അഹമ്മദാബാദ്∙ ഇരുപത്തിരണ്ടു വയസ്സുള്ള ബികോം ബിരുദധാരിയാണ് ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും വിട്ടുമാറാത്ത തലവേദന – പട്ടേൽ സമുദായത്തിന്റെ ഓരോ ഹൃദയമിടിപ്പും സൂക്ഷ്മമായി മനസ്സിലാക്കുന്ന യുവനേതാവ് ഹാർദിക് പട്ടേൽ. ഈ അടുത്തകാലംവരെ അത്രയൊന്നും ശ്രദ്ധിക്കപ്പെടാതിരുന്ന ഹാർദിക് പട്ടേൽ എന്ന ഉന്മേഷവാനായ യുവാവ് ഇപ്പോൾ മോദിയുടെ സ്വന്തം നാടായ മെഹ്‌സാനയിൽ മാത്രമല്ല, ഗുജറാത്തിലെമ്പാടും തീപ്പൊരിയായി പടരുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ വാക്ചാതുര്യം. ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്‌രിവാളിനെപ്പോലെ സംഘാടന മികവ്. ചൊവ്വാഴ്ച അഹമ്മദാബാദിൽ നടന്ന പടുകൂറ്റൻ റാലി അതിനു തെളിവ്.

പട്ടേൽ സമുദായത്തിന്റെ ആവശ്യങ്ങൾ അവഗണിച്ചാൽ ഗുജറാത്തിൽ ഇനി താമര വിരിയില്ലെന്ന് ‘മഹാ ക്രാന്തി റാലി’യിൽ സമുദായ നേതാവും പ്രക്ഷോഭത്തിന്റെ തലവനുമായ ഇരുപത്തിയൊന്നുകാരനായ ഹർദീക് പട്ടേൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സംവരണം നൽകിയില്ലെങ്കിൽ ഗുജറാത്തിൽ 2017ൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടുമെന്ന മുന്നറിയിപ്പും ഹാർദിക് പട്ടേൽ നൽകി.

60 ലക്ഷത്തിലധികം വരുന്ന പട്ടേൽ സമുദായക്കാർക്ക് ഇവിടെ ഒരു കേജ്‌രിവാൾ പ്രയോഗം നടത്താനാകുമെന്ന് ഹാർദിക് പറഞ്ഞു. സംവരണമില്ലെങ്കിൽ പിന്നെ 2017ൽ താമരയുണ്ടാകില്ല. 90% മാർക്ക് നേടിയ പട്ടേൽ വിഭാഗത്തിലെ വിദ്യാർഥിക്ക് മെഡിക്കൽ / എൻജിനീയറിങ് കോഴ്സുകൾക്കു പ്രവേശനം ലഭിക്കുന്നില്ല. എന്നാൽ 45% മാത്രം നേടുന്ന സംവരണ വിഭാഗങ്ങൾക്ക് കോഴ്സിൽ പ്രവേശനം ലഭിക്കും. ഞങ്ങൾക്ക് കടപ്പെട്ടതു തന്നില്ലെങ്കിൽ അതു പിടിച്ചു വാങ്ങിക്കും, ഹാർദിക് വ്യക്തമാക്കി.

മെഹ്‌സാനയിലെ ബിജെപി പ്രവർത്തകനായ ഭാരത്‌ഭായി പട്ടേലിന്റെ മകനാണു ഹാർദിക്. സർദാർ പട്ടേൽ ഗ്രൂപ്പിൽ (എസ്പിജി) നിന്നു തെറ്റിപ്പിരിഞ്ഞ് പട്ടേൽ സമുദായ സംവരണ പ്രക്ഷോഭ (പിഎഎഎസ്) സംഘടനയ്ക്കു രൂപം നൽകാൻ ഹാർദിക്കിനു പ്രേരണയായത് അധികാരത്തോടും പ്രശസ്തിയോടുമുള്ള പ്രിയമാണെന്നാണു എതിരാളികൾ പറയുന്നത്.

അഹമ്മദാബാദിലെ സഹജാനന്ദ് കോളജിൽനിന്ന് 50 ശതമാനത്തിൽ താഴെ മാർക്കുമായി ബിരുദം നേടിയ ഹാർദിക് ജലവിതരണ ബിസിനസ് വിട്ടാണ് സമുദായ പ്രക്ഷോഭത്തിലേക്കു തിരിഞ്ഞത്. ഒരു രാഷ്ട്രീയ പാർട്ടിയോടും അദ്ദേഹം അനുഭാവം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തലമുതിർന്ന രാഷ്ട്രീയ നേതാക്കളുടെ അനുഗ്രഹാശിസ്സുകളോടെയാണു ഹാർദിക് കളത്തിലിറങ്ങിയിരിക്കുന്നതെന്നു പലരും കരുതുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here