നോര്‍ത്ത് കരോലിനയില്‍ സിക്ക് ഗുരുദ്വാരയ്ക്കു നേരെ വീണ്ടും അജ്ഞാതരുടെ ആക്രമണം. ഷാര്‍ലറ്റിയിലെ ആരോവൂഡ് റോഡിലുള്ള ഗുരുദ്വാര സാഹിബ് ഖല്‍സ ദര്‍ബാറിന്റെ ജനാലകളും ലൈറ്റുകളും സെക്യൂരിറ്റി ക്യാമറകളും ആക്രമണങ്ങളില്‍ തകര്‍ന്നു. ആക്രമണം നടക്കുമ്പോള്‍ ഗുരുദ്വാരയില്‍ ആരും ഉണ്ടായിരുന്നില്ല. കഴിഞ്ഞ ശരത്കാലത്താണ് ഗുരുദ്വാരയ്ക്കു നേരെ ആക്രമണം തുടങ്ങിയതെന്നു സിക്ക് സമുദായ അംഗമായ അജയ് സിംഗ് ഷാര്‍ലറ്റി ഒബ്‌സെര്‍വേര്‍ പത്രത്തോട് പറഞ്ഞു.

ആദ്യം ചവറു കൊണ്ടു വന്നിടുകയാണു ചെയ്തത്. ജനുവരി 3 നു പ്രാര്‍ഥനാ മുറിയുടെ അടുത്തുള്ള ജനാല തകര്‍ത്തു. രണ്ടു ദിവസം കഴിഞ്ഞു കുട്ടികളുടെ മുറിക്കടുത്തും. സിക്ക് കമ്യൂണിറ്റി പരാതി നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ അന്വേഷണം നടന്നിട്ടില്ലെന്നും ഷാര്‍ലറ്റി ഒബ്‌സെര്‍വേര്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിസംബര്‍ 1 നും ജനുവരി 13 നും ഇടയില്‍ ഇങ്ങനെയൊരു പരാതി തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

ആരാണ് ഇതൊക്കെ ചെയ്യുന്നതെന്നും എന്തിനാണെന്നും കണ്ടു പിടിക്കേണ്ടതു പോലീസ് ആണെന്ന് അജയ് സിംഗ് പറഞ്ഞു. ആക്രമണം എന്തിനാണെന്ന് വ്യക്തമല്ല. പോലീസുകാര്‍ക്കും സിക്കുകാര്‍ ആരാണെന്നു അറിയില്ല. അപ്പോള്‍ പിന്നെ സിക്ക് ക്ഷേത്രത്തില്‍ ആക്രമണം എന്നു പറഞ്ഞാല്‍ അവര്‍ എന്തു മനസിലാക്കാനാണ് എന്നും അജയ് സിംഗ് ചോദിച്ചു.

തങ്ങള്‍ ഇവിടെ ഒരു കൊച്ചു സമൂഹമാണെന്നും ഞെട്ടിക്കുന്ന സംഭവമാണ് നടക്കുന്നതെന്നും സിംഗ് പറഞ്ഞു. 2021 ലെ കമ്മ്യൂണിറ്റി സര്‍വേ അനുസരിച്ചു സംസ്ഥാനത്തെ 10.5 മില്യണ്‍ ജനസംഖ്യയില്‍ സിക്കുകാര്‍ വെറും 6,900 മാത്രമാണ്. കേടുപാടുകള്‍ തീര്‍ക്കാനും സുരക്ഷാ വേലിയും ഗേറ്റും വയ്ക്കാനും ഗുരുദ്വാര അംഗങ്ങള്‍ ഗോഫണ്ട്മി പേജ് ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here