chennoorആലപ്പുഴ:അമേരിക്കന്‍ മലയാളിയായ പിതാവിനെ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് പോലീസ് പിടിയിലായ മകന്‍ ഷെറിന്‍ ഇന്ത്യയില്‍ താമസിച്ചത് നിയമവിരുദ്ധമായി. കേസില്‍ പ്രതിസ്ഥാനത്തുള്ള യുഎസ് പൗരന്‍ എന്ന നിലയില്‍ കസ്റ്റഡിയില്‍ കഴിയുന്ന ഷെറിനെ ഇന്നലെ ചെന്നൈ യുഎസ് കോണ്‍സുലേറ്റില്‍ നിന്നും ഉദ്യോഗസ്ഥരെത്തി ചോദ്യം ചെയ്തപ്പോഴാണ് ഇതു വ്യക്തമായത്.വൈസ് കോണ്‍സുലര്‍ പീറ്റര്‍ ജോണ്‍ ടെയ്‌സ്, അസിസ്റ്റന്റും മലയാളിയുമായ സ്വപ്‌നാജോണ്‍ എന്നിവരാണ് ചോദ്യം ചെയ്യാന്‍ എത്തിയത്. 2003ല്‍ അമേരിക്കയില്‍ നിന്നും ഇന്ത്യയിലെത്തിയ ഷെറിന്‍ പിന്നീട് പാസ്സ്‌പോര്‍ട്ട് പുതുക്കിയിട്ടില്ല. ഇതിന്റെ കാലാവധി 2012ല്‍ അവസാനിച്ചു. രണ്ടുമണിക്കൂര്‍ നേരം വിശദമായി കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ ഷെറിനെ ചോദ്യം ചെയ്തു. അമേരിക്കയില്‍ ചെക്ക്‌കേസ്, ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്, വ്യാജ ലൈസന്‍സ് ചമക്കല്‍ തുടങ്ങി നിരവധി കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുള്ള ഷെറിന്‍ രണ്ടുവര്‍ഷക്കാലം അവിടെ ജയില്‍വാസം അനുഭവിച്ചതായും കോണ്‍സുലര്‍ വെളിപ്പെടുത്തി. ഇന്ത്യയില്‍ തങ്ങുവാനുള്ള അനുമതി ഒഐസി ഇല്ലെന്നും ഇവര്‍ പറഞ്ഞു. ഇതോടെ നിയമവിരുദ്ധമായി ഇന്ത്യയില്‍ തങ്ങിയതിന് മറ്റൊരു കേസുകൂടി ഇനി പോലീസിന് ഷെറിന്റെ പേരില്‍ എടുക്കേണ്ടിവരും. അമേരിക്കയില്‍ നിരവധി വഞ്ചനാ കേസുകളില്‍ പ്രതിയായ ഷെറിന്‍ അമേരിക്കയില്‍ എത്തിയാല്‍ ജയില്‍ ശിക്ഷ ഉറപ്പാണെന്നും ഇവര്‍ പറഞ്ഞു.
അതേസമയം ഇരട്ടപൗരത്വവും രണ്ടു രാജ്യങ്ങളിലേയും കുറ്റകൃത്യങ്ങളും എല്ലാം ചേര്‍ന്നതോടെ കേസിലെ നിയമനടപടികള്‍ അതീവസങ്കീര്‍ണമായി. കൊലപാതകക്കേസില്‍ നിന്ന് ഷെറിന് രക്ഷപെടാനാകുംവിധം ഇത് ഉപയോഗിക്കാനാകുമോ എന്ന സംശയം ഉയരുന്നു. കേസന്വേഷണം സംബന്ധിച്ച പോലീസിന്റെ നിലപാടിലും ഇപ്പോള്‍ നാട്ടുകാരില്‍ ചിലര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. പോലീസ് കണ്ടെത്തിയ നിര്‍ണായക തെളിവുകളിലൊന്നായ തോക്ക് തന്നെ ഉദാഹരണം. നാല് ദിവസം മുമ്പ് കണ്ടെത്തിയ തോക്ക് ഇ്‌പ്പോള്‍ അമേരിക്കന്‍ നിര്‍മ്മിത കളിത്തോക്ക് ആണെന്നാണ് പോലീസ് പറയുന്നത്. കസ്റ്റഡിയിലുള്ള ഷെറിനെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു. തോക്കിനോട് രൂപ സാദൃശ്യമുള്ള ലൈറ്ററാണിതെന്നും പോലീസ് പറഞ്ഞു. യഥാര്‍ത്ഥ തോക്ക് കണ്ടെത്തുന്നതിനായി ഷെറിനുമായി സംഭവ സ്ഥലങ്ങളിലെത്തി ഇന്ന് തെളിവെടുപ്പ് നടത്തും. കൊലപാതകത്തിനുശേഷം കോട്ടയത്തെ മുന്തിയ ഹോട്ടലില്‍ ഒളിവില്‍ താമസിക്കുമ്പോഴാണ് ഷെറിന്‍ പിടിയിലാകുന്നത്. ഈ സമയം നടത്തിയ പരിശോധനയിലാണ് ഷെറിന്റെ പക്കല്‍ നിന്നും തോക്ക് കണ്ടെടുത്തത്. തോക്കിനുള്ളില്‍ അവശേഷിക്കുന്ന തിരകളേപ്പറ്റിയും പോലീസ് അന്ന് പറഞ്ഞിരുന്നു. തോക്കും തിരകളുമെല്ലാം കളിക്കോപ്പായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇന്നുമുതല്‍ ഷെറിനെ കൊലപാതകവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെത്തിച്ച് ആയുധങ്ങള്‍ കണ്ടെത്തുന്നതിനും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here