
ന്യൂ യോര്‍ക്ക് പോലീസില്‍ (എന്‍വൈപിഡി) ക്യാപ്റ്റന്‍ പദവിയിലേക്കു കഴിഞ്ഞ മാസം പ്രൊമോട്ട് ചെയ്യപ്പെട്ട ഇന്ത്യന്‍ അമേരിക്കന്‍ പ്രതിമ ഭുള്ളര്‍ മാള്‍ഡൊണാഡോ ഡിപ്പാര്‍ട്‌മെന്റിലെ ഏറ്റവും ഉയര്‍ന്ന ദക്ഷിണേഷ്യന്‍ ഓഫിസറായി. സൗത്ത് റിച്ച്മണ്ട് ഹില്ലില്‍ 102 ആം പ്രെസിന്ക്റ്റിന്റെ ചുമതലയാണ് അവര്‍ക്ക്. എന്‍ വൈ പി ഡിയിലെ ആദ്യത്തെ ദക്ഷിണേഷ്യന്‍ വനിതാ ക്യാപ്റ്റനുമാണ് പ്രതിമയെന്നു സി ബി എസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
സ്വന്തം വീടു പോലെയാണ് തനിക്ക് പോലീസ് മേഖല എന്ന് പ്രതിമ സി ബി എസിനോട് പറഞ്ഞു. ‘ഇവിടെയാണ് ഞാന്‍ വളര്‍ന്നത്. 25 വര്‍ഷത്തോളം ജീവിച്ചത്. അത്ര സുഗമമായ ജോലിയൊന്നുമല്ല ഇത്, എന്നാല്‍ വലിയൊരു ചുമതലയാണ്. സിക്കുകാര്‍ ഏറെയുള്ള അമേരിക്കന്‍ സമൂഹങ്ങളില്‍ ഒന്നാണിത്. എന്റെ സമുദായത്തിനും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒക്കെ ഞാന്‍ മാതൃകയാവേണ്ടതുണ്ട് എന്നും പ്രതിമ പറഞ്ഞു. എന്‍ വൈ പി ഡിയില്‍ 33,787 അംഗങ്ങള്‍ ഉള്ളതില്‍ 10.5% ഏഷ്യക്കാരാണ്.
കഠിനാധ്വാനം കൊണ്ട് മറ്റു ദക്ഷിണേഷ്യന്‍ സ്ത്രീകള്‍ക്കു മാതൃകയാവാന്‍ ആഗ്രഹിക്കുന്നുവെന്നു പറഞ്ഞ പ്രതിമ സ്വന്തം പിതാവിനെ ഓര്‍മിച്ചു. ന്യൂ യോര്‍ക്കില്‍ വര്‍ഷങ്ങളോളം അദ്ദേഹം ടാക്‌സി ഓടിച്ചു. കഠിനാധ്വാനി ആയിരുന്നു അദ്ദേഹം. താന്‍ പോലീസില്‍ ചേരും മുന്‍പ് 2006ല്‍ അദ്ദേഹം മരിച്ചുവെന്നും ക്യാപ്റ്റന്‍ പറഞ്ഞു. ഈ വര്‍ഷം ആദ്യം കണക്റ്റിക്കട്ടില്‍ ലെഫ്. മന്‍മീത് കൊളോണ്‍ എന്ന 37 വയസുള്ള സിക്ക് വംശജ സംസ്ഥാന അസിസ്റ്റന്റ് പോലീസ് ചീഫായി. സ്ഥാനമേറ്റിരുന്നു. ഡിപ്പാര്‍ട്‌മെന്റില്‍ ആദ്യത്തെ ഏഷ്യന്‍ വംശജയായ രണ്ടാം സ്ഥാനക്കാരിയായിരുന്നു ഇവര്‍.