
ന്യൂഡല്‍ഹി: നൂറുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിജെപി എംപി മേനക ഗാന്ധിക്ക് നോട്ടീസയച്ച് ഇസ്‌കോണ്‍ (ഇന്റര്‍നാഷനല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്നെസ്). ‘രാജ്യത്തെ കൊടും വഞ്ചകരാണ് ഇസ്‌കോണ്‍ എന്ന് മേനക ഗാന്ധി പറഞ്ഞത് വന്‍ ചര്‍ച്ചയായ സാഹചര്യത്തിലാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. അവര്‍ സര്‍ക്കാരില്‍നിന്ന് ഭൂമി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റി ഗോശാലകള്‍ നടത്തുകയും അവിടെനിന്ന് ഗോക്കളെ കശാപ്പുകാര്‍ക്ക് വില്‍ക്കുകയുമാണെന്ന് മേനക ഗാന്ധി ആരോപിച്ചിരുന്നു.
എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ ഒരാള്‍ക്ക് ഒരു തെളിവും ഇല്ലാതെ ഇത്ര വലിയ സമൂഹത്തിനെതിരേ കള്ളം പറയാന്‍ എങ്ങനെയാണ് സാധിക്കുന്നതെന്ന് ഇസ്‌കോണ്‍ വൈസ് പ്രസിഡന്റ് രാധാരാമന്‍ ദാസ് ചോദിച്ചു. ‘മേനക ഗാന്ധിയുടെ പരാമര്‍ശം വളരെ നിരാശാജനകമാണെന്നും അത് ലോകത്താകമാനമുള്ള ഞങ്ങളുടെ പ്രവര്‍ത്തകരെ പരാമര്‍ശം വല്ലാതെ വേദനിപ്പിച്ചുവെന്നും രാധാരാമന്‍ ദാസ് പറഞ്ഞു. 100 കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ട് നിയമനടപടികളിലേക്ക് കടക്കുകയാണെന്നും ദാസ് പറഞ്ഞു.
മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തില്‍ സംസാരിക്കവേയാണ് മേനക ഗാന്ധി ലോകത്തെ ഏറ്റവും വലിയ കൃഷ്ണഭക്ത സംഘടനയായ ഇസ്‌കോണിനെതിരെ ആരോപണമുന്നയിച്ചത്. ആന്ധ്രാപ്രദേശിലെ അനന്ത്പുരിലെ ഗോശാലയില്‍ താന്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ അവിടെ കറവവറ്റിയ ഒരു പശുവിനെപ്പോലും കാണാനായില്ലെന്നും അവിടെ ഒരു പശുക്കുട്ടി പോലും ഉണ്ടായിരുന്നില്ലെന്നും അതിനര്‍ഥം എല്ലാത്തിനെയും അവര്‍ വിറ്റു എന്നാണെന്നും മേനകാഗാന്ധി പറഞ്ഞു.
ഇവര്‍ കശാപ്പുകാര്‍ക്ക് വിറ്റ അത്രയും കന്നുകാലികളെ മറ്റാരും വിറ്റു കാണില്ല’ എല്ലാ പശുക്കളെയും കശാപ്പുകാര്‍ക്ക് വില്‍ക്കുകയാണ്. എന്നിട്ട് അവര്‍ ‘ഹരേ റാം ഹരേ കൃഷ്ണ’ എന്ന് വഴിതോറും പാടി നടക്കുന്നുവെന്നും മേനകാഗാന്ധി വിമര്‍ശിച്ചിരുന്നു.