റിപ്പബ്ലിക്കന്‍ മുന്‍നിര സ്ഥാനാര്‍ഥികളായ ഡൊണാള്‍ഡ് ട്രംപിനെയും റോണ്‍ ഡിസന്റിസിനെയും കടന്നാക്രമിച്ചു സൗത്ത് കരളിന മുന്‍ ഗവര്‍ണര്‍ നിക്കി ഹെയ്‌ലി കടന്നാക്രമിച്ചു. അയോവയില്‍ സി എന്‍ എന്‍ ടൗണ്‍ഹാള്‍ പരിപാടിയില്‍ പങ്കെടുത്ത അവര്‍, രണ്ടു എതിരാളികളില്‍ നിന്നും വ്യത്യസ്തമായി യുക്രൈന്‍ യുദ്ധത്തില്‍ അമേരിക്കയുടെ സമീപനത്തെ സ്വാഗതം ചെയ്തു. യുക്രൈന്‍ നഷ്ടപ്പെട്ടാല്‍ ലോകയുദ്ധം ഉണ്ടാവുമെന്ന് അവര്‍ താക്കീതു നല്‍കി.
ഇത് സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള യുദ്ധമാണ്. തോല്‍ക്കാന്‍ പാടില്ല. അതൊരു വെറും ഭൂമി തര്‍ക്കമാണെന്നു ഇവിടെ ഇരുന്നു പറയുന്നവര്‍ സത്യം അവഗണിക്കുന്നു. പുട്ടിനുമായി ട്രംപിനുള്ള വ്യക്തി ബന്ധം അനുസ്മരിച്ചു അവര്‍ പറഞ്ഞു: പുട്ടിന്‍ ഏകാധിപതിയാണ്. ലോകാരോഗ്യ സംഘടനയുടെ ബോര്‍ഡിലേക്ക് വടക്കന്‍ കൊറിയ തിരഞ്ഞെടുക്കപ്പെട്ടതിനു അവരെ അഭിനന്ദിച്ച ട്രംപിനോടായി ഹേയ്‌ലി പറഞ്ഞു: സുഹൃത്തുക്കളെ അഭിനന്ദിക്കാം. ശതൃക്കളെ എന്തിനു അഭിനന്ദിക്കണം. ലോകാരോഗ്യ സംഘടന തന്നെ പ്രഹസനമാണെന്നു പറയുന്നവരാണ് വടക്കന്‍ കൊറിയ.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി തിരഞ്ഞെടുക്കുന്ന പ്രസിഡന്റ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്നു പറഞ്ഞ ഹെയ്‌ലി പക്ഷെ രണ്ടാം സ്ഥാനത്തിനു താനില്ലെന്നു വ്യക്തമാക്കി. ഗര്‍ഭഛിദ്രം നിരോധിക്കുമെന്ന നിലപാട് ഹെയ്‌ലി ആവര്‍ത്തിച്ചു. മെഡിക്കെയര്‍, സാമൂഹ്യ സുരക്ഷ തുടങ്ങി ജനപ്രീതിയുള്ള പദ്ധതികള്‍ ട്രംപും ഡിസന്റിസും അവഗണിക്കുന്നത് എന്തു കൊണ്ടാണെന്നു ഹെയ്‌ലി ചോദിച്ചു. അമേരിക്കയിലെ ജനങ്ങളോട് അവര്‍ സത്യം മറച്ചു വയ്ക്കുന്നു.
2021 ജനുവരി 6നു ക്യാപിറ്റോളില്‍ നടന്ന കലാപത്തെ ട്രംപ് ന്യായീകരിക്കുന്നത് തെറ്റാണെന്നും ഹെയ്‌ലി പറഞ്ഞു. അതൊരു സുന്ദരമായ ദിവസം ആയിരുന്നുവെന്നു ട്രംപ് കരുതുന്നു. ഭീകരമായ ദിവസം ആയിരുന്നുവെന്നാണ് എന്റെ കാഴ്ചപ്പാട്. തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ട്രംപിന്റെ വാദങ്ങള്‍ തള്ളി അവര്‍ തറപ്പിച്ചു പറഞ്ഞു: പ്രസിഡന്റ് ബൈഡന്‍ തന്നെയാണ് പ്രസിഡന്റ്.