കേംബ്രിഡ്ജ് പ്രസംഗത്തിൽ രാഹുൽ ഗാന്ധിക്കെതിരായ ആക്രമണം കടുപ്പിച്ച് ബിജെപി. ഇന്ത്യയിൽ ജനാധിപത്യമല്ല മറിച്ച് കോൺഗ്രസ് പാർട്ടിയാണ് അപകടത്തിലായതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വീട്ടിലെ വഴക്കുകൾ പുറത്ത് പറയരുതെന്നാണ് നമ്മൾ കുട്ടികളെ പഠിപ്പിക്കുന്നത്. എന്നാൽ രാഹുൽ തിരിച്ചാണ് ചെയ്തതെന്നും കേന്ദ്ര വനിതാ-ശിശു വികസന, ന്യൂനപക്ഷകാര്യ മന്ത്രി പറഞ്ഞു.
ഇന്ത്യാ ടുഡേ കോൺക്ലേവിൽ സംസാരിക്കുന്നതിനിടെയാണ് സ്മൃതി ഇറാനിയുടെ രൂക്ഷ വിമർശനം. എല്ലാ അമ്മമാരും കുട്ടികളോട് പുറത്ത് പോയി വഴക്കിടരുതെന്നും വീട്ടിലെ വഴക്കുകൾ പുറത്ത് പറയരുതെന്നും പഠിപ്പിക്കാറുണ്ട്. എന്നാൽ രാഹുൽ ഗാന്ധി എന്താണ് ചെയ്തത്? ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ തനിക്കിത് അംഗീകരിക്കാൻ കഴിയുന്നില്ല. ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുന്ന സമയത്താണ് ഇത്തരം പ്രസ്താവനകൾ പുറത്തുവരുന്നതെന്നും സ്മൃതി ഇറാനി കുറ്റപ്പെടുത്തി.
2019 തെരഞ്ഞെടുപ്പിൽ അമേഠിയിൽ നിന്നും താൻ അനായാസം വിജയിച്ചു. രാഹുൽ ഗാന്ധി ഒരു കനത്ത എതിരാളിയെ അല്ലായിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുര, നാഗാലാൻഡ്, മേഘാലയ എന്നിവിടങ്ങളിലെ സമീപകാല തെരഞ്ഞെടുപ്പ് ഫലങ്ങളിൽ നിന്ന് കോൺഗ്രസ് പാഠം പഠിക്കണം. ന്യൂഡൽഹിയിൽ നടന്ന ഇന്ത്യാ ടുഡേ കോൺക്ലേവിൽ ഹിന്ദുത്വത്തെക്കുറിച്ചും പുതിയ ഇന്ത്യയെക്കുറിച്ചും സ്മൃതി ഇറാനി സംസാരിച്ചു.