
ഹൈദ്രാബാദില്‍ അസാധുവാക്കിയ നോട്ടുകള്‍ കൊണ്ട് വാങ്ങിക്കൂട്ടിയ 2700 കിലോ സ്വര്‍ണബിസ്‌ക്കറ്റുകള്‍ എന്‍ഫോഴ്‌സ്മന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു. നോട്ട് അസാധുവാക്കിയ നവംബര്‍ എട്ടുമുതല്‍ 30 വരെയുള്ള കാലയളവിലാണ് ഇത്രത്തോളം സ്വര്‍ണം വാങ്ങിക്കൂട്ടിയതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
എന്നാല്‍ സ്വര്‍ണബിസ്‌ക്കറ്റുകള്‍ വാങ്ങിയവര്‍ ഒളിവില്‍ പോയിരിക്കുകയാണ്. നോട്ട് നിരോധനത്തിനു ശേഷം അനധികൃതമായി കോടിക്കണക്കിനു രൂപയുടെ അസാധുനോട്ടുകള്‍ കൈപ്പറ്റി ഏതൊക്കെ വ്യാപാരികളാണ് സ്വര്‍ണം കൈമാറിയതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ആദായനികുതി വകുപ്പും സംയുക്തമായി അന്വേഷിച്ചുവരികയാണ്. നോട്ട് അസാധുവാക്കിയ നവംബര്‍ എട്ടു മുതല്‍ 30 വരെ 8000 കിലോഗ്രാം സ്വര്‍ണ ബിസ്‌ക്കറ്റുകളാണ് ഇറക്കുമതി ചെയ്തതെന്നും എന്‍ഫോഴ്‌സ്മന്റ് ഡയറക്ടറേറ്റ് കണ്ടെത്തി. മാത്രമല്ല, ഡിസംബര്‍ ഒന്നു മുതല്‍ പത്തു വരെ 1500 കിലോഗ്രാം സ്വര്‍ണമാണ് ഇറക്കുമതി ചെയ്തത്.
അതേസമയം, നോട്ട് അസാധുവാക്കിയതിനോടനുബന്ധിച്ച് ഹൈദ്രാബാദിലെ മുസാദിലാല്‍ ജ്വല്ലറി 100 കോടിയുടെ സ്വര്‍ണം വാങ്ങിയതായി കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മുന്‍കൂറായി പണം ലഭിച്ചതിനെ തുടര്‍ന്നാണ് 5200 ഉപഭോക്താക്കള്‍ക്കായി ഇത്രയധികം സ്വര്‍ണം വാങ്ങിയതെന്നാണ് ജ്വല്ലറി ഉടമയുടെ വാദം. എന്നാല്‍ നോട്ട് അസാധുവാക്കിയ ദിവസവും പിറ്റേന്നു രാത്രിയുമായാണ് 100 കോടി രൂപയുടെ ഇടപാട് നടന്നതെന്നും നാല് സ്വര്‍ണ മൊത്ത വ്യാപാരികള്‍ക്കാണ് ഈ തുക കൈമാറിയതെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറഞ്ഞു.
പ്രധാനമന്ത്രി ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിച്ചതിനു ഏതാനും മണിക്കൂറുകള്‍ക്കു മുമ്പു നടന്ന ഈ ഇടപാടിനെപറ്റി അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും അന്നു രാത്രി ഉപഭോക്താക്കളാരും കടയിലേക്കു വരുന്നതിനു തെളിവുണ്ടായിരുന്നില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.