പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 140 കോടി ജനങ്ങളുടെ സ്വപ്‌ന സാക്ഷാത്ക്കാരമാണ് പാര്‍ലമെന്റ് മന്ദിരമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതിയ പാര്‍ലമെന്റ് മന്ദിരം വികസിത ഭാരതത്തിന്റെ പ്രതീകമാണ്. ഭാരതീയ സംസ്‌കാരവും ഭരണഘടനയും സമന്വയിപ്പിച്ചതാണ് പുതിയ മന്ദിരമെന്നും പരിസ്ഥിതി സൗഹൃദ മന്ദിരമെന്നതാണ് ഏറ്റവും വലിയ സവിശേഷതയെന്നും നരേന്ദ്രമോദി പറഞ്ഞു.

ജനാധിപത്യത്തിന്റെ പുതിയ ശ്രീകോവില്‍ ഇന്ത്യ വളരുമ്പോള്‍ ലോകവും വളരുന്നു. പുതിയ മന്ദിരം ശ്രേഷ്ഠഭാരത്തിന്റെ പ്രതീകവും പാവങ്ങളുടെ ശബ്ദവുമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഇന്ത്യ ലോകത്തെ നയിക്കുന്നു. പുതിയ മന്ദിരം അറുപതിനായിരം തൊഴില്‍ സൃഷ്ടിച്ചു. മന്ദിരത്തിന്റെ നിര്‍മാണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച തൊഴിലാളികളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തിയതോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമായത്.പൂജകള്‍ക്ക് ശേഷം പ്രധാനമന്ത്രി പുതിയ മന്ദിരത്തില്‍ ചെങ്കോല്‍ സ്ഥാപിക്കുകയും ചെയ്തു. ഡല്‍ഹിയില്‍ ഉദ്ഘാടന ചടങ്ങുകളുടെ ഭാഗമായുള്ള സര്‍വമത പ്രാര്‍ത്ഥനകളുമുണ്ടായിരുന്നു. ചെങ്കോല്‍ സ്ഥാപിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ഫലകവും അനാച്ഛാദനം ചെയ്തു. ചെങ്കോല്‍ സ്ഥാപിച്ചതിന് ശേഷം നിര്‍മാണ തൊഴിലാളികളേയും പ്രധാനമന്ത്രി നരേന്ദ്രമോദി ആദരിച്ചു. പുതിയ പാര്‍ലമെന്റ് നിര്‍മിച്ച തൊഴിലാളികളുടെ പ്രതിനിധികളുടെ അടുത്തെത്തി പ്രധാനമന്ത്രി ആദരവ് അറിയിക്കുകയായിരുന്നു.

മേളങ്ങളുടേയും പ്രാര്‍ത്ഥനകളുടേയും അകമ്പടിയോടെയാണ് പ്രധാനമന്ത്രി ചെങ്കോല്‍ സ്ഥാപിച്ചത്. ശേഷം പ്രധാനമന്ത്രിയും ലോക്സഭാ സ്പീക്കറും ഭദ്രദീപത്തിന് തിരികൊളുത്തി. ചെങ്കോലില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി കൈകൂപ്പി തൊഴുതു. ശേഷം പ്രധാനമന്ത്രി പുരോഹിതരെ വണങ്ങുകയും അനുഗ്രഹം സ്വീകരിക്കുകയും ചെയ്തു. തമിഴ്നാട്ടില്‍ നിന്നെത്തിയ ശൈവമഠ പുരോഹിതര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസിതിയില്‍ വച്ചാണ് ചെങ്കോല്‍ കൈമാറിയിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here