ഹരിദ്വാര്‍ : ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ്ബ്രിജ് ഭൂഷണെതിരായ ഗുസ്തിതാരങ്ങളുടെ അതിവൈകാരികമായ പ്രതിഷേധത്തിന് കര്‍ഷകനേതാക്കളുടെ ഇടപെടലില്‍ താല്‍ക്കാലിക വിരാമം. രാജ്യത്തിനായി തങ്ങള്‍ നേടിയ മെഡലുകള്‍ ഗംഗയില്‍ നിമജ്ജനം ചെയ്യാന്‍ ഹരിദ്വാറിലെത്തിയ ഗുസ്തി താരങ്ങളെ അനുനയിപ്പിക്കാന്‍ നരേഷ് ടിക്കായത്തിന്റെ നേതൃത്വത്തിലെത്തിയ കര്‍ഷകസംഘത്തിനു കഴിഞ്ഞു. അഞ്ചു ദിവസത്തേയ്ക്ക് മെഡലുകള്‍ ഒഴുക്കില്ലെന്നും നടപടി ഉണ്ടായില്ലെങ്കില്‍ തിരികെ വരുമെന്നും അവര്‍ പറഞ്ഞു.

നീതി നിഷേധത്തിനെതിരെ ഗുസ്തിതാരങ്ങളുടെ അതിവൈകാരികമായ പ്രതിഷേധത്തില്‍ വൈകാരികമായ ദൃശ്യങ്ങളാണ് അവിടെ അരങ്ങേറിയത്. ഗുസ്തി താരങ്ങള്‍ കണ്ണീരണിഞ്ഞാണ് മെഡലുകള്‍ ഗംഗയിലൊഴുക്കാന്‍ എത്തിയത്. കായിക താരങ്ങളോട് 5 ദിവസം സമയം തരണമെന്നും പ്രശ്നപരിഹാരത്തിന് ഇടപെടലുണ്ടാകുമെന്നും കർഷക നേതാക്കൾ അറിയിച്ചു. ഈ അഭ്യ‍ർത്ഥന പരിഗണിച്ചാണ് താരങ്ങൾ പിൻമാറിയത്.

ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം. സാക്ഷി മാലിക്കും വിനേഷ് ഫോഗട്ടുമടക്കമുള്ള താരങ്ങള്‍ ഇവിടെ എത്തിച്ചേര്‍ന്നു. മെഡലുകള്‍ തങ്ങളുടെ ജീവനും ആത്മാവുമാണെന്ന് സാക്ഷി മാലിക് വികാരധീനയായി പ്രതികരിച്ചു. ബ്രിജ് ഭൂഷന്റെ അറസ്റ്റ് വൈകുന്നതിനെതിരെ രാജ്യ വ്യാപക പ്രതിഷേധത്തിന് സംയുക്ത കിസാന്‍ മോര്‍ച്ചയും തയ്യാറെടുക്കുന്നുണ്ട്. ഇന്നലെ രാത്രിയില്‍ ചേര്‍ന്ന നേതൃയോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

താരങ്ങള്‍ ഹരിദ്വാറില്‍ പ്രവേശിക്കുന്നതോ ഗംഗയില്‍ മെഡലുകള്‍ ഒഴുക്കുന്നതിനോ തടസ്സമുണ്ടാവില്ലെന്ന് ഹരിദ്വാര്‍ പോലീസ് അറിയിച്ചിരുന്നു.
താരങ്ങള്‍ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ടെന്നും തടയാനുള്ള നിര്‍ദേശം ലഭിച്ചിട്ടില്ലെന്നും സീനിയര്‍ പോലീസ് സൂപ്രണ്ട് അജയ് സിങ് അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here