള്‍ പ്രകാരമാണ് നടപടി.

ഉടമ്പടി കരാറില്‍ വരുത്തിയ ലംഘനങ്ങള്‍ പരിഹരിക്കാന്‍ പാകിസ്താന് 90 ദിവസത്തിനുള്ളില്‍ ഉഭയകക്ഷി ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നതിന് അവസരമൊരുന്നതാണ് ഈ നോട്ടീസെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. 62 വര്‍ഷം കൊണ്ട് നേടിയ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഉടമ്പടി പരിഷ്‌കരിക്കുന്നതിനുള്ള നടപടിക്രമമാണിതെന്നും ഇന്ത്യ വ്യക്തമാക്കുന്നു.

 

കിഷെന്‍ഗംഗ, റാട്ട്‌ലെ ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ടുകളുമായി ബന്ധപ്പെട്ട പ്രശ്‌ന പരിഹാരത്തിന് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യ നടത്തിയ പരിശ്രമങ്ങള്‍ പാകിസ്താന്‍ നിരസിച്ചതോെടയാണ് ഈ നടപടി ആവശ്യമായി വന്നത്. ഇരു പദ്ധതികളുടെയും പ്രശ്‌നം ഒരു നിഷ്പക്ഷ ഏജന്‍സി പരിശോധിക്കട്ടെയെന്ന് പാകിസ്താന്‍ 2015ല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിറ്റേവര്‍ഷം പാകിസ്താന്‍ തന്നെ ഏകപക്ഷീയമായി ഈ ആവശ്യം പിന്‍വലിച്ചു. പാക് നിലപാടിന് അനുസരിച്ചുള്ള ഒരു ആര്‍ബിട്രേഷന്‍ കോര്‍ട്ട് പരിശോധിക്കട്ടെയെന്നായിരുന്നു പിന്നീട് മുന്നോട്ടുവച്ച നിര്‍ദേശം.

എന്നാല്‍ നിഷ്പക്ഷമായ ഒരു വിദഗ്ധ സമിതി വിഷയം പരിശോധിക്കട്ടെ എന്ന നിലപാടില്‍ ഇന്ത്യ ഉറച്ചുനില്‍ക്കുകയായിരുന്നു. 1960 സെപ്തംബറില്‍, ഒമ്പത് വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സിന്ധു നദീജല കരാര്‍ ഇന്ത്യയും പാകിസ്താനും ഒപ്പുവച്ചത്. ഇരുരാജ്യങ്ങളിലുടെ കടന്നുപോകുന്ന വിവിധ നദികളിലെ ജലം പങ്കിടുന്നതുമായി ബന്ധപ്പെട്ടാണ് കരാര്‍. ലോകബാങ്ക് ആയിരുന്നു ഉടമ്പടിയില്‍ മധ്യസ്ഥനായി ഒപ്പുവച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here