
ദില്ലി: നേതാജി സുഭാഷ് ചന്ദ്ര ബോസ് 1964 വരെ ജീവിച്ചിരുന്നതായി രഹസ്യ രേഖകള്‍ ബംഗാള്‍ സര്‍ക്കാര്‍ പുറത്തുവിട്ട, നേതാജിയുമായി ബന്ധപ്പെട്ട 64 രഹസ്യ രേഖകളിലാണ് ഈ വിവരങ്ങളുള്ളത്. കൊല്‍ക്കത്ത പൊലീസ് ആര്‍ക്കെവില്‍ സൂക്ഷിച്ച രേഖകളാണ് പുറത്തുവിട്ടത്. 12,744 പേജുകള്ള രേഖകള്‍ പൂര്‍ണ്ണമായി ഡിജിറ്റല്‍ രൂപത്തിലാക്കിയ ശേഷമാണ് പുറത്തു വിട്ടത്. രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍, കത്തുകള്‍ എന്നിവയാണ് ഈ രേഖകളിലുള്ളത്. നേതാജിയുടെ തിരോധാനത്തെക്കുറിച്ച് സുപ്രധാനമായ വിവരങ്ങളുള്ള അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ ഇവയിലുണ്ട്.
ആ സന്യാസി നേതാജി ആയിരുന്നോ; ദുരൂഹതകളുടെ തീരാക്കഥകള്‍
ആ സന്യാസി നേതാജി ആയിരുന്നോ? യു.പിയിലെ ഫൈസാബാദില്‍ ഏറെ കാലം ജീവിച്ച ശേഷം കാര്‍ഡിയോ വാസ്കുലാര്‍ പ്രശ്നങ്ങളെ തുടര്‍ന്ന് 1985 ല്‍ അന്തരിച്ച ഗുംനാമി ബാബ എന്ന സന്യാസിവര്യന്റെ മരണശേഷം ഉയര്‍ന്ന വിവാദങ്ങള്‍ വീണ്ടും കത്തിപ്പടരുകയാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ഇതിഹാസതുല്യനായ വീരനായകന്‍ നേതാജി സുഭാഷ് ചന്ദ്രബോസ് ലോകം കരുതുന്നതു പോലെ 1945ല്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടില്ലെന്നും 1964 ല്‍ഇന്ത്യയില്‍ എത്തിയിരുന്നുവെന്നുമുള്ള രഹസ്യ രേഖകള്‍ പുറത്തുവന്നതോടെയാണ് വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചത്.
ബോസിന്റെ മരണം: ഔദ്യോഗിക വിശദീകരണം
നേതാജിയുടെ മരണത്തെക്കുറിച്ച് സഹപ്രവര്‍ത്തകന്‍ ഹബീബുര്‍റഹ്മാന്‍ നല്‍കിയ വിവരങ്ങളാണ് നിലവിലുള്ളത്. 1945 ആഗസ്റ് 17ന് വൈകിട്ട് അഞ്ചേകാലിന് സഹപ്രവര്‍ത്തകരോട് യാത്ര പറഞ്ഞ് വിമാനത്തില്‍ കയറിയ നേതാജിയെ പിന്നീട് വിമാനാപകടത്തില്‍ മരിച്ചുവെന്നായിരുന്നു ആ വിവരം. തായ്വാനിലെ തായ്പേയിനടുത്ത് വെച്ച് അദ്ദേഹം സഞ്ചരിച്ച മിറ്റ്സുബിഷി കെ.ഐ 21 വിമാനം എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് തകര്‍ന്നു വീഴുകയായിരുന്നു. പരിക്കേറ്റ മറ്റുള്ളവരോടൊപ്പം തായ്പെയിയിലുളള സൈനികാശുപത്രിലേക്ക് കൊണ്ടു പോയി. രാത്രി എട്ടുമണിയോടെ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചു. തൈഹോക്കുവിലെ നിഷി ഹോങ്കഞ്ചി ക്ഷേത്രത്തിനു സമീപം അദ്ദേഹത്തിന്റെ ഭൌതിക ശരീരം ബുദ്ധമതാചാര പ്രകാരം സംസ്കരിച്ചു. ചിതാഭസ്മം ജപ്പാനിലേക്ക് കൊണ്ടുപോയി. ജപ്പാനിലെ ഒരു ക്ഷേത്രത്തിലുള്ള ചിതാ ഭസ്മം അദ്ദേഹത്തിന്റേത് ആണെന്നാണ് കരുതുന്നത്.
ഗാന്ധിജി വിശ്വസിച്ചിരുന്നത്
ഈ വിമാന ദുരന്ത വാര്‍ത്ത ആദ്യകാലം മുതല്‍ക്കേ വിശ്വസിക്കപ്പെട്ടിരുന്നില്ല. അദ്ദേഹം ജീവിച്ചിരിക്കുന്നുവെന്ന് മഹാത്മാ ഗാന്ധി അതിനുശേഷവും വിശ്വസിച്ചിരുന്നതായി രേഖകളുണ്ട്. നേതാജി മരിച്ചെന്നു കരുതുന്ന വിമാനാപകടം നടന്ന് എട്ടു മാസങ്ങള്‍ക്കു ശേഷം ബംഗാളിലെ ഒരു പ്രാര്‍ഥനയ്ക്കിടയില്‍ അദ്ദേഹം ജീവിച്ചിരിക്കുന്നതായി ഗാന്ധിജി പറഞ്ഞിരുന്നു. അതു കഴിഞ്ഞ് നാലുമാസങ്ങള്‍ക്കു ശേഷം ഒരു ലേഖനത്തിലും ഇക്കാര്യം ഗാന്ധിജി വിശദീകരിച്ചിരുന്നു.
നേതാജി മരിച്ചിട്ടില്ലെന്നും ചൈനയിലുണ്ടെന്നും 1949ല്‍ സഹോദരന്‍ ശരത് ബോസ് എഴുതിയ ലേഖനത്തില്‍ സൂചിപ്പിച്ചിരുന്നു. നേതാജിയുമായി അടുപ്പമുള്ള നിരവധി മുന്‍ ഐ.എന്‍.എക്കാരും ഇക്കാര്യം വിശ്വസിക്കുകയും അവകാശപ്പെടുകയും ചെയ്തിരുന്നു. വിമാന ദുരന്തത്തില്‍ ബോസ് കൊല്ലപ്പെട്ടിട്ടില്ലെന്ന് രണ്ടാം ലോക യുദ്ധകാലത്ത് സഖ്യകക്ഷികള്‍ വിശ്വസിച്ചിരുന്നവെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്തുവന്നിരുന്നു. യുദ്ധത്തിനു ശേഷം ബ്രിട്ടനില്‍ പ്രസിദ്ധീകരിച്ച അധികാര കൈമാറ്റ രേഖകളില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ബോസ് റഷ്യയില്‍നിന്ന് ചൈന വഴി 1964ല്‍ ഇന്ത്യയിലേക്ക് എത്തിയതായി അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടന നല്‍കിയ റിപ്പോര്‍ട്ടാണ് ഇന്ന് പുറത്തു വന്നത്.
നേതാജിക്ക് എന്ത് സംഭവിച്ചു?
മരിച്ചിട്ടില്ലെങ്കില്‍, ബോസ് പിന്നെ എവിടെയാണ്? വിവിധ നിഗമനങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്നത്. അതില്‍ ഏറ്റവും പ്രധാനം അദ്ദേഹം, ഫൈസാബാദില്‍ ഗുംനാമി ബാബ എന്ന പേരില്‍ ജീവിച്ചിരുന്നു എന്നതാണ്. സോവിയറ്റ് യൂണിയന്‍ ജപ്പാന്‍ കീഴടക്കിയപ്പോള്‍ പിടികൂടിയ സൈനികരില്‍ നേതാജി ഉണ്ടായിരുന്നുവെന്നും നേതാജി അടക്കമുള്ളവരെ സൈബീരിയന്‍ ജയിലില്‍ അടച്ചിരുന്നതായുമാണ് മറ്റൊരു വിവരം. തടവിലിരിക്കെ സ്റ്റാലിന്‍ 1953ല്‍ നേതാജിയെ വധിച്ചതായി ഈയിടെ സുബ്രഹ്മണ്യം സ്വാമി ആരോപണം ഉന്നയിച്ചിരുന്നു.
1964 വരെ നേതാജി ജീവിച്ചിരുന്നു
രണ്ടാം ലോക യുദ്ധകാലത്ത് രൂപവല്‍കൃതമായ, സി.ഐ.എയുടെ ആദ്യ രൂപമായിരുന്ന, അമേരിക്കന്‍ ചാരസംഘടന ഓഫീസ് ഓഫ് സ്ട്രാറ്റജിക് സര്‍വീസസ് നല്‍കിയ റിപ്പോര്‍ട്ടുകളിലാണ് 1964 വരെ നേതാജി ജീവിച്ചിരുന്നുവെന്ന വിവരമുള്ളത്. 1964ല്‍ ചൈന വഴി നേതാജി ഇന്ത്യയിലേക്ക് കടന്നതായാണ് അവരുടെ റിപ്പോര്‍ട്ടിലുള്ളത്. 1945 ഓഗസ്ത് 15നു തായ്വാനില്‍ നടന്ന വിമാനാപകടത്തില്‍ നേതാജി കൊല്ലപ്പെട്ടു എന്നായിരുന്നു നേരത്തെയുള്ള വിവരം. ഇതാണ് ഔദ്യോഗികമായി വിശദീകരണവും. എന്നാല്‍, നേതാജിയുടെതിരോധാനം അന്വേഷിച്ച മുഖര്‍ജി കമീഷനും മറ്റും അദ്ദേഹം ജീവിച്ചിരുന്നതായായി സൂചനകള്‍ നല്‍കിയിരുന്നു. വിമാനദുരന്തം നടന്നിട്ടില്ലെന്നായിരുന്നു അന്ന് കമീഷന്‍ കണ്ടെത്തിയിരുന്നത്.
നേതാജി ചൈനയിലാണെന്ന് 1949ല്‍ സഹോദരന്‍ ശരത് ബോസ് എഴുതിയ ലേഖനത്തില്‍ സൂചിപ്പിച്ചിരുന്നു. ഇതിനൊന്നും കൃത്യമായ വിശദീകരണങ്ങള്‍ ഉണ്ടായിരുന്നില്ല. തായ്വാനില്‍നിന്ന് റഷ്യയിലേക്ക് പോയ നേതാജി അവിടെ ഏറെ കാലം ജീവിച്ചിരുന്നുവെന്നും പിന്നീട് ചൈന വഴി ഇന്ത്യയിലേക്ക് കടന്നതായുമാണ് ഇന്നു പുറത്തുവന്ന രേഖകളിലുള്ളത്.
നേതാജിയുടെ രക്ഷപ്പെടല്‍
മറ്റൊരു സുപ്രധാനമായ അമേരിക്കന്‍ ഏജന്‍സി രേഖയില്‍ 1941ല്‍ വീട്ടു തടങ്കലില്‍നിന്ന് നേതാജി രക്ഷപ്പെട്ടതിനെ കുറിച്ച് പുതിയ വിവരങ്ങളുണ്ട്. 1941 ജനുവരി ആറിന് വീട്ടുതടങ്കലില്‍നിന്ന് സിഖ് വേഷത്തില്‍ നേതാജി ഒരു കാറില്‍ രക്ഷപ്പെട്ടു എന്നാണ് വിവരം. നേതാജിയുടെ ബന്ധു ശിശിര്‍ ഘോഷാണ് കാറില്‍ അദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. കാറില്‍ സിഖ് വേഷം ധരിച്ച അഞ്ച് പേര്‍ ഉണ്ടായിരുന്നു എന്നാണ് പുതിയ വിവരം. നേതാജിയുടെ ബന്ധു അതിലുള്ളതായി അമേരിക്കന്‍ റിപ്പോര്‍ട്ടിലില്ല.
സഖ്യകക്ഷികള്‍ അന്നേ വിശ്വസിച്ചില്ല
വിമാന ദുരന്തത്തില്‍ ബോസ് കൊല്ലപ്പെട്ടിട്ടില്ലെന്ന് രണ്ടം ലോകയുദ്ധകാലത്ത് സഖ്യകക്ഷികള്‍ വിശ്വസിച്ചിരുന്നന്ന് വ്യക്തമാക്കുന്ന രേഖകളും ഇതിലുണ്ട്. യുദ്ധത്തിനു ശേഷം ബ്രിട്ടനില്‍ പ്രസിദ്ധീകരിച്ച അധികാര കൈമാറ്റ രേഖകളില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. അച്ചുതണ്ട് ശക്തികളായ ജര്‍മനിയും ജപ്പാനുമായുള്ള ബന്ധം പരിഗണിച്ച് നേതാജിയെ ബ്രിട്ടന്‍ അടക്കമുള്ള സഖ്യകക്ഷികള്‍ യുദ്ധക്കുറ്റവാളിയായാണ് കണ്ടിരുന്നത്. കോര്‍ട്ട് മാര്‍ഷല്‍, സിസിലിയന്‍ ദ്വീപിലേക്കുള്ള നാടുകടത്തല്‍ എന്നീ ശിക്ഷകളായിരുന്നു നേതാജിയെ കാത്തിരുന്നത്.
നശിപ്പിക്കപ്പെട്ട ആ ഫയല്‍
നേതാജിയുടെ മരണവുമായി ബന്ധപ്പെട്ട സുപ്രധാന ഫയല്‍ അന്നത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സിദ്ധാര്‍ത്ഥ ശങ്കര്‍ റേ നശിപ്പിച്ചതായുള്ള ആരോപണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും പുതിയ രേഖകളില്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്.
അന്വേഷണ കമീഷനുകളും കണ്ടെത്തലുകളും
നേതാജിയുടെ തിരോധാനം വലിയ ദുരൂഹതയായി തുടരുന്ന സാഹചര്യത്തില്‍, ഇക്കാര്യം അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ മൂന്ന് കമീഷനുകളെ നിയമിച്ചിട്ടുണ്ട്. ജവഹര്‍ലാല്‍ നെഹ്രു പ്രധാനമന്ത്രിയായിരിക്കെ ഷാനവാസ് കമ്മീഷന്‍, ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്ത് ഖോസ്ലാ കമ്മീഷന്‍ എന്നിവയാണ് ഇതിനായി നിയോഗിക്കപ്പെട്ടത്. ഈ രണ്ടു കമ്മീഷനുകളുടെയും നിഗമനം ഒന്നായിരുന്നു. ബോസ് വിമാനാപകടത്തില്‍ മരണപ്പെട്ടു എന്നുതന്നെ. എന്നാല്‍ പാര്‍ലമെന്റ് അംഗങ്ങളുടേയും പൊതുജനങ്ങളുടേയും പ്രതിഷേധം കാരണം ഈ രണ്ടു റിപ്പോര്‍ട്ടുകളും മൊറാര്‍ജി ദേശായിയുടെ ഭരണകാലത്ത് സര്‍ക്കാര്‍ തള്ളിക്കളഞ്ഞു.
തുടര്‍ന്ന് 1999ല്‍ വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ ജസ്റ്റിസ് മുഖര്‍ജി കമ്മീഷനെ അന്വേഷണത്തിന് നിയോഗിച്ചു. 1945ല്‍ വിമാനാപകടം നടന്നില്ലെന്നും ബോസ് മരിച്ചത് ആ ദുരന്തത്തില്‍ അല്ലെന്നുമാണ് ഈ കമ്മീഷന്‍ കണ്ടെത്തിയത്. ബോസിന്റേതെന്ന് കരുതുന്ന ജപ്പാനീസ് ക്ഷേത്രത്തിലെ ചിതാഭസ്മം അദ്ദേഹത്തിന്റേതല്ലെന്നും ബോസ് റഷ്യയിലേക്ക് കടന്നിരിക്കാം എന്നും കമ്മീഷന്‍ സൂചിപ്പിച്ചിരുന്നു.ഈ റിപ്പോര്‍ട്ട് കോളിളക്കം സൃഷ്ടിച്ചു. തുടര്‍ന്ന്, മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞു.
മുഖര്‍ജി കമീഷന്‍ കണ്ടെത്തിയത്
തായ്വാന്‍ സര്‍ക്കാറിന്റെ ഇതുസംബന്ധിച്ച വിശദീകരണമാണ് മുഖര്‍ജി കമീഷന്റെ കണ്ടു പിടിത്തത്തിന് ആധാരമായ പ്രധാന വസ്തുത. നേതാജി മരിച്ചുവെന്ന് പറഞ്ഞ ദിവസം തായ്വാനില്‍ ഒരു വിമാന അപകടവും നടന്നിട്ടില്ലെന്ന് തായ്വാന്‍ ഭരണകൂടം കമീഷനെ ഔദ്യോഗികമായി അറിയിച്ചിരുന്നു. നേതാഒി മരിച്ചത് തായ്വാന്‍ വിമാന ദുരന്തത്തില്‍ അല്ലെന്നും അവര്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു. ഇക്കാര്യം അമേരിക്കന്‍ അന്വേഷകരും പിന്നീട് ശരിവെച്ചിരുന്നു. അതുപോലെ ഗുംനാമി ബാബയുടെ പല്ലിന്റെ ഡിഎന്‍എ ഘടനയും നേതാജിയുടെ പിന്മുറക്കാരുടെ ഡിഎന്‍എ സാംപിളും തമ്മില്‍ പൊരുത്തമില്ലെന്നു കണ്ടെത്തി കമീഷന്‍ തള്ളുകയും ചെയ്തിരുന്നു. എന്നാല്‍, ഡിഎന്‍എ പരിശോധന നടത്തിയ ബംഗാളിലെ രണ്ട് ലാബുകള്‍ രണ്ട് റിപ്പോര്‍ട്ടുകളാണ് നല്‍കിയതെന്നും അതില്‍ ഒന്ന് ഡിഎന്‍എ തമ്മില്‍ സാദൃശ്യമുണ്ട് എന്നായിരുന്നുവെന്നും പിന്നീട് വാര്‍ത്തകള്‍ വന്നു. കമീഷന്‍ കണക്കാക്കിയത് തെറ്റായ റിപ്പോര്‍ട്ട് ആണെന്നും വാദമുണ്ടായി.
ഗുംനാമി ബാബ നേതാജിയാണെന്നാണ് തന്റെ വിശ്വാസമെന്ന് മുഖര്‍ജി ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു. നേരത്തെ അദ്ദേഹത്തിന്റെ അന്വേഷണ കമീഷന്‍ പറഞ്ഞതില്‍നിന്ന് വിരുദ്ധമായിരുന്നു ഇത്. 1945 ആഗസ്റ്റ് 18 ന് ശേഷവും താന്‍ നേതാജിയെ നേരില്‍ കണ്ടിട്ടുണ്ടെന്ന് ദീര്‍ഘകാലം അദ്ദേഹത്തിന്റെ ഡ്രൈവറായിരുന്ന നിസാമുദ്ദീന്‍ ടൈംസ് ഓഫ് ഇന്ത്യയുമായുള്ള ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ഗുംനാമി ബാബ എന്ന സാധ്യത
നേതാജി പില്‍ക്കാലത്ത് രഹസ്യമായി ഗുംനാമി ബാബ എന്ന പേരില്‍ യുപിയിലെ ഫൈസാബാദില്‍ ഇന്ത്യയില്‍ തന്നെ സന്യാസിയുടെ വേഷത്തില്‍ ജീവിച്ചിരുന്നു എന്ന സാധ്യതയ്ക്കാണ് അന്വേഷകരില്‍ പലരും ഏറെ സാദ്ധ്യത കല്‍പ്പിച്ചിരുന്നത്. പേരു നഷ്ടപ്പെട്ടുപോയവന്‍ എന്നാണ് ഗുംനാമി എന്ന വാക്കിന്റെ അര്‍ത്ഥം.1985 വരെ ഉത്തര്‍പ്രദേശിലെ ഫൈസാബാദില്‍ രാംഭവന്‍ എന്ന വീട്ടിലായിരുന്നു ഗുംനാമി ബാബ താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും ദുരൂഹത നിറഞ്ഞതായിരുന്നു. അപൂര്‍വമായി മാത്രമേ അദ്ദേഹം മുറിയില്‍ നിന്നു പുറത്തു വന്നിരുന്നുളളു. അനുയായികളോടു സംസാരിച്ചതു പോലും തിരശീലയുടെ പിന്നില്‍ ഇരുന്നായിരുന്നു. അദ്ദേഹം എവിടെനിന്നു വന്നുവെന്നോ നേരത്തെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എന്തായിരുന്നുവെന്നോ ശിഷ്യര്‍ക്കുപോലും അറിവുണ്ടായിരുന്നില്ല.
രണ്ട് വര്‍ഷം ശ്രീനഗര്‍ നഗറില്‍ ഒരു വാടക വീട്ടില്‍ താമസിച്ച ശേഷമായിരുന്നു ബാബ 1957ല്‍ ഇന്തോ-ചൈന അതിര്‍ത്തിയിലെ നീംസറില്‍ താമസിച്ചിരുന്നത്. 1962ല്‍ നേതാജിയുടെ ഉറ്റ അനുയായി ആയിരുന്ന അതുല്‍ സെന്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. ഇതിനുശേഷം ബംഗാളില്‍നിന്നുള്ള നിരവധി പേര്‍ ബാബയെ കാണാന്‍ എത്തിയിരുന്നു. 1985 സെപ്തംബര്‍ 17നാണ് ഗുംനാമി ബാബ മരിച്ചത്. കാര്‍ഡിയോ വാസ്കുലര്‍ പ്രശ്നങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ച അദ്ദേഹം മരിച്ചതായി അന്നു തന്നെ ഡോക്ടര്‍ അറിയിച്ചു. വെറും13 പേരുടെ സാന്നിധ്യത്തില്‍ വൈകിട്ട് നാലു മണിയോടെ അദ്ദേഹത്തെ സരയൂ നദിക്കരയിലെ ഗുപ്താര്‍ ഘട്ടില്‍ സംസ്കരിച്ചു.
തിങ്കളാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്ക് കാണാം
കൊല്‍ക്കത്തയിലെ ഡെപ്യൂട്ടി പൊലീസ് കമീഷണറുടെ ഓഫീസിനോട് ചേര്‍ന്ന് സജ്ജീകരിച്ച കല്‍ക്കട്ട പൊലീസ് മ്യൂസിയത്തിലാണ് ഈ രേഖകള്‍ പ്രദര്‍ശിപ്പിക്കുക. പൂര്‍ണ്ണമായും ഡിജിറ്റല്‍ രൂപത്തിലാക്കിയ രേഖകളുടെ ഒറിജനല്‍ കോപ്പികള്‍ തിങ്കളാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്ക് കാണാന്‍ കഴിയും. സിഡിയിലാക്കിയ ഡിജിറ്റല്‍ രേഖകള്‍ നേതാജിയുടെ ബന്ധുക്കളായ ചന്ദ്രകുമാര്‍ ബോസിനും മുന്‍ എം.പി കൃഷ്ണ ബോസിനും കൈമാറിയിരുന്നു. വെള്ളിയാഴ്ച മ്യൂസിയം ബോസിന്റെ കുടുംബാംഗങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കുമായി തുറന്നു കൊടുക്കും.കേന്ദ്രസര്‍ക്കാറിന്റെ കൈയില്‍ നേതാജിയുമായി ബന്ധപ്പെട്ട 40 ഫയലുകളുണ്ട്.