getxxPhoto.php

എലന്‍വില്‍: ഭക്തിയിലും പാരമ്പര്യവിശ്വാസത്തിലും അടിയുറച്ച സഭാസ്‌നേഹത്തിന്റെ സന്ദേശം വിളിച്ചോതി മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ്‌ യൂത്ത്‌ കോണ്‍ഫറന്‍സിന്‌ പ്രൗഢ ഗംഭീരമായ സമാപനം. അപ്‌സ്റ്റേറ്റ്‌ ന്യൂയോര്‍ക്കിലുള്ള എലന്‍വില്‍ ഓണേഴ്‌സ്‌ ഹേവന്‍ റിസോര്‍ട്ടിലാണ്‌ നാലുദിവസം നീണ്ട കോണ്‍ഫറന്‍സ്‌ നടന്നത്‌. വര്‍ണശബളമായ ഘോഷയാത്രയോടെയാണ്‌ വൈകുന്നേരം ആറു മണിക്ക്‌ ചടങ്ങുകള്‍ ആരംഭിച്ചത്‌. ഭക്തിഗാനങ്ങളുടെയും സഭാവിശ്വാസപ്രഖ്യാപനങ്ങളുടെയും, ശിങ്കാരിമേളത്തിന്റെയും അകമ്പടിയോടെ കുട്ടികളും, യുവജനങ്ങളും, സ്‌ത്രീപുരുഷന്മാരും വൈദികരും ഒരുമിച്ചു ചേര്‍ന്നു നടത്തിയ ഘോഷയാത്ര അവിസ്‌മരണീയമായി. ശിങ്കാരിമേളമായിരുന്നു ഹൈലൈറ്റ്‌. എല്‍മോണ്ട്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ചര്‍ച്ചിന്റെ നേതൃത്വത്തിലായിരുന്നു മേളം. ലോബിയില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര നിറപ്പകിട്ടാര്‍ന്ന വിധത്തില്‍ മനോഹരമാക്കാന്‍ ഓരോരുത്തരും ശ്രദ്ധിച്ചിരുന്നു. കറുത്ത പാന്റും വെളുത്ത ഷര്‍ട്ടും ഓരോ ഏരിയയ്‌ക്കും നിശ്ചയിച്ചിരുന്ന കളറോടു കൂടിയ ടൈയുമാണ്‌ പുരുഷന്മാര്‍ ധരിച്ചിരുന്നത്‌. സ്‌ത്രീകള്‍ അതിനുയോജിച്ച സാരിയും ബ്ലൗസും അണിഞ്ഞെത്തി. ബ്രോങ്ക്‌സ്‌, വെസ്‌റ്റ്‌ചെസ്‌റ്റര്‍ അപ്‌സ്റ്റേറ്റ്‌ ന്യൂയോര്‍ക്ക്‌, ബോസ്‌റ്റണ്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ നീല നിറവും, ക്യൂന്‍സ്‌ ലോങ്‌ ഐലന്‍ഡ്‌ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ മെറൂണും, റോക്ക്‌ലാന്‍ഡ്‌, സ്‌റ്റാറ്റന്‍ ഐലന്‍ഡ്‌ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ പച്ച കളര്‍ വസ്‌ത്രങ്ങളുമണിഞ്ഞാണ്‌ ഘോഷയാത്രയില്‍ പങ്കെടുത്തത്‌. ന്യൂജേഴ്‌സി, ഫിലഡല്‍ഫിയ, ബാള്‍ട്ടിമൂര്‍, വാഷിങ്‌ടണ്‍ ഡിസി, വിര്‍ജീനിയ, നോര്‍ത്ത്‌ കരോളിന എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ മഞ്ഞ നിറത്തില്‍ ശ്രദ്ധേയരായി.

സന്ധ്യാപ്രാര്‍ത്ഥനയ്‌ക്കുശേഷം ആരംഭിച്ച ഉദ്‌ഘാടനസമ്മേളനം ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാര്‍ നിക്കോളോവോസ്‌ ഉദ്‌ഘാടനം ചെയ്‌തു. പഞ്ചനക്ഷത്ര സൗകര്യങ്ങളില്‍ മുഴുകുമ്പോഴും വേരുകള്‍ നാമൊരിക്കലും മറക്കരുതെന്ന്‌ ഓര്‍മ്മിപ്പിച്ചു കൊണ്ടായിരുന്നു കോണ്‍ഫറന്‍സ്‌ കോര്‍ഡിനേറ്റര്‍ ഫാ. വിജയ്‌ തോമസ്‌ സദസിനെ സ്വാഗതം ചെയ്‌തത്‌. പിന്നിലേക്ക്‌ നോക്കിയാവണം മുന്നോട്ടു പോകേണ്ടത്‌. വിശ്വാസത്തിന്റെ ഈ ശക്തിചൈതന്യം സഭ ഇന്ന്‌ ആവോളം അനുഭവിക്കുന്നതും ഇതു കൊണ്ടാണ്‌. നമ്മുടെ യുവ തലമുറയ്‌ക്ക്‌, കടന്നു പോയ തലമുറ സഭയ്‌ക്ക്‌ വേണ്ടി അനുഭവിച്ച ത്യാഗങ്ങളുടെയും പ്രതിസന്ധികളുടെയുമൊന്നും കഥയറിയില്ല. ഫാമിലി കോണ്‍ഫറന്‍സ്‌ തുടങ്ങിയിട്ട്‌ 35 വര്‍ഷം കടന്നു പോയിരിക്കുന്നു. ഇത്‌ തുടങ്ങി വച്ച മഹനീയരെ നമുക്ക്‌ നന്ദിപൂര്‍വ്വം ഈ അവസരത്തില്‍ സ്‌മരിക്കാം. അവരുടെ ത്യാഗനിര്‍ഭരമായ നേട്ടങ്ങളെയും അടിയുറച്ച വിശ്വാസങ്ങളെയും ഓര്‍മ്മിച്ചു കൊണ്ടു വിജയ്‌ അച്ചന്‍ എല്ലാവരെയും സ്വാഗതം ചെയ്‌തു.

ഭദ്രാസനമെത്രാപ്പോലീത്ത സഖറിയ മാര്‍ നിക്കോളോവോസ്‌ മെത്രാപ്പോലീത്ത, ഫാ. വിജയ്‌ തോമസ്‌, കീനോട്ട്‌ സ്‌്‌പീക്കര്‍ വെരി. റവ. ഫിലിപ്പ്‌ തോമസ്‌ കോര്‍ എപ്പിസ്‌കോപ്പ, ജനറല്‍ സെക്രട്ടറി ഡോ. ജോളി തോമസ്‌, ട്രഷറര്‍ തോമസ്‌ ജോര്‍ജ്‌ എന്നിവര്‍ ചേര്‍ന്നു നിലവിളക്കു കൊളുത്തി. വിശ്വാസികള്‍ വെളിവ്‌ നിറഞ്ഞോരീശോ… എന്ന ഗാനം ഏറ്റുചൊല്ലി.

വിശ്വാസത്തിലൂന്നിയ ആത്മീയവേദിയില്‍ നില്‍ക്കുമ്പോള്‍ അനുഭവിക്കാനാവുന്നത്‌ പ്രാര്‍ത്ഥനാഭരിതമായ സന്തോഷമാണെന്നു ജനറല്‍ സെക്രട്ടറി ഡോ.ജോളി തോമസ്‌ പറഞ്ഞു. മഹാരഥന്മാരുടെ കാല്‍പ്പാദങ്ങള്‍ പതിഞ്ഞ വേദിയാണിത്‌. യുവതലമുറ ഇതില്‍ നിന്നും ആത്മീയമായ പാഠങ്ങള്‍ ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു. വിശ്വാസത്തില്‍ അടിയുറച്ചു നിന്ന്‌ സമകാലിക പ്രതിസന്ധികളെ തരണം ചെയ്‌തു മുന്നോട്ടു പോകാന്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിലൂടെ കഴിയട്ടെ എന്നും ഡോ. ജോളി തോമസ്‌ ആശംസിച്ചു.

തുടര്‍ന്ന്‌ സംസാരിച്ച സഖറിയാ മാര്‍ നിക്കോളോവോസ്‌ മെത്രാപ്പോലീത്ത തന്റെ മുന്‍ഗാമികളായ ഡോ. തോമസ്‌ മാര്‍ മക്കാറിയോസ്‌, മാത്യൂസ്‌ മാര്‍ ബര്‍ണബാസ്‌ എന്നീ മെത്രാപ്പോലീത്തന്മാരെ അനുസ്‌മരിച്ചു കൊണ്ടാണ്‌ പ്രസംഗിച്ചു തുടങ്ങിയത്‌. തലമുറകളെ ആഘോഷമാക്കുമ്പോള്‍ പിന്‍ഗാമികളെ നമുക്കൊരിക്കലും മറക്കാനാവില്ല. തികഞ്ഞ ലാളിത്യമാര്‍ന്ന തുടക്കമാണ്‌ ഇന്നത്തെ നിലയിലേക്ക്‌ ഈ കോണ്‍ഫറന്‍സിനെ വളര്‍ത്തിയത്‌. കുടിയേറ്റത്തിന്റെ കാലം മുതല്‍ക്ക്‌ ഇവിടെ പടുത്തുയര്‍ത്തിയ സഭാ വിശ്വാസത്തെ ഇന്നും അതേ കരുത്തില്‍ നിലനിര്‍ത്താന്‍ കഴിയുന്നത്‌ വിശ്വാസത്തിലൂന്നിയ കര്‍മ്മനിരതമായ പ്രവര്‍ത്തനമായിരുന്നു. വിശ്വാസത്തില്‍ അഭിവൃദ്ധിപ്പെടുന്ന തലമുറ എന്ന ചിന്താവിഷയത്തെ നാം കൂടുതല്‍ കരുത്തോടെ ഓര്‍മ്മിക്കേണ്ടിയിരിക്കുന്നു. നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി ഓര്‍ത്താണ്‌ ഇന്നത്തെ തലമുറയുടെ വേവലാതി. ഈ മനോഭാവം തിരുത്തേണ്ടിയിരിക്കുന്നു. അവരെക്കുറിച്ചുള്ള ഉത്‌കണ്‌ഠയില്‍ അര്‍ത്ഥമില്ല, ആരുമതിനെക്കുറിച്ച്‌ ആശങ്കപ്പെടേണ്ടതുമില്ലെന്നു തിരുമേനി പറഞ്ഞു. വിശ്വാസത്തിലൂന്നിയുള്ള പ്രവര്‍ത്തനമാണ്‌ നമ്മുടേത്‌. ആത്മീയമായ ഈ കെട്ടുറപ്പ്‌ തലമുറകള്‍ കൈമാറി നമുക്ക്‌ ലഭിച്ചതാണ്‌. നമ്മള്‍ നമ്മോടു തന്നെ സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്‌. എന്തിന്‌ ഈ രാജ്യത്തേക്ക്‌ വന്നു? 99 ശതമാനം പേരും അവസരങ്ങള്‍ തേടിയെത്തി എന്നു പറയും. അങ്ങനെ വന്നെങ്കിലും ദൈവത്തിന്റെ പദ്ധതിയനുസരിച്ചാണ്‌ നിങ്ങള്‍ ഇവിടേക്ക്‌ വന്നതെന്നു ഞാന്‍ പറയും. ഈ വിശ്വാസം നാമെന്നും നിലനിര്‍ത്തണം. ആത്മീയമായ കൂട്ടായ്‌മയും കെട്ടുറപ്പും നമ്മുടെ വിശ്വാസത്തിന്‌ കൂടുതല്‍ കരുത്തു നല്‍കും. ദൈവത്തില്‍ എല്ലാം ഭദ്രമാണെന്ന്‌ നാം വിശ്വസിക്കുന്നു. പുതിയ തലമുറയും വിശ്വാസത്തില്‍ അടിയുറച്ചു ജീവിക്കുന്നവരാണ്‌. അതു നിലനിര്‍ത്തുകയും അവരുടെ വിശ്വാസത്തെ കൂടുതല്‍ ബലപ്പെടുത്തുകയുമാണ്‌ കോണ്‍ഫറന്‍സിന്റെ ലക്ഷ്യമെന്നും മാര്‍ നിക്കോളോവോസ്‌ പറഞ്ഞു.

അമേരിക്കയിലെ മലങ്കരസഭയുടെ ചരിത്രനിമിഷത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിലെ സന്തോഷം പങ്കു വച്ചു കൊണ്ടാണ്‌ വെരി. റവ. ഫിലിപ്പ്‌ തോമസ്‌ കോര്‍ എപ്പിസ്‌കോപ്പ ഹ്രസ്വമായ പ്രസംഗം നടത്തിയത്‌. പ്രതീക്ഷാനിര്‍ഭരമായ പുതിയ തലമുറയില്‍ നിന്നു സഭ കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ടെന്നു പറഞ്ഞ അച്ചന്‍ മലേഷ്യയിലെ സഭയുടെ വളര്‍ച്ചയെപ്പറ്റി പ്രതിപാദിച്ചു. പിറന്നാള്‍ ആഘോഷിക്കുന്ന ഭദ്രാസന സെക്രട്ടറി ഫാ.എം.കെ കുറിയാക്കോസിനെയും വേദിയില്‍ അനുമോദിച്ചു.

തുടര്‍ന്ന്‌ കോണ്‍ഫറന്‍സിനോടനുബന്ധിച്ച്‌ പുറത്തിറക്കുന്ന സുവനീര്‍ മെത്രാപ്പോലീത്ത സഖറിയാ മാര്‍ നിക്കോളോവോസ്‌ പ്രകാശനം ചെയ്‌തു. ഫിനാന്‍സ്‌ ചെയര്‍ ഫിലിപ്പോസ്‌ ഫിലിപ്പ്‌ , ചീഫ്‌ എഡിറ്റര്‍ ലിന്‍സി ഫിലിപ്പ്‌ എന്നിവര്‍ സംസാരിച്ചു. ഓണ്‍സൈറ്റ്‌ റെസ്‌പോണ്‍സിബിലിറ്റിയുടെ ചുമതലയുള്ള ജെസി തോമസ്‌ കോണ്‍ഫറന്‍സ്‌ റൂള്‍സ്‌ ആന്‍ഡ്‌ റെഗുലേഷന്‍സിനെ പറ്റി സംസാരിച്ചു. കോര്‍ഡിനേറ്റര്‍ ഫാ. വിജയ്‌ തോമസ്‌ കോണ്‍ഫറന്‍സില്‍ സമയകൃത്യത പാലിക്കുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി ഓര്‍മ്മിപ്പിച്ചു. ട്രഷറര്‍ തോമസ്‌ ജോര്‍ജ്‌ കൃതജ്ഞത പ്രകാശിപ്പിച്ചു.

സ്റ്റീഫന്‍ ദേവസി, അഞ്‌ജു ജോസഫ്‌, ഡ്രമ്മര്‍ ജിമ്മി ജോര്‍ജ്‌ എന്നിവര്‍ നയിച്ച ഡിവോഷണല്‍ ഗാനമേള സദസിനെ സന്തോഷഭരിതമാക്കി. വൈകുന്നേരത്തെ ക്യാമ്പ്‌ ഫയര്‍ കോണ്‍ഫറന്‍സിലെ പങ്കാളികളെല്ലാവരും ആസ്വദിച്ചു.

വിശ്വാസത്തിന്റെ എല്ലാ നദികളും പസഫിക്ക്‌, അറ്റ്‌ലാന്റിക്ക്‌ കോണ്‍ഫറന്‍സ്‌ ഹാളുകളിലെ വിശുദ്ധിയുടെ സമുദ്രത്തില്‍ ലയിക്കുന്ന അനുഭവത്തിനാണ്‌ രണ്ടാം ദിനം സാക്ഷ്യം വഹിച്ചത്‌. ആത്മീയ നിറവിലൂറി വന്ന ഭക്തിയുടെ നീരുറവ വിശ്വാസത്തിന്റെ നദിയില്‍ ലയിച്ച്‌ മൂല്യങ്ങളുടെ സമുദ്രത്തിലേക്ക്‌ ചെന്നെത്തുകയായിരുന്നു. ആത്മബോധത്തിന്റെ സമുദ്രത്തിലേക്ക്‌ മിഴി തുറന്ന കോണ്‍ഫറന്‍സിന്റെ രണ്ടാം പകല്‍ വിശ്വാസികളുടെ ആത്മവിശുദ്ധിയില്‍ ധന്യമായി. എലന്‍വില്‍ സാക്ഷ്യം വഹിച്ചത്‌ ആത്മശുദ്ധീകരണത്തിന്റെ സാക്ഷാത്‌ക്കാരത്തിനും തലമുറകളുടെ വിശ്വാസത്തെ അഭിവൃദ്ധിപ്പെടുത്തുന്നതിനുമായിരുന്നു.

6.30 ന്‌ നമസ്‌ക്കാരത്തോടെ പരിപാടികള്‍ക്ക്‌ തുടക്കമായി. മുതിര്‍ന്നവര്‍ക്കായി ധ്യാനപ്രസംഗം നടത്തിയ ഫാ.തിമോത്തി തോമസ്‌, പൈതൃകമായി സംഭരിച്ച നാലു ഗുണങ്ങളെപ്പറ്റി സംസാരിച്ചു. മറ്റുള്ളവരെ പരിപോഷിപ്പിക്കുന്നവരാവുക, പ്രകാശം പരത്തുന്നവരാകുക, ജീവിതത്തിന്‌ മൂല്യം കൂട്ടുന്നവരാവുക, സൗഖ്യദായകരാവുക. യുവജനങ്ങള്‍ക്കായുള്ള ധ്യാനപ്രസംഗം നടത്തിയ സെമിനാരിയന്‍ ബോബി വറുഗീസ്‌ ആവര്‍ത്തന പുസ്‌തകത്തിലെ വംശാവലിയില്‍ തുടങ്ങി 21-ാം നൂറ്റാണ്ടില്‍ എത്തിനില്‍ക്കുന്ന യുവജനതയോട്‌ ഒരു പിടി ചോദ്യങ്ങളാണ്‌ ചോദിച്ചത്‌. എന്താണ്‌ സഭാ ജീവിതത്തില്‍ നിങ്ങള്‍ ചെയ്യാന്‍ പോകുന്നത്‌? യുവജനങ്ങള്‍ക്ക്‌ വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്ന വൈദികര്‍, മാതാപിതാക്കള്‍ തുടങ്ങിയവര്‍ക്ക്‌ മേല്‍ ബോബി വറുഗീസ്‌ ആശംസകള്‍ ചൊരിയുകയും ചെയ്‌തു. കോര്‍ഡിനേറ്റര്‍ ഫാ. വിജയ്‌ തോമസും ജനറല്‍ സെക്രട്ടറി ഡോ.ജോളി തോമസും ഈ ദിവസം നടക്കുന്ന പരിപാടികളെക്കുറിച്ച്‌ പ്രതിപാദിച്ചു. ബിനു സാമുവല്‍ ഭദ്രാസന വളര്‍ച്ചയുടെ നാള്‍വഴി വീഡിയോ പ്രസന്റേഷനിലൂടെ അവതരിപ്പിച്ചു.

തുടര്‍ന്ന്‌ കോണ്‍ഫറന്‍സ്‌ ഗായകസംഘം മനോഹരമായ ഗാനങ്ങള്‍ പാടി. സഫേണ്‍ സെന്റ്‌ മേരീസ്‌, ഓറഞ്ച്‌ബര്‍ഗ്‌ സെന്റ്‌ ജോണ്‍സ്‌, വാലികോട്ടേജ്‌ സെന്റ്‌ മേരീസ്‌ എന്നീ ഇടവകകളില്‍ നിന്നുള്ളവര്‍ അടങ്ങിയ ഗായകസംഘത്തിന്‌ റവ. ഡോ രാജു വറുഗീസ്‌, റവ. ഡോ. വറുഗീസ്‌ എം. ഡാനിയല്‍, ഫാ. മാത്യു തോമസ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രഭാതഭക്ഷണത്തിനു ശേഷം സഭയുടെ വളര്‍ച്ചാപടവുകളെ പറ്റി പ്രധാന പ്രാസംഗികന്‍ വെരി.റവ. ഫിലിപ്പ്‌ തോമസ്‌ കോര്‍ എപ്പിസ്‌കോപ്പ ചര്‍ച്ച തുടങ്ങിവച്ചു. ദൈവത്തിന്റെ പ്രപഞ്ചസൃഷ്ടി പദ്ധതിയുടെ ഭാഗമായ മനുഷ്യന്‍ ദൈവീകസാന്നിധ്യം തുളുമ്പുന്നവരായി പൂര്‍ണ്ണതയിലേക്ക്‌ വളരുകയെന്നതാണ്‌ നമ്മുടെ വിശ്വാസത്തിന്റെ കാതലെന്ന്‌ വെരി. റവ. ഫിലിപ്പ്‌ തോമസ്‌ കോര്‍ എപ്പിസ്‌കോപ്പ പ്രസ്‌താവിച്ചു. തലമുറകള്‍ കൈമാറുന്ന വിശ്വാസമെന്ന വിഷയം അവതരിപ്പിച്ച്‌ പ്രാരംഭപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. യുവജനങ്ങളെ വിശ്വാസജീവിതത്തിലേക്ക്‌ തിരിച്ചു കൊണ്ടുവരുവാന്‍ നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. മറ്റ്‌ പ്രവാസ മലങ്കര ഓര്‍ത്തഡോക്‌സ്‌ സമൂഹം ഭാവി എന്ത്‌ എന്ന ചോദ്യത്തിനുത്തരമായി അമേരിക്കന്‍ ഭദ്രാസനങ്ങളെയാണ്‌ ഉറ്റു നോക്കുന്നതെന്നു പറഞ്ഞു കൊണ്ടാണ്‌ തന്റെ ഒന്നാം ദിവസ പ്രസംഗം അവസാനിപ്പിച്ചത്‌. യുവജനങ്ങള്‍ക്കായി ഫാ. അജു ഫിലിപ്പ്‌ മാത്യുവും, കുട്ടികള്‍ക്കായി ഫാ. എബി ജോര്‍ജും സംസാരിച്ചു. ലഘുഭക്ഷണത്തിന്‌ ശേഷം ഗ്രൂപ്പ്‌ ചര്‍ച്ചകള്‍ നടന്നു. ഉച്ച നമസ്‌ക്കാരത്തിനും ഭക്ഷണത്തിനും ശേഷം സൂപ്പര്‍ സെഷനുകളുടെ സമയമായിരുന്നു.

മനുഷ്യജീവിതത്തില്‍ സുനിശ്ചിതമായത്‌ ഒന്നേയുള്ളു-മരണം. എന്നാലത്‌ എപ്പോള്‍ എവിടെ എങ്ങനെ എന്ന്‌ നിശ്ചമയില്ല താനും. ഒരു ഓര്‍ത്തഡോക്‌സ്‌ വിശ്വാസിക്ക്‌ ജീവിതാന്ത്യത്തെക്കുറിച്ചുള്ള വ്യക്തമായ ധാരണ ആവശ്യമാണ്‌. പ്രത്യേകിച്ച്‌ അത്യാധുനിക വൈദ്യശാസ്‌ത്ര രംഗത്തുള്ള നൂതന കാഴ്‌ചപ്പാടുകളെക്കുറിച്ച്‌. വിഷയത്തിലൂന്നിയ പ്രസംഗത്തിന്‌ റവ. ഡോ. വറുഗീസ്‌ എം. ഡാനിയല്‍ തുടക്കമിടുകയായിരുന്നു. സഹിക്കാന്‍ കഴിയാത്ത വേദനയുടെ മധ്യത്തില്‍ രോഗിയുടെ സമ്മതത്തോടു കൂടിയോ അല്ലാതെയോ മരണം വിധിപ്പാന്‍ (ദയാവധം നല്‍കാന്‍) അവകാശം ഉണ്ടോ?. മരണശേഷം അവയവങ്ങള്‍ ദാനം ചെയ്യുന്നത്‌ ഓര്‍ത്തഡോക്‌സ്‌ വിശ്വാസപ്രകാരം പാപമാണോ? മനുഷ്യജീവിതത്തെക്കുറിച്ചും അവന്റെ ശരീരത്തെക്കുറിച്ചുമുള്ള വേദപുസ്‌തക അടിസ്ഥാനത്തിലുള്ള പഠിപ്പിക്കല്‍ എന്താണ്‌? മരണത്തോടു മല്ലടിക്കുന്ന ഒരു രോഗിക്ക്‌ ആയുസ്സു വര്‍ദ്ധിപ്പിക്കുന്ന ചികിത്സ നല്‍കുന്നതില്‍ തെറ്റ്‌ ഉണ്ടോ?

എന്താണ്‌ ഇതിന്റെ വേദശാസ്‌ത്ര അടിസ്ഥാനം. എന്നിവയെക്കുറിച്ചുള്ള വിശദമായ ഒരു പഠനമാണ്‌ സൂപ്പര്‍ സെഷനില്‍ റവ. ഡോ. വറുഗീസ്‌ എം. ഡാനിയല്‍ നടത്തിയത്‌. ഫോര്‍ഡാം യൂണിവേഴ്‌സിറ്റിയിലെ വിസിറ്റിങ്‌ ഫെലോ ആയ അച്ചന്‍ 2015-ലെ പാര്‍ലമെന്റ്‌ ഓഫ്‌ വേള്‍ഡ്‌ റിലീജിയനിലെ പ്രാസംഗികനായിരുന്നു.

അമേരിക്കന്‍ മണ്ണില്‍ ഇടവകകള്‍ നിലനില്‍ക്കുവാനും സംരക്ഷിക്കപ്പെടാനും ധനശേഖരണം അനിവാര്യമാണ്‌. ഇത്‌ എങ്ങനെ സാധ്യമാകുമെന്നത്‌ ഇടവകകളുടെ ഒരു പ്രധാന ചോദ്യമാണ്‌. ഇതു കൊണ്ടാണ്‌ ജോണ്‍ കോംഗ്‌ടണിന്റെ സൂപ്പര്‍ സെഷന്‍ പ്രസക്തമായത്‌. ചിട്ടയായ രീതികളും മാര്‍ഗ്ഗങ്ങളും ധനശേഖരണത്തിന്‌ പുതിയ ദിശാബോധം നല്‍കുമെന്ന്‌ ജോണ്‍ കോംഗ്‌ടണ്‍ പറഞ്ഞു. Donor Centered Philanthropy യിലൂടെ ഏതൊരു പ്രസ്ഥാനത്തിലും കാതലായ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കും. ആത്മീയ പരിശീലനത്തിലൂടെ ജീവിതചര്യയില്‍ തന്നെ മാറ്റങ്ങളുണ്ടാക്കാം, ക്രിസ്‌തുവിന്റെ ജീവിതം അതാണ്‌ പഠിപ്പിക്കുന്നത്‌.

ഓര്‍ത്തഡോക്‌സ്‌ സഭയുടെ മഹിമയില്‍ ഏറ്റവും പ്രധാനമായത്‌ ആരാധനയാണ്‌. ആരാധനയിലെ ഗീതം അതിന്റെ മാറ്റ്‌ കൂട്ടുന്നു. എന്നാലത്‌ ഭംഗിയായും ചിട്ടയായും പാടുകയെന്നത്‌ അനിവാര്യമായ ഒന്നാണ്‌. ആരാധന ശ്രേഷ്‌ഠമാക്കാന്‍ സംഗീത ഉപകരണങ്ങള്‍ ഉപയോഗിക്കപ്പെട്ടേക്കാമെങ്കിലും അമിത ഉപയോഗം ആരാധന സംഗീതത്തെ വികലമാക്കും. മനുഷ്യനെ ഭൗമിക തലത്തില്‍ നിന്ന്‌ സ്വര്‍ഗ്ഗീയ തലത്തിലേക്ക്‌ ഉയര്‍ത്തുന്ന കൗദാശിക പശ്ചാത്തലത്തില്‍ ആരാധന സംഗീതം അതിന്റെ മനോഹാരിത നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടത്‌ ഓരോ വിശ്വാസിയുടെയും കടമയാണ്‌. ഈ വിഷയം ആസ്‌പദമാക്കിയാണ്‌ ഫാ. തോമസ്‌ പോളും ഫാ. എല്‍ദോസ്‌ ഏലിയാസും സൂപ്പര്‍ സെഷന്‍ നയിച്ചത്‌.

വിശ്വാസ സമൂഹം ഒന്നിച്ച്‌ പാടുന്നതിന്റെ ഹാര്‍മണിയും ഒരു പോലെ പ്രതിവാക്യം പറയുന്നതും പരമപ്രധാനമാണ്‌. സദസ്സിലുണ്ടായിരുന്നവരെ കൊണ്ട്‌ പാടിപ്പിച്ചും പാടിയും പഠിപ്പിച്ചും രണ്ട്‌ അച്ചന്മാരും അരങ്ങ്‌ തകര്‍ത്തു. ആരാധനാ ഗീതങ്ങളിലെ എട്ട്‌്‌ നിറങ്ങളുടെ (രാഗങ്ങള്‍) വൈവിധ്യം പാടി കൊണ്ട്‌ രണ്ട്‌ അച്ചന്മാരും അവതരിപ്പിച്ചത്‌ അതീവ ഹൃദ്യമായി. ആരാധനാഗീതങ്ങളോട്‌ ജനങ്ങള്‍ക്കുള്ള ആഭിമുഖ്യം പ്രകടമാക്കുന്നതായിരുന്നു, ഹാള്‍ നിറഞ്ഞു കവിഞ്ഞ ജനക്കൂട്ടം.

മൂന്നു മണിക്ക്‌ കായിക പരിപാടികള്‍ ആരംഭിച്ചു. വൈദികര്‍ ഉള്‍പ്പെടെയുള്ള നിരവധി പേര്‍ ആവേശപൂര്‍വ്വം പ്‌ങ്കെടുത്ത ഒരു പരിപാടിയായിരുന്നു ഇത്‌. വൈദികരും അത്മായരും തമ്മില്‍ നടന്ന വോളിബോള്‍ മത്സരത്തില്‍ ഫാ. ബോബി പീറ്റര്‍ ക്യാപ്‌റ്റന്‍ ആയ വൈദികരുടെ ടീം വിജയികളായി. ഏരിയാവൈസ്‌ വോളിബോള്‍ മത്സരത്തില്‍ വിജയികളായ റോക്ക്‌ലാന്‍ഡ്‌/ സ്‌റ്റാറ്റന്‍ ഐലന്‍ഡ്‌ ടീം (ഗ്രീന്‍) മാര്‍ ബര്‍ണബാസ്‌ മെമ്മോറിയല്‍ ട്രോഫി കരസ്ഥമാക്കി. ന്യൂജേഴ്‌സി/ ഫിലഡല്‍ഫിയ (യെലോ ടീം) റണ്ണര്‍ അപ്പായി. ബാസ്‌ക്കറ്റ്‌ ബോള്‍, ബേഗല്‍ ബൈറ്റ്‌ , പാസിങ്‌ ഹോട്ട്‌ പൊട്ടറ്റോ, വടംവലി, ഷോട്ട്‌പുട്ട്‌, ലെമണ്‍ ആന്‍ഡ്‌ സ്‌പൂണ്‍ എന്നീ ഇനങ്ങളില്‍ മത്സരവും നടന്നു. രാജു പറമ്പില്‍ കോര്‍ഡിനേറ്റര്‍ ആയ കമ്മിറ്റിയിലെ മറ്റ്‌ അംഗങ്ങളായ സജി പോത്തന്‍, ജീമോന്‍ വറുഗീസ്‌, ടൈറ്റസ്‌ അലക്‌സാണ്ടര്‍, ഷാജി വറുഗീസ്‌, ബോബി പറമ്പില്‍, സാറാമ്മ സൈമണ്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി.

അത്താഴത്തിനും നമസ്‌ക്കാരത്തിനും ശേഷം ഫാ. സുജിത്‌ തോമസ്‌ ധ്യാനപ്രസംഗം നടത്തി. പ്രധാന ചിന്താവിഷയത്തിലൂന്നി സംസാരിച്ച സുജിത്‌ അച്ചന്‍ യഹോവയുടെ തണലില്‍ ഇരിക്കുമ്പോള്‍ ആര്‍ക്കും താന്‍ `സെല്‍ഫ്‌ മെയ്‌ഡ്‌’ ആണെന്നു പറയുവാന്‍ സാധിക്കില്ലെന്നു സൂചിപ്പിച്ചു.

ഗായകസംഘം അവതരിപ്പിച്ച- റവ. ഡോ. വറുഗീസ്‌ എം. ഡാനിയല്‍ ഉള്‍പ്പെടെയുള്ളവരുടെ- ഗാനങ്ങള്‍ക്ക്‌ ശേഷം സുവനീര്‍ പ്രസിദ്ധീകരണവുമായി സഹകരിച്ചവരെയും പ്രവര്‍ത്തിച്ചവരെയും ആദരിക്കുന്ന ചടങ്ങായിരുന്നു. ബിസിനസ്സ്‌ മാനേജര്‍ ഫിലിപ്പോസ്‌ ഫിലിപ്പ്‌ എല്ലാവരെയും പരിചയപ്പെടുത്തി. ഉപഹാരങ്ങള്‍ നല്‍കുകയും ചെയ്‌തു. കൂടുതല്‍ പണം സമാഹരിച്ച ഇടവകകളെയും ആദരിച്ചു. 312 പേജുള്ള സുവനിയറിലൂടെ എണ്‍പതിനായിരം ഡോളര്‍ സമാഹരിക്കാന്‍ കഴിഞ്ഞതില്‍ മാര്‍ നിക്കോളോവോസ്‌ മെത്രാപ്പോലീത്ത ചാരിതാര്‌ത്ഥ്യം പ്രകടിപ്പിക്കുകയും ഫിലിപ്പോസ്‌ ഫിലിപ്പ്‌ ഉള്‍പ്പെടെ എല്ലാവരെയും ആദരിക്കുകയും ചെയ്‌തു. ചീഫ്‌ എഡിറ്റര്‍ ലിന്‍സി തോമസിന്‌ മേല്‍ പ്രശംസാവര്‍ഷം ചൊരിഞ്ഞ മാര്‍ നിക്കോളോവോസ്‌ ലിന്‍സി തോമസിനെ പരാമര്‍ശിച്ചു കൊണ്ട്‌ അടുത്ത തലമുറയെപ്പറ്റി തനിക്ക്‌ ആശങ്കയെ ഇല്ലെന്നു പറഞ്ഞു.

തുടര്‍ന്ന്‌ കലാപരിപാടികള്‍ അരങ്ങേറി. കോര്‍ഡിനേറ്റര്‍ ജാസ്‌മിന്‍ ഉമ്മനും അനുജോസഫും പരിപാടികള്‍ കോര്‍ഡിനേറ്റ്‌ ചെയ്‌തു. വിവിധ ഇടവകകളില്‍ നിന്നുള്ളവര്‍ ഗാനം, നൃത്തം, ഹാസ്യപരിപാടികള്‍, ചിത്രീകരണം എന്നിവ അവതരിപ്പിച്ചു.

രാവിലെ 6.30-ന്‌ നമസ്‌ക്കാരത്തോടെ മൂന്നാം ദിനം ആരംഭിച്ചു. തുടര്‍ന്ന്‌ ഫാ. എല്‍ദോസ്‌ ഏലിയാസ്‌ ധ്യാനപ്രസംഗം നടത്തി. 55-ാം സങ്കീര്‍ത്തനത്തെ ആസ്‌പദമാക്കി ദാവീദ്‌ രാജീവ്‌ നേരിട്ട മാനസിക പിരിമുറക്കങ്ങളെപ്പറ്റി പ്രതിപാദിച്ച എല്‍ദോസ്‌ അച്ചന്‍, ഈ കാലഘട്ടത്തിലെ പ്രശ്‌നങ്ങളില്‍ നിന്നും പ്രതിസന്ധികളില്‍ നിന്നും ഒളിച്ചോട്ടമല്ല, മറിച്ച്‌ ദൈവസന്നിധിയില്‍ സമര്‍പ്പണ ബോധത്തോടെ നിന്ന്‌ ദൈവാശ്രയത്തെ മുറുകെ പിടിക്കുമ്പോള്‍ ഉത്തരം കിട്ടുമെന്നു സൂചിപ്പിച്ചു.

പ്രഭാതഭക്ഷണത്തിനു ശേഷം അറ്റ്‌ലാന്റിക്ക്‌ ഹാളില്‍ ഗായകസംഘം ഗാനങ്ങള്‍ ആലപിച്ചു. ഓരോ ദിവസവും വ്യത്യസ്‌തവും ഒരേ പോലെയുള്ളതുമായ വസ്‌ത്രങ്ങള്‍ അണിഞ്ഞെത്തിയ 48 പേരടങ്ങിയ പുരുഷന്മാരും സ്‌ത്രീകളും കുട്ടികളും സദസ്സിന്റെ കണ്ണിനും കാതിനും ഇമ്പമേകി. ഡോ ജോളി തോമസ്‌ ഈ ദിവസത്തെ ക്രമീകരണങ്ങള്‍ സംബന്ധിച്ച അനൗണ്‍സ്‌മെന്റ്‌ നടത്തി. ഐക്കോണ്‍ ചാരിറ്റീസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും നേപ്പാള്‍ ദുരിതാശ്വാസത്തിനായി ഐക്കോണ്‍ ചാരിറ്റീസ്‌ ചെയ്‌തു കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെപ്പറ്റിയും അജു തര്യന്‍ വിവരണം നല്‍കി. വീഡിയോ പ്രസന്റേഷനും ഉണ്ടായിരുന്നു.

പസഫിക്ക്‌ ഹാളില്‍ പ്രധാന പ്രാസംഗികന്‍ വെരി. റവ. ഫിലിപ്പ്‌ തോമസ്‌ കോര്‍ എപ്പിസ്‌കോപ്പ, ചിന്താവിഷയത്തിലൂന്നിയ പ്രസംഗ പരമ്പരയുടെ രണ്ടാം ഭാഗത്തിലേക്ക്‌ കടന്നു. സഭ എന്നാലെന്ത്‌, നമ്മുടെ സഭയുടെ സവിശേഷതകളെന്ത്‌ എന്നതിനെപ്പറ്റി ലളിതമായ വാക്കുകളിലൂടെ അച്ചന്‍ വിവരിച്ചു. സന്ദര്‍ഭോചിതമായ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടിയും ജീവിതപന്ഥാവിലെ നേരറിവുകള്‍ പങ്ക്‌ വെച്ചും ഫിലിപ്പ്‌ തോമസ്‌ അച്ചന്‍ സഭാവിശ്വാസികളുടെ മനം കവര്‍ന്നു. യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കുമുള്ള സെഷനുകള്‍ക്ക്‌ യഥാക്രമം ഫാ. എബി ജോര്‍ജും, ഫാ അജു ഫിലിപ്പ്‌ മാത്യുവും നേതൃത്വം നല്‍കി. ലഘു ഭക്ഷണത്തിന്‌ ശേഷം ഗ്രൂപ്പ്‌ അടിസ്ഥാനത്തില്‍ ചര്‍ച്ചകള്‍ നടന്നു.

ഉച്ചഭക്ഷണത്തിനു ശേഷം സൂപ്പര്‍സെഷനുകളുടെ സമയമായിരുന്നു. ഭദ്രാസനത്തിന്റെ ഭാവി എന്ന വിഷയത്തിലൂന്നിയ ചര്‍ച്ചകള്‍ ഫാ.സുജിത്‌ തോമസ്‌ കോര്‍ഡിനേറ്റ്‌ ചെയ്‌തു. മാര്‍ നിക്കോളോവോസ്‌ മെത്രാപ്പോലീത്ത, വെരി റവ. ഫിലിപ്പ്‌ തോമസ്‌ കോര്‍ എപ്പിസ്‌കോപ്പ എന്നിവരും പങ്കെടുത്തു.

സഖറിയ മാര്‍ നിക്കോളോവോസ്‌ മെത്രാപ്പോലീത്തയുടെ സാന്നിധ്യത്തില്‍ ഫാമിലി കോണ്‍ഫറന്‍സിന്റെ മുഖ്യ പ്രാസംഗികന്‍ വെരി. റവ ഫിലിപ്പ്‌ തോമസ്‌ കോര്‍ എപ്പിസ്‌കോപ്പ ചോദ്യങ്ങള്‍ക്ക്‌ മറുപടി പറഞ്ഞു. മലേഷ്യയില്‍ സഭയുടെ വളര്‍ച്ചയും യുവജനങ്ങുടെ പങ്കാളിത്തവും സഭ നേരിടുന്ന നൂതന വെല്ലുവിളികളും അച്ചന്‍ ശ്രദ്ധാപൂര്‍വ്വം വിവരിച്ചു. ഭാഷയുടെ അതിര്‍ വരമ്പുകള്‍ക്കപ്പുറം ആരാധനയും ആത്മീയാനുഭവവും യുവമനസ്സുകള്‍ക്ക്‌ ഹൃദ്യമാക്കാന്‍ അവരെ മുഖ്യധാരയിലേക്ക്‌ എത്തിക്കാന്‍ നാം പരിശ്രമിക്കണം.

അമേരിക്കന്‍ ഭദ്രാസനം ഊര്‍ജ്വസ്വലരും സമര്‍ത്ഥരുമായ യുവ വൈദികരാല്‍ സമ്പന്നമാണ്‌. ഇടവക തലങ്ങളിലും ഭദ്രാസനതലത്തിലും ഈ വൈദികരുടെ നേതൃത്വവും പാണ്ഡിത്യവും ഫലപ്രദമായി മാറുവാന്‍ പ്രാര്‍ത്ഥനയും പിന്തുണയും ആവശ്യമാണ്‌. പരമ്പരാഗതമായ പരിശീലന മാര്‍ഗ്ഗങ്ങള്‍ക്കുമപ്പുറം കാലോചിതവും സാഹചര്യങ്ങള്‍ക്കനുസൃതവുമായ വഴികളിലൂടെ ദൈവകൃപയാല്‍ വളരുവാന്‍ നമുക്ക്‌ കഴിയണം. കുഞ്ഞുങ്ങളുടെ സണ്‍ഡേ സ്‌കൂള്‍ പഠനവും യുവജനങ്ങളുടെ ആരാധനാപങ്കാളിത്തവും മാറുന്ന തലമുറയുടെ മൂല്യബോധനവും കാലാനുസൃതമായി പുനര്‍ നിര്‍വചിക്കാന്‍ സഭയ്‌ക്കും നേതൃത്വത്തിനും കഴിയണം. സദസ്സില്‍ നിന്നും ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക്‌ അച്ചന്‍ നല്‍കിയ മറുപടി ഏറെ പ്രചോദനകരവും ഹൃദ്യവുമായിരുന്നു.

ചരിത്രത്തിലേക്കുള്ള ഒരു തിരിഞ്ഞു നോട്ടമായിരുന്നു ഭദ്രാസന സെക്രട്ടറിയായ ഫാ. എം. കെ. കുറിയാക്കോസ്‌ നയിച്ച സൂപ്പര്‍ സെഷന്‍. 1653-ലെ കൂനന്‍കുരിശു സത്യംവരെയുള്ള മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭാ ചരിത്രത്തെക്കുറിച്ച്‌ അദ്ദേഹം ക്ലാസ്സെടുത്തു. മലങ്കരസഭയുടെ ചരിത്രം അതിന്റെ തനിമയിലേക്കും അതുല്യതയിലേക്കും വെളിച്ചും വീശുന്ന ചുണ്ടുപലകയാണ്‌. ഇന്ത്യ ചരിത്രത്തിലെ വിദേശ ശക്തിയുടെ അധീനതയ്‌ക്കെതിരേ ഉയര്‍ന്ന ആദ്യത്തെ സ്വാതന്ത്ര്യസമരമാണ്‌ 1653-ലെ കൂനന്‍ കുരിശ്‌ സത്യം. എഡി 520-ല്‍ മാര്‍ത്തോമ്മ ശ്ലീഹായാല്‍ സ്ഥാപിതമായ മലങ്കരസഭയുടെ ശ്ലൈഹിക അധികാരത്തെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ച പാശ്ചാത്യ ശക്തിക്കെതിരേയുള്ള സത്യമാര്‍ഗ്ഗത്തിന്റെ ശബ്ദമായിരുന്നു ആ ശബ്ദം.

1499-ല്‍ പേര്‍ഷ്യന്‍ സഭയുമായുണ്ടായിരുന്ന ബന്ധത്തെയും ആരാധന പാരമ്പര്യത്തെയും നിര്‍ജ്ജീവിപ്പിക്കാനുള്ള ശ്രമമമായിരുന്ന ആ വര്‍ഷം നടന്ന ഉദയംപേരൂര്‍ സുന്നഹദോസ്‌. ഇന്ന്‌ പ്രചാരത്തിലിരികക്‌ുന്ന കുര്‍ബ്ബാന, റാസ, കശ്ശിശ തുടങ്ങിയ പൗരസ്‌ത്യ സുറിയാനി പദങ്ങള്‍ ഈ ബന്ധത്തിന്റെ തുടര്‍ച്ചയാണ്‌.

1653-നു ശേഷം പല പാശ്ചാത്യസഭകളും മലങ്കരസഭയുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്താന്‍ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും അതാതു കാലങ്ങളിലെ മലങ്കരസഭ പിതാക്കന്മാര്‍ ശക്തമായ ആത്മീയ നേതൃത്വത്തില്‍ പ്രതിരോധിച്ചിട്ടുണ്ട്‌. ഇതിന്റെ ഫലമാണ്‌ തദ്ദേശിയതില്‍ വേരൂന്നിയ ഈ സഭയുടെ സ്വയം ശീര്‍ഷകത്വവും പൗരാണികത്തനിമയും.

മര്‍ത്തമറിയം വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന യോഗത്തില്‍ വൈസ്‌ പ്രസിഡന്റ്‌ ഫാ. ടി.എ തോമസ്‌ അധ്യക്ഷത വഹിച്ചു. സാറാ വറുഗീസ്‌ (ജനറല്‍ സെക്രട്ടറി), മേരി വറുഗീസ്‌ (ട്രഷറര്‍), മേരി എണ്ണച്ചേരില്‍ (ദിവ്യബോധനം) എന്നിവര്‍ സംസാരിച്ചു.

അറ്റ്‌ലാന്റിക്ക്‌ ഹാളില്‍ `എന്തു കൊണ്ട്‌ ഓര്‍ത്തഡോക്‌സി’ എന്ന വിഷയത്തിലൂന്നി ഫാ. വി.എം ഷിബു ക്ലാസ്സെടുത്തു. ഓര്‍ത്തഡോക്‌സിയും ഒരു ജീവിതവഴിത്താരയാണ്‌. ഇതിനെ ഒരു തീര്‍ത്ഥാടനത്തോടു ഉപമിക്കാം. മറ്റൊന്നായി പറഞ്ഞാല്‍, ദൈവത്തോട്‌ ഒന്നായി ചേരുന്ന വളര്‍ച്ച. സത്‌പ്രവര്‍ത്തികള്‍ ചെയ്യുകയും സുവാര്‍ത്ത അറിയിക്കുകയും സവിനയം ജീവിക്കുകയും ചെയ്‌താല്‍ ഓര്‍ത്തഡോക്‌സിയിലൂടെയുള്ള യാത്ര ധന്യമാകും.

നാലു മണി കാപ്പിക്ക്‌ ശേഷം നടന്ന പ്ലീനറി സെഷനില്‍ കോര്‍ഡിനേറ്റര്‍ ഫാ.വിജയ്‌ തോമസ്‌, ഭദ്രാസന കൗണ്‍സില്‍ അംഗം ഡോ. സാക്ക്‌ സഖറിയ എന്നിവര്‍ സ്ഥിതി വിവര കണക്കുകളും സര്‍വ്വേഫലങ്ങളും പങ്കുവച്ചു. ഗ്രൂപ്പ്‌ ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ്‌ വന്ന ആശയങ്ങള്‍ വിജയ്‌ അച്ചനും, ഡോ. സാക്ക്‌ സഖറിയയും ചേര്‍ന്ന്‌ നര്‍മ്മരസത്തില്‍ അവതരിപ്പിച്ചു. യുവജനങ്ങള്‍ക്ക്‌ വേണ്ടി റോഷനും നേഹയും സണ്‍ഡേ സ്‌കൂള്‍ കുട്ടികളും തങ്ങളുടെ അനുഭവങ്ങള്‍ പങ്കു വച്ചു. കുട്ടികള്‍ ഒരു ആക്ഷന്‍ സോങ്‌ അവതരിപ്പിക്കുകയും ചെയ്‌തു. സ്‌പോര്‍ട്‌സ്‌, ഗയിംസ്‌ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനവിതരണം മാര്‍ നിക്കോളോവോസ്‌ മെത്രാപ്പോലീത്ത നിര്‍വ്വഹിച്ചു.

അത്താഴത്തിന്‌ ശേഷം നമസ്‌ക്കാര ശുശ്രൂഷ നടന്നു. ഗായകസംഘം ഗാനങ്ങള്‍ ആലപിച്ചു. മുതിര്‍ന്നവര്‍ക്കുള്ള ധ്യാനയോഗം ഫാ. ബോബി പീറ്റര്‍ നയിച്ചു. 1 ശാമുവല്‍ 9.20-നെ ആസ്‌പദമാക്കി ശൗലിന്റെ ജീവിതപരാജയ കഥയായിരുന്നു ബോബിയച്ചന്റെ സന്ദേശം. ദൈവത്തിന്‌ നന്ദി കരേറ്റേണ്ട പ്രാര്‍ത്ഥന ശൗല്‍ വിസ്‌മരിച്ചു. നല്‍കപ്പെട്ട രാജത്വം, പരിശുദ്ധാത്മ ആവാസം, പുതിയ ഹൃദയം എന്നിവയൊക്കെ ശൗല്‍ നിരാകരിച്ചു. മനസ്സില്‍ അഹങ്കാരം നിറഞ്ഞപ്പോള്‍ ദൈവം ഈ മൂന്നു ഗുണങ്ങളും തിരിച്ചെടുത്തു. പിന്നെ നാം കാണുന്നത്‌ ശൗലിന്റെ തകര്‍ച്ചയാണ്‌. ഇതൊരു പാഠമാണ്‌. ദൈവത്തിനു നന്ദി കരേറ്റേണ്ട മനുഷ്യരായ നാം ശൗലിനെ പോലെ ആയിത്തീരരുത്‌.എല്ലാ ദിവസവും പ്രാര്‍ത്ഥിക്കണം. ദൈവം തരുന്ന അനുഗ്രഹങ്ങളെ അഹങ്കാരം കാണിച്ചു നിരാകരിക്കാതെയിരിക്കുക. യുവജനങ്ങള്‍ക്കുള്ള ധ്യാനം ഫാ. ഗ്രിഗറി വറുഗീസും കുട്ടികള്‍ക്കുള്ളത്‌ വെരി റവ.ഫിലിപ്പ്‌ തോമസ്‌ കോര്‍ എപ്പിസ്‌കോപ്പയും നിര്‍വഹിച്ചു.

തുടര്‍ന്ന്‌ പ്രത്യേക പ്രാര്‍ത്ഥനകളോടെ വി. കുമ്പസാരത്തിനുള്ള സമയമായിരുന്നു. മൂന്നു ദിവസത്തെ തിരക്കാര്‍ന്ന പ്രോഗ്രാമുകളില്‍ പങ്കെടുത്തും പങ്കെടുപ്പിച്ചും നേതൃത്വം കൊടുത്തും സഹകരിച്ചവര്‍ക്കൊക്കെ ആത്മീയ ഉണര്‍വ്വ്‌ അനുഭവിക്കാനും സ്വത്വത്തിലേക്ക്‌ തിരിഞ്ഞു നോക്കാനുമുള്ള സമയമായിരുന്നു.

ശാന്തമായ തുടക്കം, ഗംഭീരമായ അവസാനം. കോണ്‍ഫറന്‍സിന്റെ മൂന്നാം ദിനം അക്ഷരാര്‍ത്ഥത്തില്‍ അങ്ങനെയായിരുന്നു. യാമപ്രാര്‍ത്ഥനകളും ധ്യാനവും നിറഞ്ഞ ആത്മീയാന്തരീക്ഷം പലപ്പോഴും പസഫിക്കിലെയും അറ്റ്‌ലാന്റിക്കിലെയും അപ്രതീക്ഷിത തിരമാലകളെന്ന പോലെ വിശ്വാസത്തില്‍ അടിയുറച്ചു ഉയര്‍ന്നു പൊങ്ങി. ആത്മീയവും വ്യക്തിത്വവും ഓരോ വിശ്വാസിയും തിരിച്ചറിഞ്ഞ നിമിഷങ്ങള്‍ പലപ്പോഴും കോണ്‍ഫറന്‍സിന്‌ മാറ്റ്‌ കൂട്ടി. വിശ്വാസത്തില്‍ കൂടി ദൈവിക സത്യങ്ങളെ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുവാനുതകുന്ന ദീപ്‌തിമത്തായ ധ്യാനയോഗങ്ങളും ചര്‍ച്ചാക്ലാസുകളും കൊണ്ട്‌ മൂന്നാം ദിവസമായ വെള്ളിയാഴ്‌ച സമ്പന്നവും സജീവുമായിരുന്നു.

ശനിയാഴ്‌ച രാവിലെ നമസ്‌ക്കാര ശുശ്രൂഷയ്‌ക്ക്‌ ശേഷം സഖറിയ മാര്‍ നിക്കോളോവോസ്‌ മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന നടന്നു. കോണ്‍ഫറന്‍സില്‍ പങ്കെടുത്ത എല്ലാ വൈദികരും സഹകാര്‍മ്മികരായി. മാര്‍ നിക്കോളോവോസ്‌ പങ്കെടുത്തവര്‍ക്കും കമ്മിറ്റികള്‍ക്കും കോര്‍ഡിനേറ്റര്‍മാര്‍ക്കും കോണ്‍ഫറന്‍സ്‌ നേതാക്കള്‍ക്കും ഔദ്യോഗികമായി നന്ദി രേഖപ്പെടുത്തി. ഡോ. ജോളി തോമസ്‌ ഹൃദയഭാഷയിലാണ്‌ നന്ദി പ്രകടനത്തിലൂടെ സംസാരിച്ചത്‌. വെരി റവ.ഫിലിപ്പ്‌ തോമസ്‌ കോര്‍ എപ്പിസ്‌കോപ്പ, ഫാ. വിജയ്‌ തോമസ്‌ എന്നിവരും സംസാരിച്ചു.

കോണ്‍ഫറന്‍സ്‌ ഹൈലൈറ്റ്‌സ്‌ പവര്‍പോയിന്റ്‌ പ്രസന്റേഷനിലൂടെ ബിനു സാമുവല്‍ അവതരിപ്പിച്ചു. കോണ്‍ഫറന്‍സിലെ പ്രധാന പ്രാസംഗികരായ വെരി റവ.ഫിലിപ്പ്‌ തോമസ്‌ കോര്‍ എപ്പിസ്‌കോപ്പ, ഫാ.എബി ജോര്‍ജ്‌, ഫാ. അജു ഫിലിപ്പ്‌ മാത്യൂസ്‌ എന്നിവരെ പ്രശംസാഫലകം നല്‍കി ആദരിച്ചു. പൗരോഹിത്യ രജത ജൂബിലി ആഘോഷിച്ച ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാര്‍ നിക്കോളോവോസ്‌ മെത്രാപ്പോലീത്തയ്‌ക്ക്‌ ആശംസകള്‍ നേരുകയും ചെയ്‌തു.

കോണ്‍ഫറന്‍സില്‍ എല്ലാ ദിവസവും `കോണ്‍ഫറന്‍സ്‌ ക്രോണിക്കിള്‍’ എന്ന പേരില്‍ ദിനപത്രം പ്രസിദ്ധീകരിച്ചിരുന്നു. ഓരോ ദിവസവും നടന്ന പരിപാടികളുടെ സംക്ഷിപ്‌തരൂപം രാവിലെ തന്നെ വര്‍ണ്ണപകിട്ടാര്‍ന്ന പ്രിന്റിങ്ങോടു കൂടി പങ്കെടുത്തവര്‍ക്ക്‌ എത്തിക്കാനായി. ആവേശകരമായ വരവേല്‍പ്പാണ്‌ ക്രോണിക്കിളിന്‌ ലഭിച്ചിരുന്നത്‌. തുടര്‍ച്ചയായ നാലാം തവണയാണ്‌ കോണ്‍ഫറന്‍സിനോടനുബന്ധിച്ച്‌ ന്യൂസ്‌ ലെറ്റര്‍ പ്രസിദ്ധീകരിക്കുന്നത്‌.

ഫോട്ടോസെഷന്‌ ശേഷം ഉച്ചഭക്ഷണത്തോടു കൂടി കോണ്‍ഫറന്‍സ്‌ സമാപിച്ചു. ഭദ്രാസന കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടന്ന കോണ്‍ഫറന്‍സ്‌ ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാര്‍ നിക്കോളോവോസാണ്‌ നേതൃത്വം നല്‍കിയത്‌. കോര്‍ഡിനേറ്റര്‍ ഫാ.വിജയ്‌ തോമസ്‌, ജനറല്‍ സെക്രട്ടറി ഡോ.ജോളി തോമസ്‌, ട്രഷറര്‍ തോമസ്‌ ജോര്‍ജ്‌, ജോയിന്റ്‌ ട്രഷറാര്‍ ജീമോന്‍ വറുഗീസ്‌ എന്നിവര്‍ നേതൃത്വം നല്‍കി. അനര്‍ഘങ്ങളായ ആത്മീയ സത്യ പൊരുളുകളുടെ ചുരുള്‍ തേടിയും ആത്മീയതയുടെ ആത്മനിര്‍വൃതിയില്‍ ലയിച്ചും നോര്‍ത്ത്‌ ഈസ്‌റ്റ്‌ അമേരിക്കന്‍ ഭദ്രാസന ഫാമിലി യൂത്ത്‌ കോണ്‍ഫറന്‍സ്‌ വിജയമായെന്ന്‌ വിശ്വാസികള്‍ ഒന്നടങ്കം പറഞ്ഞു.

 

getNews1qImages.php

LEAVE A REPLY

Please enter your comment!
Please enter your name here