ന്യൂയോർക്ക്: യു.എസിൽ അലാസ്കയ്ക്ക് മുകളിൽ ആകാശത്ത് 40,000 അടി ഉയരത്തിൽ പറന്ന അജ്ഞാത പേടകം പ്രസിഡന്റ് ജോ ബൈഡന്റെ നിർദ്ദേശ പ്രകാരം സൈന്യം വെടിവച്ച് വീഴ്ത്തി. ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ 12.15നാണ് എഫ് – 22 യുദ്ധവിമാനത്തിൽ നിന്ന് വിക്ഷേപിച്ച സൈഡ്‌വിൻഡർ മിസൈൽ പേടകത്തെ തകർത്തത്. പേടകം വിമാനമാണോ ഡ്രോണാണോ അതോ മറ്റെന്തെങ്കിലുമാണോ എന്ന് വ്യക്തമാക്കിയിട്ടില്ല. വ്യോമഗതാഗതത്തിന് ഭീഷണിയാണെന്ന് കണ്ടതോടെയാണ് വെടിവച്ച് വീഴ്ത്താൻ തീരുമാനിച്ചതെന്ന് വൈറ്റ് ഹൗസ് വക്താവ് ജോൺ കിർബി പറഞ്ഞു.

ഇതിന്റെ ലക്ഷ്യമോ ഉത്ഭവമോ വ്യക്തമല്ല. തങ്ങളുടെ വ്യോമപരിധിയിൽ പ്രവേശിച്ച ചൈനീസ് ചാര ബലൂണിനെ കഴിഞ്ഞാഴ്ച യു.എസ് വെടിവച്ച് വീഴ്ത്തിയിരുന്നു. വടക്കൻ അലാസ്കൻ തീരത്ത് കൂടി ഉത്തര ധ്രുവം ലക്ഷ്യമാക്കി നീങ്ങവെ ബോഫട്ട് കടലിന് മുകളിൽ വച്ചാണ് വെടിവച്ചത്. അവശിഷ്ടങ്ങൾ താരതമ്യേന കുറവായിരുന്നു. ഇവ ശേഖരിച്ച് പരിശോധനയ്ക്ക് വിധേയമാക്കും. വ്യാഴാഴ്ച രാത്രിയാണ് പേടകം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.

പേടകത്തിന്റെ അടുത്തേക്ക് യു.എസ് എയർഫോഴ്സിന്റെ രണ്ട് വിമാനങ്ങൾ എത്തുകയും അതിന്റെ ഉള്ളിൽ ആരുമില്ലെന്ന് ഉറപ്പിക്കുകയും ചെയ്തിരുന്നു. നിരീക്ഷണ പേടകമായിരുന്നോ എന്ന് വ്യക്തമല്ല. അതേ സമയം, കനേഡിയൻ അതിർത്തിയിൽ നിന്ന് 130 മൈൽ അകലത്തിൽ വച്ചാണ് പേടകത്തെ വെടിവച്ച് വീഴ്ത്തിയത്. യു.എസിന്റെ തീരുമാനത്തെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പിന്തുണച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here