ദില്ലി: വിവാദ വ്യവസായി വിജയ് മല്യയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി. വിദേശകാര്യമന്ത്രാലയമാണ് പാസ്‌പോര്‍ട്ട് റദ്ദ് ചെയ്തത്. നേരത്തെ വിജയ്മല്യയുടെ പാസ്‌പോര്‍ട്ട് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പാസ്‌പോര്‍ട്ട് ആക്ട് സെക്ഷന്‍ 10(3)(c) , (h) എന്നിവ പ്രകാരം പാസ്‌പോര്‍ട്ട് റദ്ദു ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. മല്യയുടെ ഇന്ത്യയിലേക്കുള്ള മടങ്ങിവരവുമായി ബന്ധപ്പെട്ട് മന്ത്രാലയം നിയമോപദേഷ്ടകരുടെ സഹായം തേടിയിട്ടുണ്ട്. ലണ്ടനില്‍ മല്യ തമാസിക്കുന്നത് അനധികൃതമായാണെന്നും ഉടന്‍ ഇന്ത്യയിലേക്ക് തിരിച്ചുവരവിനുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

വിജയ് മല്യയ്‌ക്കെതിരെ മുംബൈയിലെ സാമ്പത്തിക കുറ്റകൃത്യ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരമാണ് കോടതി നടപടി. ചൂതാട്ട നിരോധന നിയമപ്രകാരമാണ് കോടതിയുടെ നടപടി.

ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് കാട്ടി വിജയ് മല്യയ്ക്ക് മൂന്ന് തവണ ഇ ഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ വിദേശത്തേക്ക് മുങ്ങിയ വിജയ് മല്യ ഹാജരായില്ല. ഇതേതുടര്‍ന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയത്. തുടര്‍ന്നാണ് കോടതി മല്യയ്‌ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. തുടര്‍ച്ചയായി സമന്‍സ് അയച്ചിട്ടും മല്യ അന്വേഷണ ഏജന്‍സിക്കു മുമ്പാകെ ഹാജരായിട്ടുമില്ല. മൂന്ന് തവണയാണ് മല്യക്ക് ഇഡി സമന്‍സ് അയച്ചത്. ഏപ്രില്‍ ഒമ്പതിന് ഹാജരാവാനായിരുന്നു അവസാനത്തെ നോട്ടീസ്.

വായ്പതട്ടിപ്പു കേസുമായി ബന്ധപ്പെട്ട് 9000 കോടി രൂപയാണ് വിജയ് മല്യ രാജ്യത്തെ വിവധ ബാങ്കുകളിലായി തിരിച്ചടക്കാനുള്ളത്.