അനില്‍ പെണ്ണുക്കര

ജൂണ്‍ 9, 10, 11 തീയതികളില്‍ ന്യൂയോര്‍ക്കില്‍ നടക്കുന്ന മൂന്നാം ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തിന്റെ ഡയമണ്ട് സ്‌പോണ്‍സറായ ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫന്‍ രണ്ടുലക്ഷത്തി അന്‍പതിനായിരം ഡോളറിന്റെ ചെക്ക് കൈമാറി. ലോക കേരള സഭ ഓര്‍ഗനൈസിംഗ് കമ്മറ്റി പ്രസിഡന്റ് കെ.ജി. മന്മഥന്‍ നായരും ഹോസ്പിറ്റാലിറ്റി ചെയര്‍ പോള്‍ കറുകപ്പിള്ളിയും ചേര്‍ന്ന് അമേരിക്കന്‍ മേഖലാ സമ്മേളനത്തിന്റെ സമാപന സമ്മേളന വേദിയായ ടൈം സ്‌ക്വയറില്‍ വെച്ചു സ്വീകരിച്ചു.

അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പ്രസിഡന്റ് എന്ന നിലയില്‍ ഈ ഉദ്യമത്തില്‍ പങ്കാളിയാകുവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ഡോ.ബാബു സ്റ്റീഫന്‍ പറഞ്ഞു. ഫൊക്കാന പ്രസിഡന്റ് എന്ന നിലയിലും സാമൂഹ്യ, രാഷ്ട്രീയ ,സാംസ്‌കാരിക മേഖലയില്‍ നിറഞ്ഞു നില്‍ക്കുന്ന ഡോ.ബാബു സ്റ്റീഫനെപോലെയുള്ള ഒരാള്‍ കേരളത്തിന്റെ വികസനപ്രക്രിയക്ക് ഒപ്പം നില്‍ക്കുന്നതില്‍ അഭിമാനമുണ്ടെന്ന് കെ.ജി. മന്മഥന്‍ നായര്‍ പറഞ്ഞു. നോര്‍ത്ത് അമേരിക്കന്‍ കരീബിയന്‍ മേഖലകള്‍ ഉള്‍പ്പെടുന്ന അമേരിക്കന്‍ രാജ്യങ്ങളുടെ മൂന്നാം മേഖലാ സമ്മേളനത്തിന് ന്യൂയോര്‍ക്ക് വേദിയാകുമ്പോള്‍ മൂന്നു ഫൊക്കാന പ്രസിഡന്റ് മാരുടെ ഒത്തുചേരല്‍ കൂടിയായി ടൈം സ്‌ക്വയര്‍.

മൂന്നു പേരും ഫൊക്കാനയുടെ യശസ്സ് ഉയര്‍ത്തുന്നതില്‍ വലിയ പങ്കു വഹിച്ചിട്ടുള്ളവരാണ്. വാഗ്മിയും മികച്ച സംഘാടകനും നിരവധി തവണ ഫൊക്കാന ഇലക്ഷന്‍ കമ്മീഷണറുമായിരുന്ന കെ.ജി. മന്മഥന്‍ നായര്‍ ഫൊക്കാനയുടെ എക്കാലത്തെയും മികച്ച നേതാക്കളില്‍ ഒരാളാണ്. അദ്ദേഹത്തിന്റെ സംഘാടക മികവിന്റെ ഏറ്റവും വലിയ ഉദാഹരണം കൂടിയായിരിക്കും ഈ സമ്മേളനം. ഡോ.ബാബു സ്റ്റീഫനാകട്ടെ ഫൊക്കാനയ്ക്ക് ആഗോള മലയാളി സമൂഹത്തിനു മുന്‍പില്‍ ഒരു സ്ഥാനം നേടിയെടുക്കുന്നതില്‍ വലിയ പങ്കു വഹിച്ച വ്യക്തിയാണ്.

അധികാരമേറ്റ സമയം മുതല്‍ ഫൊക്കാന ഇന്റര്‍ നാഷണല്‍ എന്ന ആശയം നടപ്പില്‍ വരുത്തുവാന്‍ നിരന്തര പരിശ്രമം നടത്തുകയും അതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ക്കൊപ്പം ജന്മ നാടിന്റെ വികസന പ്രക്രിയയില്‍ തന്റേതായ അടയാളപ്പെടുത്തലുകള്‍ നടത്തുവാനും നിരന്തരം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. പോള്‍ കറുകപ്പിള്ളില്‍ ഫൊക്കാനയുടെ ഒരു പ്രതിസന്ധി കാലഘട്ടത്തില്‍ ഏറ്റവും മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടുപോയ പ്രസിഡന്റ് കൂടിയാണ്. അതുപോലെതന്നെ വ്യക്തിബന്ധങ്ങള്‍ കാത്തു സൂക്ഷിക്കുകയും അവയെ സംഘടനയ്ക്കും കേരളത്തിന്റെ പൊതുസമൂഹത്തിനും ഗുണപ്രദമാകുന്ന തരത്തില്‍ പ്രയോജനപ്പെടുത്തുവാനും കഴിവുള്ള ഒരാളും കൂടിയാണ് അദ്ദേഹം.

മൂവരുടെയും ഒത്തുചേരല്‍ പ്രവാസികളുടെ ഉന്നമനത്തിനായി രൂപം കൊണ്ട ലോകകേരളസഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനവേദിയില്‍ ആയതും ആകസ്മികമായി. ഭരണ, പ്രതിപക്ഷ രാഷ്ട്രീയ ഭേദമന്യേ പ്രവാസി മലയാളി സമൂഹം വന്നുചേരുന്ന ഒരു മഹാസമ്മേളനമാണിത്. വിദ്യാഭ്യാസം, ആരോഗ്യം, സാങ്കേതികം, ടൂറിസം തുടങ്ങി വിവിധ മേഖലകളില്‍ കേരളത്തിന്റെ തുടര്‍ വികസനത്തിന് അമേരിക്കന്‍ പ്രവാസി സമൂഹത്തിനു എന്തെല്ലാം സംഭാവനകള്‍ നല്‍കുവാന്‍ സാധിക്കുമെന്ന് കേരളാ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഗവണ്മെന്റ് പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്യുന്ന വേദികൂടിയാണ് ഈ സമ്മേളനം.

LEAVE A REPLY

Please enter your comment!
Please enter your name here