പി പി ചെറിയാന്‍

റെഡ് റിവര്‍, ന്യൂ മെക്‌സിക്കോ: ന്യൂ മെക്‌സിക്കോയില്‍ വാര്‍ഷിക റെഡ് റിവര്‍ മെമ്മോറിയല്‍ ഡേ മോട്ടോര്‍സൈക്കിള്‍ റാലിയില്‍ രണ്ട് നിയമവിരുദ്ധ ബൈക്ക് സംഘങ്ങള്‍ തമ്മിലുള്ള വെടിവയ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരും പരിക്കേറ്റവരും മോട്ടോര്‍ സൈക്കിള്‍ സംഘത്തിലെ അംഗങ്ങളാണെന്ന് ന്യൂ മെക്‌സിക്കോ സ്റ്റേറ്റ് പൊലീസ് പറയുന്നു.

ബാന്‍ഡിഡോസും, വാട്ടര്‍ ഡോഗ്സ് മോട്ടോര്‍സൈക്കിള്‍ സംഘവും തമ്മിലുള്ള വാക്കേറ്റത്തെ തുടര്‍ന്നാണ് വെടിവെപ്പുണ്ടായതെന്ന് സംസ്ഥാന പോലീസ് പറഞ്ഞു. വെടിയേറ്റവരെ ന്യൂ മെക്‌സിക്കോയിലെയും കൊളറാഡോയിലെയും വിവിധ ആശുപത്രികളിലേക്ക് മാറ്റി. താവോസിലെ ഹോളി ക്രോസ് ഹോസ്പിറ്റല്‍, അല്‍ബുക്കര്‍ക്കിയിലെ യുഎന്‍എം ഹോസ്പിറ്റല്‍, കൊളറാഡോയിലെ ഡെന്‍വര്‍ ഹോസ്പിറ്റല്‍ എന്നിവ വെടിവയ്പ്പില്‍ ഉള്‍പ്പെട്ടവരെ ചികിത്സിച്ചു.

വെടിവെപ്പുമായി ബന്ധപ്പെട്ട് ജേക്കബ് കാസ്റ്റിലോയ്ക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. മാത്യു ജാക്സണെതിരെ മദ്യശാലയില്‍ അനധികൃതമായി തോക്ക് കൈവശം വച്ചതിനും ക്രിസ്റ്റഫര്‍ ഗാര്‍സിയക്കെതിരെ കൊക്കെയ്ന്‍ കൈവശം വെച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. ആന്റണി സില്‍വ (ലോസ് ലൂനാസില്‍ നിന്ന് 26 വയസ്സ്) ബാന്‍ഡിഡോസ് മോട്ടോര്‍സൈക്കിള്‍ സംഘത്തിലെ അംഗം. റാന്‍ഡി സാഞ്ചസ് (ആല്‍ബുക്വെര്‍ക്കില്‍ നിന്ന് 46 വയസ്സ്) വാട്ടര്‍ ഡോഗ്‌സ് മോട്ടോര്‍സൈക്കിള്‍ സംഘത്തിലെ അംഗം. ഡാമിയന്‍ ബ്രൂക്‌സ് (സോക്കോറോയില്‍ നിന്ന് 46 വയസ്സ്) ബാന്‍ഡിഡോസ് മോട്ടോര്‍സൈക്കിള്‍ സംഘത്തിലെ അംഗം, എന്നിവരാണ് മരിച്ചതെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.

വാരാന്ത്യത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചും റോവിംഗ് പട്രോളിംഗ് നടത്തിയും എന്‍ഫോഴ്സ്മെന്റ് ശക്തമാക്കുമെന്ന് ന്യൂ മെക്സിക്കോ സ്റ്റേറ്റ് പോലീസ് പറയുന്നു. വെടിവെപ്പില്‍ ഉള്‍പ്പെട്ടവരെല്ലാം പോലീസ് കസ്റ്റഡിയിലാണെന്നും രംഗം സുരക്ഷിതമാണെന്നും പൊതു സുരക്ഷയ്ക്ക് ഭീഷണിയില്ലെന്നും പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here