കൊച്ചി∙ ഫോർട്ട് കൊച്ചിയിൽ അപകടമുണ്ടാക്കിയ മൽസ്യബന്ധന ബോട്ടിന്റെ സ്രാങ്കിനെ അറസ്റ്റു ചെയ്തു. ഫോർട്ട് കൊച്ചിയിൽ നിന്നു വൈപ്പിനിലേക്കു പോവുകയായിരുന്ന യാത്രാ ബോട്ട് മൽസ്യ ബന്ധന വള്ളത്തിലിടിച്ചു മുങ്ങി ആറുപേർ മരിച്ചിട്ടുണ്ട്. രണ്ട് പുരുഷൻമാരും രണ്ട് സ്ത്രീകളും രണ്ടു കുട്ടികളുമാണ് മരിച്ചത്. എന്നാൽ എട്ടു മൃതദേഹങ്ങൾ കണ്ടെത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. അതേസമയം, ആറുപേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.
ഫോർട്ട്കൊച്ചി താലൂക്ക് ആശുപത്രിയിലുള്ള നാല് മൃതദേഹങ്ങളിൽ ആറു പേരെ തിരിച്ചറിഞ്ഞു. വൈപ്പിൻ അഴീക്കൽ
മൽസ്യബന്ധന വള്ളത്തിലിടിച്ചു തകർന്നു മുങ്ങിയ ബോട്ട് കരക്കടുപ്പിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് 1.40തോടെയാണ് അപകടമുണ്ടായത്. കൂട്ടിയിടിച്ചതിനെ തുടർന്ന് യാത്രബോട്ട് രണ്ടായി പിളർന്ന് തലകീഴായി മറിയുകയായിരുന്നു. വൈപ്പിൻ ഭാഗത്തുനിന്നുവന്ന മൽസ്യബന്ധന ബോട്ടാണ് കൂട്ടിയിടിച്ചത്. ഫോർട്ട്കൊച്ചി ബോട്ട് ജെട്ടിയിൽ നിന്ന് 100 മീറ്ററോളം അകലെയായിരുന്നു അപകടം.
ഇടിയുടെ ശക്തിയിൽ മൽസ്യബന്ധന ബോട്ടിലെ ഡീസൽ ടാങ്ക് പൊട്ടി. ഇന്ധനം വെള്ളത്തിൽ കലങ്ങുകയും ചെയ്തു. ഡീസൽ കലർന്ന വെള്ളം ശ്വാസകോശത്തിൽ കയറിയതാണ് പലരുടെയും നില ഗുരുതരമാക്കിയത്. ഇതേത്തുടർന്ന് കെമിക്കൽ ന്യുമോണിയ ബാധിച്ച ഇവരെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, ബോട്ടിൽ ആവശ്യമായ സുരക്ഷ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ആരോപണമുയർന്നിട്ടുണ്ട്. അപകടത്തിന്റെ ആഴം വർധിക്കുന്നതിന് ഇതും കാരണമായി.

ഫോർട്ട് കൊച്ചിയിലെ കമാലക്കടവിൽ രാജ്യാന്തര കപ്പൽച്ചാലിൽ വച്ചായിരുന്നു അപകടം. കപ്പൽ ചാലായതിനാൽ നല്ല ആഴമുണ്ടായിരുന്നു. അതിനാൽ മരണസംഖ്യ ഉയരാനുള്ള സാധ്യതയുണ്ട്. അപകടമുണ്ടായത് തീരത്തോട് ചേർന്നായതിനാൽ ഉടൻതന്നെ രക്ഷാപ്രവർത്തനം ആരംഭിക്കാൻ സാധിച്ചു. ബോട്ടിലുണ്ടായിരുന്നവരിൽ കൂടുതൽ പേരും നീന്തി രക്ഷപ്പെട്ടുവെന്നാണ് സൂചന. രക്ഷാപ്രവർത്തനത്തിന് നാവികസേനയുടെ സഹായം തേടിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. രക്ഷാപ്രവർത്തനത്തിന് എഡിജിപി മുഹമ്മദ് യാസിൻ നേതൃത്വം നൽകി.
35 ടിക്കറ്റുകളാണ് നൽകിയിരുന്നതെന്നാണ് ഫെറി അധികൃതർ വ്യക്തമാക്കി. അതേസമയം, 45 പേരോളം ബോട്ടിലുണ്ടായിരുന്നതായാണ് രക്ഷപ്പെട്ടവർ നൽകുന്ന വിവരം.
ഫോർട്ട് കൊച്ചി അമാരവതി സ്വദേശി വോൾഗ(12), മട്ടാഞ്ചേരി പുതിയ റോഡ് മഹാജനവാടി സ്വദേശി സുധീർ, കാളമുക്ക് സ്വദേശി അയ്യപ്പൻ, ഫോർട്ട് കൊച്ചി സ്വദേശി ജോസഫ്, ചെല്ലാനം സ്വദേശി സിന്ധു എന്നിവരുടെ മൃതദേഹമാണു തിരിച്ചറിഞ്ഞത്. പനയപ്പള്ളി ഗൗതം ആശുപത്രിയിൽ 45 വയസുള്ള സ്ത്രീയുടേയും എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഒരു പുരുഷന്റേയും മൃതദേഹം ഉണ്ടെങ്കിലും തിരിച്ചറിഞ്ഞിട്ടില്ല. നാലുപേർ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്.