യുഎസ്-ഇസ്രയേലി ഇരട്ട പൗരത്വമുള്ള യുവാവ് അധിനിവേശ വെസ്റ്റ് ബാങ്കില്‍ പലസ്തീനിയന്റെ വെടിയേറ്റു മരിച്ചതായി ഇസ്രയേലിലെ യുഎസ് അംബാസഡര്‍ ടോം നൈഡസ് സ്ഥിരീകരിച്ചു. പലസ്തീന്‍ പ്രദേശമായ ജെറിക്കോയില്‍ വച്ച് ഹൈവേയില്‍ സഞ്ചരിക്കുമ്പോള്‍ കാറില്‍ വന്ന അക്രമികള്‍ 27 വയസുള്ളയാളെ വെടിവയ്ക്കുകയായിരുന്നു. കൊലയാളി ഓടി രക്ഷപ്പെട്ടതായി അംബാസഡര്‍ പറഞ്ഞു.

ഇസ്രയേലി-പലസ്തിനിയന്‍ സംഘര്‍ഷം മുറുകി നില്‍ക്കെ ഞായറാഴ്ച രണ്ടു യഹൂദ സഹോദരന്മാരെ ഹുവാറയില്‍ പലസ്തിന്‍ തീവ്രവാദികള്‍ വെടിവച്ചു കൊന്നിരുന്നു. അതേ തുടര്‍ന്ന് ഇസ്രയേല്‍ കൈയ്യടക്കി വച്ചിട്ടുള്ള പലസ്തിനിയന്‍ പ്രദേശമായ വെസ്റ്റ് ബാങ്കിലേക്ക് ഇസ്രയേല്‍ സുരക്ഷാ സേനയെ അയച്ചു. ഹുവാറയില്‍ അധിനിവേശ ഭൂമിയില്‍ ഇസ്രയേല്‍ നിര്‍മിച്ചിട്ടുള്ള കോളനികളില്‍ ജീവിക്കുന്നവര്‍ അക്രമാസക്തരായി. അവര്‍ നിരവധി പലസ്തിനിയന്‍ വീടുകള്‍ കത്തിച്ചു. നൂറിലേറെ പേര്‍ക്ക് പരുക്കേറ്റു.

പലസ്തീന്‍ നഗരമായ നബിലസില്‍ ഇസ്രയേലികള്‍ ചൊവാഴ്ച 10 പേരെ കൊലപ്പെടുത്തി. മുന്‍പൊരിക്കലും ഉണ്ടാവാത്ത തീവയ്പിനെയും പലസ്തിനിയന്‍ അക്രമങ്ങളെയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അപലപിച്ചു. ഇസ്രയേലികള്‍ നടത്തിയ വ്യാപകവും വിവേകരഹിതവുമായ അക്രമങ്ങളില്‍ മുന്നൂറോളം പേര്‍ക്ക് പരുക്കേറ്റുവെന്നു യുഎസ് വിദേശകാര്യ വകുപ്പ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. ഇസ്രയേലി സര്‍ക്കാര്‍ കുറ്റക്കാരെ ശിക്ഷിക്കണമെന്നാണ് യുഎസ് ആവശ്യപ്പെടുന്നത്. ഇസ്രയേലും പലസ്തീനും ഒന്നിച്ചിരുന്നു പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here