അടർന്നു വീഴുന്ന മഞ്ഞിൻ കണങ്ങളും

മഞ്ഞിനാൽ മൂടിയ ഭൂതലവും

കണ്ടുറങ്ങീ,യുണർന്നോരിപ്പുലർകാലം

മിഴികൾക്കു നല്ലോരുത്സവമായ്.

 

പ്രകൃതി തൻ വികൃതിപോൽ ഭൂവിൽ-

നിറഞ്ഞതാമത്ഭുതക്കാഴ്ച്ചയിൽ

വിസ്മയംപേറി ഞാൻ.

 

ആരാലും വർണ്ണിപ്പാൻ സാദ്ധ്യമല്ലാത്തയീ-

കാഴ്ച്ച വർണ്ണിപ്പതെനിക്കുമസാദ്ധ്യമാം.

പിന്നിട്ട രാവിലും, പകലിലും കണ്ടൊരാ-

ദൃശ്യമല്ലിന്നെൻറെ മുന്നിൽ തെളിഞ്ഞതും.

 

ഇലകൾ കൊഴിഞ്ഞതാം മാമരചില്ലകൾ

ഇലകൾ പൊതിയുന്ന സസ്യജാലങ്ങളും

ഹിമക്കതിരുകളാലങ്ങലംകൃതമായവ

പളുങ്കുകൾ പോലങ്ങ് മിന്നിത്തിളങ്ങുന്നു.

 

സൂര്യകിരണങ്ങൾ പതിക്കുന്ന നേരത്ത്

മഴവില്ലിന്നേഴു നിറങ്ങളും ചില നേര-

മൊരു വേള ചില്ലയിൽ മിന്നിത്തെളികയായ് .

കണ്ടിട്ടും,കണ്ടിട്ടും മതി വരാതുള്ളോരീ-

ആഘോഷങ്ങൾക്കായെൻ മിഴികൾ തുറന്നിട്ടു.

 

ഒറ്റയായ്, കൂട്ടമായ്‌,നിരയായ് നിലകൊള്ളും

ഹിമക്കതിരുകളാൽ ചാരുതയേറുംമരങ്ങൾ-

തന്നുത്സവം കാണുന്ന വേളയിലെന്മനം

“വണ്ടർലാൻഡ്”എന്നു മനസ്സിൽകുറിക്കയായ്.

 

യക്ഷിക്കഥയിലെ ചില്ലു കൊട്ടാരമീ–

ക്കാഴ്ചയിൽ തിരുകിഞാൻ, പല നേരമീ ദിനം.

 

ഹിമപാളികകൾ തന്നധിക ഭാരങ്ങളാൽ

ശിഖരങ്ങൾ പലതും നിലം പതിച്ചീടുന്നു.

ഒരു വശം കഷ്ട്ടമാം കാഴ്ചയാണെങ്കിലും

മറുവശമൊരത്ഭുത ദൃശ്യവും തന്നെയാം.

 

പളുങ്കുപോലുള്ളോരീ ദൃശ്യമേകീടുന്ന–

മനസ്സിൽ നിറയുമീ കിലുകിലാരവങ്ങളെ

ചിത്രങ്ങളായെൻ മനസ്സിൽ കുറിക്കയായ്.

LEAVE A REPLY

Please enter your comment!
Please enter your name here