യു.ജി.സി നെറ്റിന് പിന്നാലെ സി.എസ്.ഐ.ആര്‍– നെറ്റ് ചോദ്യപേപ്പറും ചോർന്നതായി സൂചന. ഡാർക് വെബിൽ ചോദ്യപേപ്പർ കണ്ടെത്തിയതിന് പിന്നാലെയാണ് പരീക്ഷ മാറ്റിവച്ചതെന്നാണ് വിവരം. അതിനിടെ, നീറ്റ് ചോദ്യപേപ്പർ ചോർന്നത് ജാർഖണ്ഡിൽനിന്നാണെന്ന് കണ്ടെത്തി. അതിനിടെ, ബിഹാർ ടീച്ചർ എലിജിബിലിറ്റി പരീക്ഷയും മാറ്റി.

നീറ്റ് യു.ജി ക്രമക്കേട് ആരോപണങ്ങൾക്കും യു.ജി.സി നെറ്റ് ചോദ്യചോർച്ചയ്ക്കും പിന്നാലെയാണ് എന്‍.റ്റി.എ, സി.എസ്.ഐ.ആര്‍– നെറ്റ് പരീക്ഷയും മാറ്റിയത്. ഒഴിവാക്കാനാകാത്ത സാഹചര്യം, പരീക്ഷയുടെ അടിസ്ഥാന സൗകര്യമായി ബന്ധപ്പെട്ട വിഷയങ്ങളും പരിഗണിച്ച് പരീക്ഷ മാറ്റിയെന്നാണ് എന്‍.റ്റി.എ അറിയിച്ചത്. എന്നാൽ പരീക്ഷയുടെ ചോദ്യപേപ്പറുകൾ ഡാർക് വെബിൽ ലഭ്യമായിരുന്നുവെന്നാണ് സൂചന. ഇതോടെ, കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ നിർദേശപ്രകാരമാണ് പരീക്ഷ മാറ്റിവച്ചത് എന്നാണ് വിവരം. ജൂൺ 25 മുതൽ 27 വരെ നടക്കാനിരുന്ന പരീക്ഷ എഴുതേണ്ടിയിരുന്നത് രണ്ടുലക്ഷം വിദ്യാർഥികളാണ്.

പട്നയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ നീറ്റ് ചോദ്യപേപ്പറുകൾ ചോർന്നത് ജാർഖണ്ഡിലെ ഹസാരിബാഗിൽനിന്നാണെന്ന് കണ്ടെത്തി. ഈ കേസിലെ മുഖ്യസൂത്രധാരൻ സഞ്ജീവ് മുഖ്യയ്ക്കായി അന്വേഷണസംഘം വലവിരിച്ചു. ഇതിനിടെ, ബിഹാറിൽ ടെറ്റ് പരീക്ഷയും മാറ്റി. ജൂൺ 26 മുതൽ 28 വരെ നടക്കേണ്ട പരീക്ഷയാണ് സംസ്ഥാന സർക്കാർ മാറ്റിയത്. ഗുജറാത്തിലെ നീറ്റ് ക്രമക്കേടിൽ 30 രക്ഷിതാക്കളെ ഉടൻ ചോദ്യം ചെയ്യുമെന്ന് ഗുജറാത്ത് പൊലീസ് അറിയിച്ചു. അഞ്ച് ലക്ഷം മുതൽ 40 ലക്ഷം രൂപ വരെ നൽകിയാണ് ചോദ്യപേപ്പറുകൾ സംഘടിപ്പിച്ചതെന്നാണ് വിവരം.