അമൃത്സര്‍: മുഖത്ത് ദേശീയ പതാകയുടെ ചിത്രം പെയിന്റ് ചെയ്ത യുവതിക്ക് സുവര്‍ണ ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ശിരോമണി ഗുരുദ്വാര പര്‍ബന്ദക് കമ്മിറ്റി. ഉദ്യോഗസ്ഥന്‍ മോശമായി പെരുമാറിയെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നാണ് ശിരോമണി ഗുരുദ്വാര പര്‍ബന്ദക് പ്രതിനിധിയുടെ പ്രതികരണം. അതേസമയം, യുവതിയുടെ മുഖത്തെ ചിത്രം ദേശീയ പതാകയുടേതല്ലെന്നും അതില്‍ അശോക ചക്രമുണ്ടായിരുന്നില്ലെന്നും ഗുരുദ്വാര പര്‍ബന്ദക് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഗുരുചരണ്‍ സിംഗ് പറഞ്ഞു. 

”സുവര്‍ണ ക്ഷേത്രം സിഖ് ആരാധനാലയമാണ്. യുവതിയോട് ഉദ്യോഗസ്ഥന്‍ മോശമായി പെരുമാറിയെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു. എന്നാല്‍ യുവതിയുടെ മുഖത്ത് പെയിന്റ് ചെയ്തത് ദേശീയ പതാകയല്ല, അതില്‍ അശോക ചക്രമില്ലായിരുന്നു. അത് രാഷ്ട്രീയ പാര്‍ട്ടിയുടെ പതാകയാകാം.” ഗുരുചരണ്‍ സിംഗ് പറഞ്ഞു.

ദേശീയ പതാകയുടെ ചിത്രം മുഖത്ത് പെയിന്റ് ചെയ്തതുകൊണ്ട് സുവര്‍ണ ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിച്ചുവെന്നായിരുന്നു യുവതിയുടെ ആരോപണം. ഇത് ഇന്ത്യയല്ല, പഞ്ചാബാണെന്ന് പറഞ്ഞുകൊണ്ടാണ് ക്ഷേത്രത്തിലെ ഗാര്‍ഡ് തന്നെ തടഞ്ഞതെന്നായിരുന്നു യുവതിയുടെ ആരോപണം. ഇത് ഇന്ത്യയല്ലേ എന്ന് ആവര്‍ത്തിച്ച് ചോദിക്കുമ്പോഴും അല്ലെന്ന് ഗാര്‍ഡ് പറയുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 

LEAVE A REPLY

Please enter your comment!
Please enter your name here