ചെന്നൈ: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിലൂടെ ബിജെപി ജനാധിപത്യത്തിന്റെ മരണമണി മുഴക്കിയെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. അപ്പീൽ നൽകുന്നതിന് മുൻപ് തന്നെ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയത് വഴി ജനപ്രതിനിധിയുടെ അവകാശങ്ങൾ തട്ടിയെടുക്കുകയാണെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു.

 

ബിജെപി സമ്പൂർണ ഏകാധിപത്യത്തിലേയ്ക്ക് അതിവേഗം രൂപാന്തരം പ്രാപിക്കുകയാണ്. ഇത്തരം ഏകാധിപതികളുടെ ഭാവി ചരിത്രത്തിൽ വ്യക്തമാണെന്നും എം കെ സ്റ്റാലിൻ തുടർന്നു. രാഹുൽ ഗാന്ധി ഭാരത് ജോ‌‌ഡോ യാത്രയിലൂടെ നേടിയെടുത്ത വ്യക്തിപ്രഭാവം ബിജെപിയെ ഭയപ്പെടുത്തുന്നുവെന്നും അതിനാൽ അദ്ദേഹം വീണ്ടും പാർലമെന്റിൽ പ്രവേശിക്കുന്നതിന് തടയിടാനാണ് അയോഗ്യനാക്കിയതെന്നും ഡിഎംകെ നേതാവ് ആരോപിച്ചു. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിലൂടെ ജനാധിപത്യം എന്ന വാക്ക് ഉച്ഛരിക്കാനുള്ള അവകാശം ബിജെപിയ്ക്ക് നഷ്ടമായെന്നും എം കെ സ്റ്റാലിൻ കൂട്ടിച്ചേർത്തു.

നിലവിൽ ജില്ലാ കോടതി വിധിയിലാണ് അയോഗ്യതാ നടപടി സ്വീകരിച്ചത്. രാഹുൽ ഗാന്ധിയ്ക്ക് സുപ്രീം കോടതി വരെയുള്ള മേൽക്കോടതികളെ വിഷയത്തിൽ സമീപിക്കാവുന്നതാണ്. രാഹുലിനെതിരായ നടപടിയിൽ രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ ഒന്നായി പ്രതിഷേധിക്കണമെന്നും എം കെ സ്റ്റാലിൻ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here