ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി വാജ്പേയിയുടെ ജന്മദിനമായ ഞായറാഴ്ച കേന്ദ്രസര്‍ക്കാര്‍ സദ്ഭരണ ദിനമായി ആചരിക്കും. ക്രിസ്മസ് ദിനത്തില്‍ സര്‍ക്കാര്‍ പരിപാടി ഒഴിവാക്കണമെന്ന് വടക്കു- കിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ക്രൈസ്തവ സഭകളും ഉന്നയിച്ച ആവശ്യം സര്‍ക്കാര്‍ തള്ളി. ഇതേതുടര്‍ന്ന് സഭകള്‍ പ്രതിഷേധം അറിയിച്ചു.

സര്‍ക്കാറിന്‍െറ രണ്ടരവര്‍ഷത്തെ നേട്ടം ഉയര്‍ത്തിക്കാണിക്കുന്ന 100 ദിവസത്തെ പ്രചാരണത്തിന് സദ്ഭരണ ദിനത്തില്‍ തുടക്കംകുറിക്കും. മന്ത്രിമാരും ബി.ജെ.പി എം.പിമാരും രാജ്യവ്യാപക പര്യടനം നടത്തും. ഏപ്രില്‍ 14ന് അംബേദ്കര്‍ ജന്മദിനത്തിലാണ് പ്രചാരണം സമാപിക്കുന്നത്. യു.പി നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ചുവടുവെപ്പുകൂടിയാണിത്.

ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്ന 100 ദിവസത്തെ ഭാഗ്യസമ്മാന നറുക്കെടുപ്പ് പദ്ധതിയും ഞായറാഴ്ച ആരംഭിക്കും. ദിവസവും ഡിജിറ്റല്‍ പണമിടപാടു നടത്തുന്നവരില്‍നിന്നാണ് ഭാഗ്യവാന്മാരെ തെരഞ്ഞെടുക്കുന്നത്. ആഴ്ചതോറും വ്യാപാരികള്‍ക്കും ലോട്ടറിയടിക്കും. പരിപാടി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും.

അതേസമയം, കഴിഞ്ഞവര്‍ഷം ഭാരതരത്ന ബഹുമതി സമ്മാനിക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി വാജ്പേയിക്ക് ഓര്‍മശക്തി ക്ഷയിച്ചുപോയ ശേഷമുള്ള മറ്റൊരു ജന്മദിനമാണിത്. മുതിര്‍ന്ന നേതാക്കള്‍ അദ്ദേഹത്തെ ഡല്‍ഹിയിലെ വസതിയില്‍ സന്ദര്‍ശിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here