ദോഹ: ഖത്തറില്‍ തടവിലായ എട്ടു ഇന്ത്യക്കാര്‍ക്ക് വധശിക്ഷ വിധിച്ചതായുള്ള റിപ്പോര്‍ട്ട് പുറത്ത്. മുന്‍ നാവികസേന ഉദ്യോഗസ്ഥരായ എട്ടു പേരെയാണ് ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. അല്‍ ദഹ്റാ എന്ന കമ്പനിയില്‍ ജോലി ചെയ്യാനായി പോയ എട്ട് മുന്‍ നാവികരെ 2022 ഓഗസ്റ്റ് 30 നാണ് ഖത്തര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. ഖത്തര്‍ നാവികസേനയ്ക്ക് പരിശീലനവും മറ്റു അനുബന്ധ ഉപകരണങ്ങളും നല്‍കുന്ന കമ്പനിയാണ് അല്‍ ദഹ്റാ. ഈ കമ്പനിയില്‍ ജോലി ചെയ്യാന്‍ പോയ ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തതായുള്ള വാര്‍ത്തകള്‍ നേരത്തേ പുറത്തുവന്നിരുന്നു.

അതേസമയം ഇന്ത്യക്കാരെ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നുവെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണെന്ന് ഇന്ത്യ പ്രതികരിച്ചു. പൗരന്‍മാരെ സംരക്ഷിക്കുന്നതിനുള്ള സാധ്യമായ എല്ലാ വഴികളും സ്വീകരിക്കുമെന്നും ഇന്ത്യന്‍ അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ കുറെ ദിവസങ്ങളായി ഈ വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സര്‍ക്കാരും ഖത്തര്‍ സര്‍ക്കാരും തമ്മില്‍ ആശയവിനിമയം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ് അറസ്റ്റിലായ മുന്‍ നാവികസേന ഉദ്യോഗസ്ഥര്‍. ക്യാപ്റ്റന്‍ നവതേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ്മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ത്, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, നാവികന്‍ രാഗേഷ് എന്നിവരാണ് ശിക്ഷിക്കപ്പെട്ട ഇന്ത്യക്കാരെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരു വര്‍ഷമായി ഖത്തറില്‍ ജയിലില്‍ കഴിയുകയാണ് ഇവര്‍. വിചാരണയ്ക്ക് ശേഷം ഇപ്പോള്‍ ഇവരെ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നു എന്ന വിവരമാണ് ഇപ്പോള്‍ ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്. ഏതെല്ലാം വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് എന്ന കാര്യം വ്യക്തമല്ല. വിചാരണ അടക്കമുള്ള കാര്യങ്ങള്‍ രഹസ്യമായാണ് നടന്നത്.

ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയ്ക്കു വേണ്ടിയും ഇസ്രയേലിന് വേണ്ടിയും ചാരപ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടെന്നായിരുന്നു ഇവര്‍ക്കെതിരായ പ്രധാന ആരോപണം. ഇറ്റലിയില്‍ നിന്ന് അത്യാധുനിക അന്തര്‍വാഹിനികള്‍ വാങ്ങാനുള്ള ഖത്തറിന്റെ രഹസ്യ നീക്കങ്ങളുടെ വിവരങ്ങള്‍ ഇസ്രയേലിന് ചോര്‍ത്തി നല്‍കി എന്നതാണ് കേസിന്റെ അടിസ്ഥാനമെന്ന് ദ എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here