സാമൂഹിക പ്രവര്‍ത്തകനായ സിദ്ദിക്ക് ഹസ്സന്‍ രചിച്ച ‘കേരളത്തിന്റെ നൂറ് നവോത്ഥാന നായകര്‍’ എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം അമേരിക്കയിലെ ന്യൂ ജേഴ്‌സിയില്‍ നടന്നു. വിദേശ രാജ്യങ്ങളിലെ വിവിധ പ്രവാസി സംഘടനകളെ ഏകോപിപ്പിക്കുന്ന വിദേശത്തെ പ്രമുഖ സംഘടനയായ പ്രവാസി കോണ്‍ക്ലീവ് എന്ന സംഘടനയുടെ വേദിയിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. പ്രവാസി കോണ്‍ക്ലേവ് ഗ്ലോബല്‍ പ്രസിഡന്റ് പോള്‍ കറുകപ്പള്ളിയുടെ അദ്ധ്യക്ഷതയില്‍ മുന്‍മന്ത്രിയും എം.എല്‍ എ.യുമായ മോന്‍സ് ജോസഫും മാണി സി കാപ്പന്‍ എം.എല്‍.എ യും ചേര്‍ന്ന് വിദേശത്തെ പ്രമുഖ വ്യവസായിയും വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാനുമായ ജോണി കുരുവിളക്കു പുസ്തകം നല്‍കികൊണ്ട് പ്രകാശനം നിര്‍വഹിച്ചു.

അമേരിക്കയിലെ മലയാളികള്‍ക്കായി പ്രവര്‍ത്തിക്കുന്ന, മലയാള ഭാഷാ വ്യാപനത്തിനും പഠനത്തിനുമായി പ്രവര്‍ത്തിക്കുന്ന മലയാള ഭാഷാ സഹായി ഇന്‍സ്റ്റിട്യൂട്ടുമായി സഹകരിച്ചുകൊണ്ടാണ് പുസ്തകത്തിന്റെ വിതരണം നടത്തുന്നത്. അമേരിക്കയിലെ മലയാളികള്‍ക്കിടയില്‍ പ്രത്യേകിച്ച് കുട്ടികള്‍ക്കിടയില്‍ മലയാള ഭാഷ പഠനം നടത്തുന്നതിനും മലയാള പുസ്തകങ്ങള്‍ വായനക്കാരില്‍ എത്തിക്കുന്നതിനും പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് മലയാള ഭാഷ സഹായി ഇന്‍സ്റ്റിട്യൂട്ട്. ലോകത്തു എവിടെ ആയാലും ഭാഷയെയും സംസ്‌കാരത്തെയും മറക്കരുതെന്നും അതോടൊപ്പം നമ്മുടെ നാടിന്റെ സമഗ്ര പുരോഗതിക്കും നീതിക്കുമായി പോരാടിയ നവോത്ഥാന നായകരെക്കുറിച്ച് വരും തലമുറകള്‍ അറിഞ്ഞിരിക്കണമെന്നും അതിനായി സിദ്ദിക്ക് ഹസ്സന്‍ നടത്തിയ ശ്രമങ്ങളെ അഭിനന്ദിക്കുന്നതായും പുസ്തകം പ്രകാശനം ചെയ്ത മോന്‍സ് ജോസഫ് പറഞ്ഞു.

‘ഇന്ന് നാം കാണുന്ന സാംസ്‌കാരിക ഉന്നതി എങ്ങനെ കൈവരിച്ചു എന്ന് വരും തലമുറ അറിയണമെന്നും അതിനായി ലോകത്തെ എല്ലാ മലയാളികള്‍ക്കുമായി മറുനാടന്‍ മലയാളിയായ സിദ്ദിക്ക് ഹസ്സന്‍ നടത്തിയ വലിയ ശ്രമത്തെ അഭിനന്ദിക്കുന്നതായും ചടങ്ങില്‍ സംബന്ധിച്ച മാണി സി.കാപ്പന്‍ പറഞ്ഞു. നാടിന് പുറത്തു ജനിച്ചു വളര്‍ന്ന കുട്ടികള്‍ക്ക് നമ്മുടെ നവോത്ഥാന നായകരെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സിദ്ദിക്ക് ഹസ്സന്‍ നടത്തിയ വലിയ ശ്രമത്തെ അഭിനന്ദിക്കുന്നതിനൊപ്പം നന്ദി അറിയിക്കുന്നതായും ജോണി കുരുവിള പറഞ്ഞു.

ഫൊക്കാന പ്രസിഡണ്ട് ഡോക്ടര്‍ ബാബു സ്റ്റീഫന്‍, മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡണ്ട് ടി.കെ വിജയന്‍, വേള്‍ഡ് പ്രവാസി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡണ്ട് പോള്‍ കറുകപ്പള്ളി, ഫൊക്കാന ജനാല്‍ സെക്രട്ടറി കലാ ഷാഹി, ഡോക്ടര്‍ തങ്കം അരവിന്ദ്, തോമര്‍ കണ്‍സ്ട്രക്ഷന്‍ സിഇഒ തോമസ് മൊട്ടക്കല്‍, ഒ .ഐ.സി.സി അമേരിക്കന്‍ പ്രസിഡണ്ട് ജെയിംസ് കൂടല്‍, ഐ.ഓ .സി കേരള ചാപ്റ്റര്‍ അമേരിക്കന്‍ നാഷ്ണല്‍ പ്രസിഡണ്ട് ലീല മാരിയറ്റ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

മൂന്നു പതിറ്റാണ്ടായി ഒമാനില്‍ പ്രവാസ ജീവിതം നയിക്കുന്ന സിദ്ദിക്ക് ഹസ്സന്‍ രചിച്ച ‘നൂറു നവോത്ഥാന നായകര്‍ എന്ന പുസ്തകം ഇക്കഴിഞ്ഞ ഷാര്‍ജ ബുക്ക് ഫെസ്റ്റിവലില്‍ ആണ് പ്രകാശനം ചെയ്തത്. മദ്രാസ് യൂണിവേഴ്‌സിറ്റിയുടെ അവാര്‍ഡും സര്വകലാശാലയുടെ അവാര്‍ഡും ഷാര്‍ജ ശ്രുതിയുടെ ബഹുമതികള്‍ പുസ്തകത്തിനു ലഭിച്ചിരുന്നു. എറണാകുളം പള്ളിക്കര സ്വദേശിയായ സിദ്ദിക്ക് ഹസ്സന്‍ ലോകകേരള സഭാംഗവും ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലബാര്‍ വിഭാഗം കോ കണ്‍വീനറും മസ്‌കറ്റ് ലയണ്‍സ് ക്ലബ്ബ്പ്രസിഡന്റുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here