
ഹൂസ്റ്റണ്‍: പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ദീപിക ദിനപത്രത്തിന്റെ അസോസിയേറ്റ് എഡിറ്ററും ഡല്‍ഹി ബ്യൂറോ ചീഫുമായ ജോര്‍ജ് കള്ളിവയലില്‍ സൗത്ത് ഇന്ത്യന്‍ യു.എസ് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ ‘ജേര്‍ണലിസ്റ്റ് ഓഫ് ദ ഡെക്കേഡ്’ അവാര്‍ഡിന് അര്‍ഹനായി. മാധ്യമരംഗത്തെ വിശിഷ്ടവും സമാനതകളില്ലാത്തതുമായ സംഭാവനകളും മനുഷ്യാവകാശം, സാമൂഹിക നീതി തുടങ്ങിയ മേഖലകളില്‍ ഇന്ത്യയിലും ലോകത്തിന്റെ വിവിധയിടങ്ങളിലും നടത്തിയ വ്യക്തിനിഷ്ടമായ ഇടപെടലുകളുടെ ശക്തിയും ആര്‍ജവവും മാനിച്ചാണ് ജോര്‍ജ് കള്ളിവയലിലിനെ ഈ പുരസ്കാരത്തിന് തിരഞ്ഞെടുത്തതെന്ന് ചേംബര്‍ പി.ആര്.ഒ ജിജു കുളങ്ങര അറിയിച്ചു.
ജൂലൈ അഞ്ചാം തീയതി വൈകുന്നേരം അഞ്ച് മണിക്ക് സൗത്ത് ഇന്ത്യന്‍ യു.എസ് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ സ്റ്റാഫോര്‍ഡിലുള്ള (445 എഫ്.എം 1092, സ്വീറ്റ് 101) കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന സമ്മേളനത്തില്‍ വച്ച് പ്രൊഫ. കെ.വി തോമസ് എം.പി അവാര്‍ഡ് സമ്മാനിക്കും. സമൂഹത്തിന്റെ നാനാതുറയില്‍പ്പെട്ടവര്‍ സമ്മേളനത്തില്‍ സംബന്ധിക്കും.
അമേരിക്കന്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ബിസിനസ് കമ്മ്യൂണിറ്റിയെ ഒന്നിച്ചുനിര്‍ത്തി മികച്ച നേട്ടങ്ങള്‍ ഉണ്ടാക്കുകയെന്ന ഉത്തമ ലക്ഷ്യത്തോടെ രണ്ടു വര്‍ഷം മുമ്പ് തുടങ്ങിയ സൗത്ത് ഇന്ത്യന്‍ യു.എസ് ചേംബര്‍ ഓഫ് കൊമേഴ്സ് അസൂയാവഹമായ വളര്‍ച്ചയുടെ പാതയിലാണ്. ഈ കുറഞ്ഞ കാലയളവിനുള്ളില്‍ ബിസിനസ് സംരംഭകര്‍ക്ക് ഗുണകരമായ പല കാര്യങ്ങളും ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. രണ്ടാംഘട്ട വികസനത്തിലൂടെ സംഘടനയുടെ പ്രവര്‍ത്തനം കൂടുതല്‍ പേരിലെത്തിക്കുന്നതിനും നേട്ടങ്ങള്‍ വ്യാപകമാക്കാനും പുത്തന്‍ സംരംഭങ്ങള്‍ക്ക് ഗതിവേഗമുണ്ടാക്കാനും വേണ്ടിയാണ് പുതിയ കോര്‍പ്പറേറ്റ് ഓഫീസ് സ്ഥാപിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.