
മുംബയ്: ഷാരൂഖ് ഖാന്റെ മകനെ ലഹരിക്കേസിൽ അറസ്റ്റ് ചെയ്ത നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻസിബി) ഉദ്യോഗസ്ഥനായ സമീർ വാങ്കഡയ്ക്കെതിരെ സിബിഐ കേസെടുത്തു. എൻസിബി മുംബൈ സോൺ മുൻ മേധാവിയായിരുന്നു സമീർ വാങ്കഡേയ്ക്കെതിരെ അഴിമതി കേസാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
2021-ൽ ആഡംബര കപ്പലിലെ ലഹരി പാർട്ടിയുടെ ഭാഗമായെന്നും ലഹരിമരുന്ന് കൈവശം വച്ചു എന്ന് ആരോപിച്ചുമാണ് ആര്യൻ ഖാനെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തത്. പ്രസ്തുത കേസ് കൈകാര്യം ചെയ്തിരുന്ന അന്വേഷണ സംഘത്തിന്റെ മേധാവിയായിരുന്നു സമീർ വാങ്കഡേ. എന്നാൽ തെളിവുകളുടെ അഭാവത്തിൽ ആര്യൻ ഖാനെ സുപ്രീം കോടതി ലഹരി മരുന്ന് കേസിൽ നിന്ന് മോചിപ്പിക്കുകയായിരുന്നു. ആര്യൻ ഖാൻ നാല് ആഴ്ചകളോളം ജയിലിൽ കഴിഞ്ഞതിന് പിന്നാലെയായിരുന്നു സുപ്രീം കോടതി ഉത്തരവുണ്ടായത്.
ആര്യൻ ഖാന്റെ മോചനത്തിന് ശേഷം സമീർ വാങ്കഡേയുടെ കീഴിലുള്ള അന്വേഷണ സംഘത്തിന് നേരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. സംഘത്തിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരെ അന്വേഷണത്തിൽ നടത്തിയ വീഴ്ചയുടെ പേരിൽ കഴിഞ്ഞ ദിവസം സർവീസിൽ നിന്ന് പിരിച്ചുവിട്ടു. കേസന്വേഷണത്തിലെ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിനാലാണ് നടപടിയെന്ന് എൻസിബി മേധാവി അറിയിച്ചു. പിന്നാലെയാണ് സമീർ വാങ്കഡേയ്ക്കെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. നിലവിൽ വാങ്കഡെയുമായി ബന്ധപ്പെട്ട 29 സ്ഥലങ്ങളിൽ സിബിഐ പരിശോധന നടത്തിയതായാണ് വിവരം.