കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൺ ബോർഡ്(BCCI)അധ്യക്ഷൻ ജഗ്‌മോഹൻ ഡാൽമിയ (75) ഹൃദയാഘാതം മൂലം കൊൽക്കത്ത ബി.എം. ബിർല ആശുപത്രിയിൽ അന്തരിച്ചു. നെഞ്ചുവേദനയെത്തുടർന്ന് വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തിന് ആൻജിയോപ്ലാസ്റ്റി നടത്തിയിരുന്നു. നില മെച്ചപ്പെടുവെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഇന്നലെ ആശുപത്രി അധികൃതർ അറിയിച്ചിരുന്നുവെങ്കിലും ഇന്ന് വൈകിട്ട് ആരോഗ്യനില മോശമായി മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ: ചന്ദ്രലേഖ. രണ്ടു മക്കൾ.
1940 ൽ കൊൽക്കത്തയിൽ ജനിച്ച ഡാൽമിയ സ്കോട്ടിഷ് ചർച്ച് കോളജിnലും കൊൽക്കത്ത സർവകലാശാലയിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. ക്ളബ് ക്രിക്കറ്റിൽ വിക്കറ്റ് കീപ്പറായാണ് അദ്ദേഹം ക്രിക്കറ്റ് കരിയർ തുടങ്ങിയത്. പിന്നീട് അച്ഛന്റെ കെട്ടിടനിർമാണ ബിസിനസിലെത്തി. 1979 ൽ ബിസിസിഐ അംഗമായ ഡാൽമിയ 1983 ൽ ഇന്ത്യ ലോകകപ്പ് നേടുമ്പോൾ ബിസിസിഐയുടെ ട്രഷററായിരുന്നു. 1987, 96 വർഷങ്ങളിൽ ഇന്ത്യയിൽ നടന്ന ലോകകപ്പുകളുടെ സംഘാടനത്തിലെ പ്രധാന അണിയറശിൽപ്പിയായിരുന്നു അദ്ദേഹം. 2001 മുതൽ മൂന്നു വട്ടം ബിസിസിഐ പ്രസിഡന്റും 1997 മുതൽ മൂന്നു വർഷം ഐസിസി പ്രസിഡന്റുമായിരുന്നു.2005 ൽ സാമ്പത്തിക ക്രമക്കേട് ആരോപിച്ചു ബിസിസിഐയിൽനിന്നു പുറത്താക്കപ്പെട്ട ഡാൽമിയ 2015 ൽ വീണ്ടും പ്രസിഡന്റായി തിരിച്ചെത്തി. അനാരോഗ്യത്തെത്തുടർന്ന് കുറച്ചുനാളായി ബിസിസിഐയുടെ ദൈനംദിനഭരണകാര്യങ്ങളിൽനിന്നു വിട്ടുനിൽക്കുകയായിരുന്നു