ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കിയ നോട്ട് അസാധുവാക്കല്‍ നടപടിക്ക് പ്രമുഖ സാമ്പത്തിക പ്രസിദ്ധീകരണമായ ഫോബ്സ് മീഡിയയുടെ കടുത്ത വിമര്‍ശനം. സ്വന്തം ജനങ്ങള്‍ക്കുനേരെ നടത്തിയ അധാര്‍മികവും അസഹനീയവുമായ നടപടി ലോകത്തിനുതന്നെ മാരക ഉദാഹരണമാണെന്ന് മുഖപ്രസംഗത്തില്‍ ഫോബ്സ് ചെയര്‍മാനും എഡിറ്റര്‍ ഇന്‍-ചീഫുമായ സ്റ്റീവ് ഫോര്‍ബ്സ് പറഞ്ഞു. 

86 ശതമാനം കറന്‍സി നോട്ട് പിന്‍വലിച്ച അഭൂതപൂര്‍വമായ നടപടി ഇന്ത്യന്‍ സമ്പദ്വ്യവസ്ഥക്ക് ഗണ്യമായ പരിക്കേല്‍പിച്ചു. 70കളില്‍ ജനസംഖ്യ നിയന്ത്രിക്കാന്‍ നിര്‍ബന്ധിത വന്ധ്യംകരണം നടത്തിയപോലൊരു നീക്കമാണിത്. സര്‍ക്കാര്‍ അവകാശപ്പെട്ടെന്നല്ലാതെ, കള്ളപ്പണം ഇല്ലാതാവുകയോ ഭീകരര്‍ അവരുടെ പണി ഉപേക്ഷിക്കുകയോ ഒന്നുമുണ്ടായില്ല. സ്വതന്ത്ര വിപണിയില്‍ സ്വയമേവ നടക്കുന്ന പ്രവര്‍ത്തനമാണ് ഡിജിറ്റല്‍ പണമിടപാടെന്ന് മുഖപ്രസംഗം ചൂണ്ടിക്കാട്ടി. 
ലളിതമായ നികുതിഘടനയും കുറഞ്ഞ നികുതിയുമായി സര്‍ക്കാര്‍ മുന്നോട്ടു വരേണ്ടതുണ്ട്. പണമിടപാട് നടക്കേണ്ടത് പുരോഗതിക്ക് ആവശ്യമാണ്. വിഭവങ്ങള്‍ സര്‍ക്കാറല്ല, ജനങ്ങളാണ് ഉണ്ടാക്കുന്നത്. ജനങ്ങളുടെ സ്വത്ത് മോഷ്ടിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ജനാധിപത്യ മാര്‍ഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന്‍െറ ഞെട്ടിക്കുന്ന നടപടിയാണിത്. നോട്ട് പിന്‍വലിച്ചതില്‍ നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടില്ല. 

ഡിസംബര്‍ 30 വരെ പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ സാവകാശമെടുത്തിട്ടുണ്ടെങ്കിലും, എ.ടി.എമ്മിലും ബാങ്കുകളിലും ക്യൂ തുടരുകയാണെന്ന് ഫോബ്സ് മാസിക ചൂണ്ടിക്കാട്ടി. ബാലിശമായ നയം പൗരന്മാരെ മാനിക്കാത്ത അധികാര ദുരുപയോഗമാണെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here