
താനിപ്പോഴും തമിഴ്‌നാട് ചീഫ് സെക്രട്ടറിയാണെന്ന് പി. രാമമോഹന റാവു. ആദായനികുതി റെയ്ഡിനെ തുടര്‍ന്ന് തമിഴ്‌നാട് ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്നു രാമമോഹന റാവുവിനെ പുറത്താക്കിയിരുന്നു. ഡോ. ഗിരിജ വൈദ്യനാഥനാണ് പുതിയ ചീഫ് സെക്രട്ടറി.
എന്നാല്‍ സര്‍ക്കാറിനു തന്നെ പുറത്താക്കാനുള്ള ഉത്തരവിറക്കാന്‍ ചങ്കൂറ്റമില്ലെന്നു റാവു പറയുന്നു. താന്‍ വീട്ടുതടങ്കിലില്‍ ആയിരുന്നു ഇതുവരെ. പിടിച്ചെടുത്ത രേഖകളില്‍ തനിക്കെതിരായി ഒന്നുമില്ല. തന്റെ ജീവന്‍ അപകടത്തിലാണ്.
ജയലളിത ജീവിച്ചിരുന്നെങ്കില്‍ ഇത്തരത്തിലുള്ളതൊന്നും സംഭവിക്കില്ലായിരുന്നു. ഇതു ഭരണഘടനയെ അവഹേളിക്കുന്നതാണ്- ഇന്നു രാവിലെ സിആര്‍പിഎഫ് അദ്ദേഹത്തിന്റെ വസതിയില്‍ നടത്തിയ റെയ്ഡിനെ ഉദ്ധരിച്ച് റാവു പറഞ്ഞു.
തനിക്കു പിന്‍തുണ പ്രഖ്യാപിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും മമതാ ബാനര്‍ജിക്കും റാവു നന്ദി പറഞ്ഞു.
ചെന്നൈയിലെ ഖനി വ്യാപാരിയായ ശേഖര്‍ റെഡ്ഡിയില്‍ നിന്നും 130 കോടി രൂപയും 177 കി.ഗ്രം സ്വര്‍ണവും പിടികൂടിയ സംഭവമാണ് ചീഫ് സെക്രട്ടറിയായിരുന്ന രാമമോഹന റാവുവില്‍ അന്വേഷണം എത്തിച്ചത്.
രാമമോഹന റാവു തമിഴ്‌നാട് ചീഫ് സെക്രട്ടറിയായിരിക്കെ ഖനി വ്യവസായിയായ ശേഖര്‍ റെഡ്ഡിയെ നിയമവിരുദ്ധമായി സഹായിക്കുകയും അയാളുടെ പല വ്യാപാര ഇടപാടില്‍ പങ്കാളിയാവുകയും ചെയ്തിട്ടുണ്ടെന്നാണ് ആദായ നികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റും കണ്ടെത്തിയത്.
ഇതേ തുടര്‍ന്ന് രാമമോഹന റാവുവിന്റെ സെക്രട്ടേറിയറ്റിലെ ഓഫിസും ഔദ്യോഗിക വസതിയിലും കര്‍ണാടകയിലെയും ആന്ധ്രയിലെയും 13 കുടുംബാംഗങ്ങളുടെ വീടുകളിലും നടത്തിയ പരിശോധനയില്‍ കോടികളുടെ പണവും സ്വര്‍ണവും സ്വത്ത് രേഖകളും കണ്ടെത്തി.
രാമമോഹന റാവുവിന്റെ വിവേകിന്റെ പേരില്‍ ദുബൈയില്‍ 1700 കോടി രൂപയുടെ ഹോട്ടല്‍ ഉണ്ടെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു.
മുഖ്യമന്ത്രി ജയലളിതയുടെ മൃതദേഹം രാജാജി ഹാളില്‍ പൊതുദര്‍ശനത്തിനുവെച്ച സമയത്ത് ചീഫ് സെക്രട്ടറിയായിരുന്ന രാംമോഹന്‍ റാവു ഖനി വ്യവസായി ശേഖര്‍ റെഡ്ഡിയോടു നിരന്തരം മൊബൈലില്‍ സംസാരിച്ചിരുന്നു. തന്റെ കോടികള്‍ വരുന്ന പണം സുരക്ഷിതമായി സ്ഥലത്തേക്ക് മാറ്റാനാണ് രാമമോഹന്‍ റാവു സംസാരിച്ചതെന്നാണ് അധികൃതരുടെ ഭാഷ്യം.