
ഇന്ന് ഗാന്ധി ജയന്തി. ഇന്ത്യൻ സ്വാതന്ത്ര സമരത്തിന് സഹനത്തിന്റെയും ത്യാഗത്തിന്റെയും മാർഗത്തിലൂടെ വിജയം നേടിത്തന്ന രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 154-ാം ജന്മവാർഷിക൦. അദ്ദേഹം ഉയർത്തിപ്പിടിച്ച അഹിംസാ സിദ്ധാന്തം സ്വാതന്ത്ര്യ സമരകാലത്ത് നിരവധിയാളുകളിൽ നിർണായക സ്വാധീനം ചെലുത്തിയിരുന്നു. രാഷ്ട്ര പിതാവിനോടുള്ള ആചരസൂചകമായാണ് അദ്ദേഹത്തിന്റെ ജൻമദിനമായ ഒക്ടോബർ രണ്ട് ഗാന്ധി ജയന്തിയായി രാജ്യം ആചരിക്കുന്നത്. ഗാന്ധിജിയോടുള്ള ബഹുമാന സൂചകമായി ഐക്യരാഷ്ട്രസഭ ഈ ദിവസം അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുന്നു.
രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ള പ്രമുഖർ ഇന്ന് ഗാന്ധി സ്മൃതി കുടീരമായ രാജ്ഘട്ടിൽ എത്തി പുഷ്പാർച്ചന നടത്തും. ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം ആരംഭിച്ച സ്വച്ഛതാ മിഷൻ ക്യാമ്പൈൻ ഇന്നും തുടരും. കഴിഞ്ഞ ദിവസം നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ പ്രധാനമന്ത്രിയും ഭാഗമായിരുന്നു.
ഒരു വെടിയൊച്ചയിൽ നിശബ്ദമാക്കാൻ സാധിക്കുന്നതല്ല ഗാന്ധിജിയുടെ വാക്കുകൾ എന്ന് വർഗീയ രാഷ്ട്രീയത്തിന് ബോധ്യമുണ്ടെന്നും അതിനാൽ ആ വാക്കുകൾ തന്നെ ചരിത്രത്തിൽ നിന്നു മായ്ച്ചു കളയാനാണവർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാഥുറാം ഗോഡ്‌സെ എന്ന മതഭ്രാന്തൻ 1948 ജനുവരി 30 ന് വെടിയുതിർത്ത് ഇല്ലാതാക്കിയത് ലോകത്തെ എക്കാലത്തെയും വലിയ സ്വാതന്ത്ര്യ പ്രതീകത്തെ ആയിരുന്നു. ഒരു ജനതയുടെ, രാഷ്ട്രത്തിന്റെ ആത്മാവിനെ തന്നെയായിരുന്നു.
മാനവിക മൂല്യങ്ങളോടും സത്യത്തോടും അഹിംസയോടും മാത്രമായിരുന്നു ഗാന്ധിജിയുടെ കൂറ്. സത്യമാണ് ദൈവം എന്ന് ഗാന്ധിജി തിരിച്ചറിഞ്ഞു. ഒരേസമയം വിശ്വാസിയായും യുക്തിചിന്തകനായും മതനിരപേക്ഷകരായും ജീവിച്ചു ഗാന്ധിജി. ആ പാതയിൽ മനുഷ്യരെ സധൈര്യം നയിച്ചു. വൈരുദ്ധങ്ങളോട് ഗാന്ധിജി നിരന്തരം സംവദിച്ചു. പാരമ്പര്യത്തിൽ ഉറച്ചു നിന്നുകൊണ്ടുതന്നെ ആധുനിക മൂല്യങ്ങളെ പൂർണമായും ഉൾക്കൊണ്ടു. മുഴുവൻ മനുഷ്യരുടെയും ആവശ്യങ്ങൾ നിറവേറ്റാൻ ഉള്ളത് ഈ ഭൂമിയിൽ ഉണ്ടെന്നും എന്നാൽ ഒരാളുടെ പോലും ആ തൃപ്തിപ്പെടുത്താൻ അതിന് കഴിയില്ലെന്നും ഗാന്ധിജി വിശ്വസിച്ചു.
“മോഹൻദാസ് കരംചന്ദ് ഗാന്ധി ഇങ്ങനെ ഒരു മനുഷ്യൻ നമുക്കിടയിൽ ജീവിച്ചിരുന്നു എന്ന് വിശ്വസിക്കാൻ വരും തലമുറകൾക്ക് കഴിഞ്ഞെന്നു വരില്ല”-രാഷ്ട്രപിതാവിനെ കുറിച്ച് ആൽബർട്ട് ഐൻസ്റ്റീൻ ഒരിക്കൽ പറഞ്ഞു. ലോക നേതാക്കൾ രാജ്ഘട്ടിൽ രാഷ്ട്രപിതാവിന്റെ സ്മൃതിമണ്ഡപത്തിൽ ഒന്നിച്ചെത്തിയത് ആ മഹാത്മാവിനോടുള്ള ആദരവ് ഒന്നുകൊണ്ടു മാത്രം. ലോകത്തിനു മുന്നിൽ ഗാന്ധിജി എന്ന മനുഷ്യൻ മുന്നോട്ടുവച്ച ആശയങ്ങളും ആദർശങ്ങളും ഇന്നും പ്രസക്തമാണ് എന്നതിൻറെ നേർസാക്ഷ്യമായിരുന്നു ആ അപൂർവ കാഴ്ച.