ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള ജിഎസ്ടി നഷ്ട പരിഹാരം ഉടന്‍ കൊടുത്ത് തീര്‍ക്കുമെന്ന് ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. കുടിശ്ശിക തീര്‍ത്ത് സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള 16,982 കോടി രൂപ വിതരണം ചെയ്യുമെന്ന് ഇന്ന് ചേര്‍ന്ന 49ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. എജി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന മുറയ്ക്ക് കേരളത്തിന്‍റെ കുടിശിക ഉടന്‍ നല്‍കും.

കേന്ദ്രത്തിന്റെ നഷ്ടപരിഹാര ഫണ്ടില്‍ നിലവില്‍ ഇത്രയും പണം ഇല്ലെങ്കിലും കേന്ദ്രത്തിന്റെ മറ്റു വരുമാന മാര്‍ഗങ്ങളില്‍ നിന്നാണ് തുക നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു. അഞ്ച് വര്‍ഷത്തെ ജിഎസ്ടി നഷ്ടപരിഹാരമാണ് സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാകാന്‍ പോകുന്നത്. ഈ തുക ഭാവിയിലെ നഷ്ടപരിഹാര സെസ് പിരിക്കുമ്പോള്‍ അതില്‍ നിന്ന് തിരിച്ചു പിടിക്കുമെന്നും ഇവര്‍ അറിയിച്ചു.

ജിഎസ്ടി നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നിരന്തരമായി കേന്ദ്രവുമായി ചര്‍ച്ചയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഇതിനിടയില്‍ നഷ്ടപരിഹാരം കണക്കാക്കിയതില്‍ പിഴവുണ്ടെന്ന് തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങള്‍ ആരോപിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.

2017 ലാണ് ജിഎസ്ടി നിലവില്‍ വരുന്നത്. ഇതിനെ തുടര്‍ന്ന് നികുതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന വരുമാന നഷ്ടം 5 വര്‍ഷത്തേക്ക് നല്‍കുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയിരുന്നു. ഉല്‍പ്പന്നങ്ങളുടെ മേല്‍ ചുമത്തുന്ന സെസ് വഴിയാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നഷ്ടപരിഹാരം നല്‍കികൊണ്ടിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here