തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ സ്പീക്കറായി സിപിഎമ്മിലെ പി.ശ്രീരാമകൃഷ്ണനെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ട് ചോര്‍ച്ച സംഭവിച്ചത് രാഷ ്ട്രീയവിവാദമാവുകയും ചെയ്തു. യുഡിഎഫിന്റെ ഒരു പ്രതിനിധി വിപ്പ് ലംഘിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ശ്രീരാമകൃഷ്ണന് വോട്ടു ചെയ്തു. താന്‍ ആര്‍ക്കും വോട്ടു ചെയ്തില്ലെന്ന് സ്വതന്ത്ര എംഎല്‍എ പി.സി.ജോര്‍ജ് സ്ഥിരീകരിച്ചതോടെയാണ് യുഡിഎഫിന്റെ വോട്ട് ചോര്‍ന്നുവെന്ന് വ്യക്തമായത്. ബിജെപി പ്രതിനിധി ഒ.രാജഗോപാലും താന്‍ എല്‍ഡിഎഫിന് തന്നെയാണ് വോട്ടു ചെയ്തതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ പി.ശ്രീരാമകൃഷ്ണന് 92 വോട്ട് ലഭിച്ചു, വി.പി.സജീന്ദ്രന് 46 വോട്ടാണ് ലഭിച്ചത്. എല്‍.ഡി.എഫിന് രണ്ടു വോട്ട് കൂടുതല്‍ ലഭിച്ചു. യു.ഡി.എഫിന് ഒരു വോട്ടു കുറഞ്ഞു.
47 അംഗങ്ങളുള്ള യുഡിഎഫിന് 46 വോട്ട് മാത്രമാണ് ലഭിച്ചത്. എല്‍ഡിഎഫിന് 91 അംഗങ്ങള്‍, യുഡിഎഫിന് 47 അംഗങ്ങള്‍, എന്‍ഡിഎ ഒന്ന്, സ്വതന്ത്രന്‍ ഒന്ന് എന്നീ നിലയിലാണ് നിയമസഭയിലെ അംഗസംഖ്യ. 9147 എന്നതാണു സഭയിലെ ഭരണപ്രതിപക്ഷ അംഗബലമെന്നതിനാല്‍ ശ്രീരാമകൃഷ്ണന്‍ തിരഞ്ഞെടുക്കപ്പെടും എന്ന് ഉറപ്പായിരുന്നു. എന്നാല്‍ 90 വോട്ട് പ്രതീക്ഷിച്ചിരുന്ന ശ്രീരാമകൃഷ്ണന് 92 വോട്ട് ലഭിച്ചതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇടതുപക്ഷ പ്രതിനിധിയായ പ്രോടെം സ്പീക്കര്‍ എസ്.ശര്‍മ വോട്ട് രേഖപ്പെടുത്തിയിരുന്നില്ല.

ഒരു മുന്നണിയെയും പിന്തുണയ്ക്കില്ലെന്നും തികച്ചും സ്വതന്ത്രനായിരിക്കും എന്നും ജോര്‍ജ് വോട്ടെടുപ്പിന് മുന്‍പേ വ്യക്തമാക്കിയിരുന്നു. ഇരു മുന്നണികള്‍ക്കുമെതിരെ നിലകൊള്ളും എന്നായിരുന്നു ബിജെപി എംഎല്‍എ ഒ.രാജഗോപാലിന്റെ പ്രതികരണം. എങ്കിലും വോട്ടെടുപ്പില്‍ അദ്ദേഹം എല്‍ഡിഎഫ് പ്രതിനിധിയെ പിന്തുണച്ചു. എന്നാല്‍, ഒ.രാജഗോപാലിന്റെയും പി.സി.ജോര്‍ജിന്റെയും പിന്തുണ വേണ്ട എന്നാണ് ഒരേസമയം എല്‍ഡിഎഫും യുഡിഎഫും സ്വീകരിച്ച നയം.

അതേസമയം യുഡിഎഫിന്റെ വോട്ട് ചോര്‍ന്നത് അബദ്ധത്തിലാകാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആദ്യമായി വോട്ട് ചെയ്തതിന്റെ പരിചയക്കുറവാകാം കാരണം. മനഃപൂര്‍വം എല്‍ഡിഎഫിന് വോട്ട് ചെയ്തതാകില്ല. രാജഗോപാലിന്റെ നിലപാടോടെ എല്‍ഡിഎഫ്ബിജെപി ബന്ധം വ്യക്തമായി. യുഡിഎഫിന്റെ ആരോപണം സാധൂകരിക്കുന്നതാണ് നിയമസഭയില്‍ സംഭവിച്ചത്. യുഡിഎഫിന് വോട്ട് നഷ്ടമായത് പരിശോധിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here