ന്യൂജഴ്‌സി: നാമം (നോര്‍ത്ത് അമേരിക്കന്‍ മലയാളീസ് ആന്റ് അസോസിയേറ്റഡ് മെംബേഴ്‌സ്) 2023 ഭാരവാഹികളുടെ സ്ഥാനാരോഹണവും വാലന്റൈന്‍സ് ദിനാഘോഷവും അമേരിക്കന്‍ ലീജിയന്‍ ഹാളില്‍ നടന്നു. നാമം 2023 ലെ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട ഡോ. ആശ മേനോന്‍ (പ്രസിഡന്റ്), പ്രദീപ് മേനോന്‍ (വൈസ് പ്രസിഡന്റ്), സുജ നായര്‍ ഷിരോഡ് (സെക്രട്ടറി), കല നായര്‍ (വുമണ്‍സ് ഫോറം ചെയര്‍), രേഖ നായര്‍ (കള്‍ച്ചറല്‍ സെക്രട്ടറി), ഡോ. ലതാ നായര്‍ (യൂത്ത് ആന്റ് സ്‌കില്‍സ് ഡവലപ്പ്‌മെന്റ് ചെയര്‍), സിറിയക് എബ്രഹാം (ലൈസണ്‍ ഓഫീസര്‍), സജിത് ഗോപിനാഥ് (എക്‌സ് ഒഫീഷ്യോ) എന്നിവരും എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായി പ്രിയ സുബ്രഹ്‌മണ്യം, വിദ്യാ സുധി, സത്യ, ബിന്ദു സത്യ, അഭിജിത് ശിരോദ്ഘര്‍ എന്നിവരും സ്ഥാനമേറ്റു.നാമം: പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു, വാലന്റൈന്‍സ് ദിനം ആഘോഷിച്ചു

ഡോ. തങ്കമണി അരവിന്ദന്‍, അജിത് ഹരിഹരന്‍ എന്നിവരെ നാമം ടീമിന്റെ പരിശീലന മാര്‍ഗ്ഗദര്‍ശികളായി നിയമിച്ചു. പാരസ്പര്യത്തിലൂടെയും സഹകരണത്തിലൂടെയും അംഗങ്ങളുടെ ക്ഷേമവും സാംസ്‌ക്കാരിക അഭ്യുന്നതിയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന നാമം ഇനിയും കലാനുസൃതമായ പദ്ധതികളും ആശയങ്ങളും ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുമെന്നും സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ചെയര്‍മാന്‍ മാധവന്‍ ബി നായര്‍ പറഞ്ഞു.

സംഘടനയ്ക്ക് സജീവ നേതൃത്വം നല്‍കിയ 2022 ലെ പ്രസിഡന്റ് സജിത് ഗോപിനാഥിന്റെയും മറ്റ് ഭാരവാഹികളുടെയും പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായിരുന്നുവെന്നും അദ്ദേഹം ആദരിക്കല്‍ ചടങ്ങില്‍ അനുസ്മരിച്ചു. പുതിയ പ്രസിഡന്റായി സ്ഥാനമേറ്റ ഡോ. ആശാ മേനോനെയും ഭാരവാഹികളേയും അദ്ദേഹം അനുമോദിച്ചു. ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറി കൂടിയായ മാധവന്‍ ബി നായരുടെ നേതൃത്വത്തിലും മേല്‍നോട്ടത്തിലുമായിരുന്നു നടന്നത്.

പുതിയ ഭാരവാഹികളെയും വിജയികളെയ്യം ആശംസാ പ്രസംഗത്തില്‍ തോമസ് മുട്ടക്കല്‍ അനുമോദിച്ചു. സജി പോത്തന്‍ (ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍), ഷാജി വര്‍ഗീസ് (ഫൊക്കാന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), ഫിലിപ്പോസ് ഫിലിപ്പ് (ഫൊക്കാന മുന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍) എന്നിവരും സംസാരിച്ചു. ഡോ.ഗീതേഷ് തമ്പി സ്വാഗതവും തസെല്‍ മേനോന്‍ നന്ദിയും പറഞ്ഞു.

വിവിധ മേഖലകളില്‍ മികച്ച നേട്ടം കൈവരിച്ച അംഗങ്ങളെയും കുട്ടികളെയും ചടങ്ങില്‍ ആദരിച്ചു. നാമം സംഘടിപ്പിച്ച വാലന്റൈന്‍സ് ദിനാഘോഷങ്ങള്‍ വ്യത്യസ്തങ്ങളായ കലാവിരുന്നിനാല്‍ വര്‍ണ്ണാഭമായിരുന്നു. കലാ പരിപാടികള്‍ അവതരിപ്പിച്ച കലാകാരന്‍മാര്‍ക്കും കലാകാരികള്‍ക്കും ചെയര്‍മാന്‍ മാധവന്‍ ബി നായര്‍ പുരസ്‌കാരങ്ങള്‍ നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here