വടക്കന്‍ അമേരിക്കയില്‍ കടുത്ത അന്തരീക്ഷ മലിനീകരണം മൂലം ദശലക്ഷക്കണക്കിനു ആളുകളോട് മാസ്‌ക് ധരിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ അവസാനിച്ച കഴിഞ്ഞ മാസം മാസ്‌ക് നിര്‍ബന്ധിതമല്ലാതായിരുന്നു. ന്യൂ യോര്‍ക്ക് വ്യാഴാഴ്ച സൗജന്യമായി മാസ്‌ക് വിതരണം ചെയ്യും. ഇതൊരു താത്കാലിക പ്രതിസന്ധി ആണെന്നു പറഞ്ഞ ന്യൂ യോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോക്കല്‍ ഒരു മില്യണ്‍ മാസ്‌കുകള്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് അറിയിച്ചു.

കാനഡയിലും പുറത്തിറങ്ങാന്‍ മാസ്‌ക് ധരിക്കണമെന്നു നിര്‍ദേശമുണ്ട്. വിഷവായുവിനെ കുറിച്ച് ജാഗ്രത പാലിക്കണമെന്നു ടെക്‌സസ് മുതല്‍ വെര്‍മെണ്ട് വരെ 115 മില്യണ്‍ ആളുകള്‍ക്കു നിര്‍ദേശം നല്‍കി. പുക സൂക്ഷിക്കണമെന്ന് 16 സംസ്ഥാനങ്ങളിലായി 90 മില്യണ്‍ ആളുകള്‍ക്കു നിര്‍ദേശമുണ്ട്. ബോസ്റ്റണ്‍, ന്യൂ യോര്‍ക്ക് സിറ്റി, ഫിലാഡല്‍ഫിയ, വാഷിംഗ്ടണ്‍ ഡിസി തുടങ്ങിയ നഗര മേഖലകളില്‍ ആരോഗ്യത്തെ ഹനിക്കുന്ന വായുവിന്റെ സാന്നിധ്യമുണ്ടെന്ന് യുഎസ് നാഷനല്‍ വെതര്‍ സര്‍വീസ് പറഞ്ഞു. കഴിയുന്നത്ര പുറത്തിറങ്ങാതെ നോക്കണം. ആസ്മ, ഹൃദ്രോഗം, ശ്വാസകോശ രോഗം ഇവയൊക്കെ ഉള്ളവര്‍ കൂടുതല്‍ സൂക്ഷിക്കണം.

വ്യാഴാഴ്ച നോര്‍ത്ത്ഈസ്റ്റിലും മിഡ് അറ്റ്‌ലാന്റിക്കിലും പടരുന്ന വിഷവായു വെള്ളിയാഴ്ചയോടെ ഒഹായോ താഴ്‌വരയിലേക്കു നീങ്ങും. ജാഗ്രതാ നിര്‍ദേശം. മലിനീകരണം കണക്കിലെടുത്തു താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നു വീല്‍ കോര്‍ണെല്‍ മെഡിസിന്‍, ന്യൂ യോര്‍ക്ക്-പ്രെസ്ബിറ്റേറിയന്‍ ഹോസ്പിറ്റലുകള്‍ നിര്‍ദേശിച്ചു. രോഗാവസ്ഥയുള്ള എല്ലാവരും വാതില്‍പുറ പ്രവൃത്തികള്‍ ഒഴിവാക്കുക. പുറത്തിറങ്ങേണ്ടി വന്നാല്‍ നല്ലൊരു മാസ്‌ക് ധരിക്കണം. എന്‍95, കെഎന്‍95 എന്നിവയാണ് നല്ലത്. ജനാലകള്‍ കഴിയുന്നത്ര അടച്ചിടണം. ആസ്മയോ മറ്റു ശ്വാസകോശ രോഗങ്ങളോ ഉള്ളവര്‍ ഡോക്ടര്‍മാരുടെ ഉപദേശം തേടി മരുന്നുകള്‍ കഴിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കു https://www.dec.ny.gov/press/press.html

LEAVE A REPLY

Please enter your comment!
Please enter your name here