air-keralaന്യൂഡല്‍ഹി:വിമാനയാത്രയിലെ സൗകര്യങ്ങളും പരിമിതികളും ഒരുപോലെ നേരിടേണ്ടിവരുന്നവരാണ് ഇന്ത്യക്കാരായ പ്രവാസികള്‍. അതുകൊണ്ടുതന്നെ പുതിയ വ്യോമയാനം തയാറാക്കാനുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ തീരുമാനത്തെ പ്രതീക്ഷയോടെയും ആശങ്കയോടെയും നോക്കിക്കാണുകയാണിവര്‍.
. പ്രധാനമായും വിമാനക്കമ്പനികള്‍ യാത്രക്കൂലി ഇനത്തില്‍ നടത്തുന്ന കൊള്ളയടി അവസാനിപ്പിക്കാനാകുമോയെന്നാണ് ഇവര്‍ പ്രധാനമായും ഉറ്റുനോക്കുന്നത്. അതേസമയം വിദേശയാത്രക്കാരെക്കാള്‍ പ്രാദേശിക വിമാനയാത്രകള്‍ വര്‍ധിപ്പിക്കുന്നതിനായാണ് പുതിയ വ്യോമയാന നയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രധാന വ്യവസ്ഥകള്‍ കൂട്ടിച്ചേര്‍ത്തിട്ടുള്ളത്. ഒരു മണിക്കൂര്‍ വരെ എടുക്കുന്ന യാത്രകളില്‍ 2500 രൂപയിലധികം യാത്രക്കാരോട് എയര്‍ലൈനുകള്‍ ഈടാക്കരുതെന്നാണ് പുതിയ വ്യോമയാന നയത്തിലെ സുപ്രധാന വ്യവസ്ഥകളിലൊന്ന്. കേന്ദ്രമന്ത്രിസഭയ്ക്ക് മുന്നില്‍ ഉടന്‍ തന്നെ കരട് വ്യോമയാന നയം സമര്‍പ്പിക്കപ്പെടും. മന്ത്രിസഭയുടെ അംഗീകാരം കിട്ടായാല്‍ പിന്നെ പ്രാവര്‍ത്തികമാക്കി തുടങ്ങും.
ഏവിയേഷന്‍ വ്യവസായ മേഖല പുതിയ പോളിസിയുമായി യാത്രക്കാരെ ആകര്‍ഷിക്കാനുള്ള തത്രപ്പാടിലാണ്. സിവില്‍ ഏവിയേഷന്‍ സെക്രട്ടറി രാജീവ് നയന്‍ ചൗബേയാണ് കേന്ദ്രമന്ത്രിസഭയ്ക്ക് മുന്നില്‍ ഉടന്‍ പോളിസി സമര്‍പ്പിക്കപ്പെടുമെന്ന് അറിയിച്ചത്. വ്യോമയാനമന്ത്രാലയം എയര്‍ലൈനുകളുമായി നടത്തിയ അഭിപ്രായ സമന്വയങ്ങള്‍ക്കൊടുവിലാണ് പുതിയ വ്യവസ്ഥ കൂടി ഉള്‍പ്പെടുത്തിയത്. ആഭ്യന്തര എയര്‍ലൈനുകള്‍ക്ക് രാജ്യത്തിന് പുറത്തേക്ക് സര്‍വ്വീസ് അനുവദിക്കണമെന്ന സങ്കീര്‍ണ്ണ വിഷയവും ചര്‍ച്ചയായതായും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 5/20 നിയമം ഇല്ലാതാക്കാനും ശ്രമിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ഡൊമസ്റ്റിക് വിമാന കമ്പനികള്‍ക്ക് 20 എയര്‍ക്രാഫ്റ്റുകളും അഞ്ച് വര്‍ഷം അനുഭവ പരിചയവും ഉണ്ടെങ്കില്‍ മാത്രമേ അന്താരാഷ്ട്ര സര്‍വ്വീസ് അനുവദിക്കൂവെന്നാണ് ഈ നിയമം. 0/20 എന്ന രീതിയില്‍ മാറ്റമുണ്ടാക്കാനാണ് കരട് നയം ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
രണ്ടാഴ്ചക്കകം പുതിയ വ്യോമയാന നയം പുറത്ത് വരും. കരട് രൂപം തയ്യാറായി കഴിഞ്ഞെന്നും അടുത്ത ദിവസം തന്നെ കേന്ദ്ര മന്ത്രിസഭയ്ക്ക് മുന്നില്‍ സമര്‍പ്പിക്കുമെന്നും വ്യോമയാന സെക്രട്ടറി അറിയിച്ചു. ഒരു മണിക്കൂറില്‍ താഴെയുള്ള ആഭ്യന്തര യാത്രകള്‍ 2500 രൂപ നിരക്കിന് താഴെ എത്തുന്നതോടെ യാത്രക്കാര്‍ വര്‍ധിക്കുമെന്നാണ് വ്യോമയാന മേഖലയുടെ പ്രതീക്ഷ. വിമാനയാത്ര ഏവര്‍ക്കും സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒരു മണിക്കൂര്‍ യാത്ര 2500 രൂപയ്ക്ക് താഴെയാക്കുക എന്ന നയം സ്വീകരിച്ചത്.
പ്രവാസി മലയാളികളുടെ പ്രതീക്ഷയായ എയര്‍ കേരളയ്ക്കു പ്രതീക്ഷ നല്‍കുന്ന വിധത്തിലാണ് പുതിയ നിയമം.കുറഞ്ഞത് അഞ്ചു വര്‍ഷമെങ്കിലും ആഭ്യന്തര സര്‍വീസ് നടത്തിയവര്‍ക്കു മാത്രമേ അന്താരാഷ്ട്രസര്‍വീസിനുള്ള ലൈസന്‍സ് നല്‍കൂ എന്ന വ്യവസ്ഥകളില്‍ മാറ്റം വരുത്താന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം തീരുമാനിച്ചതായാണ് സൂചന. അഞ്ചു വര്‍ഷം ആഭ്യന്തര സര്‍വീസ് നടത്തിയ പ്രവര്‍ത്തി പരിചയവും 20 വിമാനങ്ങളും ഉള്ള കമ്പനികള്‍ക്കാണ് അന്താരാഷ്ട്രസര്‍വീസിനുള്ള ലൈസന്‍സ് നല്‍കിയിരുന്നത്. എയര്‍ കേരള പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഈ വ്യവസ്ഥകളില്‍ ഇളവു നല്‍കണമെന്നു കേരള സര്‍ക്കാര്‍ പല തവണ ഈ ആവശ്യം പ്രധാനമന്ത്രി അടക്കമുള്ളവരെ കണ്ട് ഉന്നയിച്ചിരുന്നു. കേരളത്തില്‍ നിന്നുള്ള പ്രവാസികള്‍ കൂടുതലും ഗള്‍ഫ് മേഖലയിലായതിനാല്‍ ആഭ്യന്തര സര്‍വീസ് എന്ന കടമ്പ ഒഴിവാക്കിത്തരണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ ആഭ്യന്തര സര്‍വീസ് രംഗത്തെ അഞ്ച് വര്‍ഷം പ്രവര്‍ത്തിപരിചയം ഒഴിവാക്കും. 20 വിമാനമുണ്ടെങ്കില്‍ അന്താരാഷ്ട്ര സര്‍വീസിന് അനുമതി നല്കാന്‍ ഭേദഗതി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here