ന്യൂഡൽഹി: ടിക്കറ്റെടുത്ത യാത്രക്കാരെ കയറ്റാതെ വിമാനം യാത്ര പുറപ്പെട്ട സംഭവത്തില്‍ ഗോ ഫസ്റ്റ് വിമാനത്തിന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ എവിയേഷന്‍ (ഡിജിസിഎ) 10 ലക്ഷം രൂപ പിഴ ചുമത്തി. വിമാനക്കമ്പനിയുടെ ഭാഗത്തു ഗുരുതര വീഴ്ചയുണ്ടായെന്നു ഡിജിസിഎ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായതോടെയാണു നടപടി.
ടെര്‍മിനല്‍ കോഓര്‍ഡിനേറ്ററുമായുള്ള ആശയവിനിമയത്തില്‍ വിമാനക്കമ്പനി ജീവനക്കാരുടെ ഭാഗത്തുനിന്നു വന്‍വീഴ്ചയുണ്ടായി. വേണ്ടത്ര ഗ്രൗണ്ട് ഹാന്‍ഡിലിങ് ജീവനക്കാരെ നിയമിക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
ജനുവരി 9നു ബെംഗളുരുവില്‍നിന്നു ഡല്‍ഹിയിലേക്കു പോയ ഗോ ഫസ്റ്റിന്റെ ജി8–116 വിമാനമാണു ടിക്കെറ്റെടുത്ത 55 യാത്രക്കാരെ കയറ്റാതെ പറന്നത്. തൊട്ടടുത്ത ദിവസംതന്നെ ഡിജിസിഎ ഗോ ഫസ്റ്റിനോട് വിശദീകരണം ചോദിച്ചിരുന്നു.