ന്യൂഡൽഹി∙ ആലുവ കൂട്ടക്കൊലക്കേസിലെ പ്രതി ആന്റണിയുടെ വധശിക്ഷയിൽ ഇളവില്ല. ശിക്ഷായിളവാവശ്യപ്പെട്ട് നൽകിയ പൊതുതാത്പര്യ ഹർജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ആർ.എം. ലോധ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. അതേസമയം, വധശിക്ഷ ഇളവുചെയ്യണമെന്ന് അഭ്യർഥിച്ചുള്ള ആന്റണി നൽകിയ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

സുപ്രീം കോടതിയിൽ മൂന്ന് ജഡ്ജിമാരടങ്ങുന്ന ബെഞ്ച് വാദം കേട്ടതിനു ശേഷം മാത്രമേ വധശിക്ഷ വിധിക്കാവൂയെന്ന നിയമത്തിന്റെ ആനുകൂല്യത്തിലാണ് ആന്റണിയുടെ ശിക്ഷ നീണ്ടുപോയത്. രണ്ടു പേരടങ്ങിയ ഡിവിഷൻ ബെഞ്ചായിരുന്നു വധശിക്ഷ വിധിച്ചിരുന്നത്. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ദയാഹർജി നൽകിയിരുന്നു. രാഷ്ട്രപതി ഒരിക്കല്‍ ദയാഹരജി തള്ളിയ കേസില്‍ വീണ്ടും ദയാഹരജി സമര്‍പ്പിക്കുന്നത് അപൂര്‍വമാണ്.

ആലുവയിൽ ഒരു കുടുംബത്തിലെ ആറുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ആന്റണി. കൊലപാതകത്തിനുശേഷം വിദേശത്തേക്കു കടന്ന ആന്റണിയെ പൊലീസ് തന്ത്രപൂർവം നാട്ടിലേക്കു വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

ആലുവ മാഞ്ഞൂരാൻ വീട്ടിൽ അഗസ്റ്റിൻ (48), ഭാര്യ മേരി (42), മക്കളായ ദിവ്യ (14), ജെസ്മോൻ (12), അഗസ്റ്റിന്റെ മാതാവ് ക്ലാര (78), സഹോദരി കൊച്ചുറാണി (38) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയെന്നാണു സിബിഐ കേസ്. 2001 ജനുവരി ആറിന് അർധരാത്രിയായിരുന്നു സംഭവം. പ്രതിയായ ആന്റണിക്ക് സിബിഐ പ്രത്യേക കോടതി 2005 ഫെബ്രുവരി രണ്ടിന് വധശിക്ഷ വിധിച്ചു. 2006 സെപ്റ്റംബർ 18ന് ഹൈക്കോടതിയും 2009 ഏപ്രിൽ 22ന് സുപ്രീം കോടതിയും ശിക്ഷ ശരിവച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here