ജോ ബൈഡന്റെ വിജയം ഇലക്ട്രല്‍ കോളേജ് ഔദ്യോഗികമായി സ്ഥിരീകരിച്ചാല്‍ വൈറ്റ് ഹൗസില്‍ നിന്നും പടിയിറങ്ങുമെന്ന് വ്യക്തമാക്കി ഡൊണാള്‍ഡ് ട്രംപ്. അതേസമയം തന്നെ വോട്ടെണ്ണലില്‍ വ്യാപക ക്രമക്കേട് നടന്നിട്ടുണ്ടെന്ന തന്റെ നിലപാട് ട്രംപ് ആവര്‍ത്തിക്കുകയും ചെയ്തു. ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്റെ വിജയം ഇലക്ട്രല്‍ കോളേജ് സ്ഥിരീകരിച്ചാല്‍ വൈറ്റ് ഹൗസ് വിട്ടുപോകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് തീര്‍ച്ചയായും ഞാനത് ചെയ്യുമെന്നായിരുന്നു ട്രംപിന്റെ മറുപടി. എന്നാല്‍ ജോ ബൈഡന്റെ വിജയം സ്ഥിരീകരിക്കുകയാണെങ്കില്‍ അത് ഇലക്ടറല്‍ കോളേജിന്റെ ഭാഗത്തുനിന്നുള്ള തെറ്റാണെന്നും അദ്ദേഹം അവകാശപ്പെട്ടു. അത് അംഗീകരിക്കാന്‍ വളരെ പ്രയാസമുള്ള ഒരു കാര്യമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

നവംബര്‍ മൂന്നിന് തിരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ട്രംപ് മറുപടി നല്‍കിയത്. നവംബര്‍ മൂന്നിന് നടന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബൈഡന്‍ വിജയിച്ചെങ്കിലും ഇത് ഉതുവരെ അംഗീകരിക്കാന്‍ ട്രംപ് തയ്യാറായിരുന്നില്ല. 232 നെതിരെ 306 വോട്ടുകള്‍ നേടിയായിരുന്നു ട്രംപിനെ ജോ ബൈഡന്‍ പരാജയപ്പെടുത്തിയത്. ജനുവരി 20 ന് ജോ ബൈഡന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

തെരഞ്ഞെടുപ്പിലെ തോല്‍വി നിരാകരിച്ച ട്രംപ് തിങ്കളാഴ്ച പുതിയ പ്രസിഡന്റിന് അധികാരം കൈമാറാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വൈറ്റ് ഹൗസിന് നിര്‍ദേശം നല്‍കിയതായുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജനറല്‍ സര്‍വീസ് അഡ്മിനിസ്‌ട്രേഷന് നിര്‍ദേശം നല്‍കിയ ട്രംപ് തുടര്‍നടപടി ക്രമങ്ങള്‍ക്കായി ബൈഡന്റെ ഓഫീസിന് 63 ലക്ഷം ഡോളര്‍ അനുവദിക്കുകയും ചെയ്തിരുന്നു.

അതേസമയം, ബൈഡന്‍ തന്റെ മന്ത്രിസഭയിലെ അംഗങ്ങളെ നാമകരണം ചെയ്തു. ആന്റണി ബ്ലിങ്കനെ സ്‌റ്റേറ്റ് സെക്രട്ടറിയായും അവില്‍ ഹെയ്ന്‍സിനെ ദേശീയ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആദ്യ വനിതാ ഡയറക്ടറായും അദ്ദേഹം നാമനിര്‍ദേശം ചെയ്തു. ജെയ്ക്ക് സള്ളിവനെ വൈറ്റ് ഹൗസിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായും അലജാന്‍ഡ്രോ മയോര്‍കാസിനെ ആഭ്യന്തര സുരക്ഷാ സെക്രട്ടറിയായും തിരഞ്ഞെടുത്തു. ലാറ്റിന്‍ വംശജരായ ആദ്യത്തെ വ്യക്തിയായിരിക്കും മയോര്‍ക്കസ്. മുന്‍ സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയെ പ്രത്യേക കാലാവസ്ഥാ പ്രതിനിധിയായി തിരഞ്ഞെടുത്തു.

അധികാര കൈമാറ്റത്തിന് അംഗീകാരം നല്‍കാന്‍ വിസമ്മതിച്ച ട്രംപ് അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും നിരുത്തരവാദപരമായ പ്രസിഡന്റുമാരില്‍ ഒരാളായി ഓര്‍മിക്കപ്പെടുമെന്ന് ബൈഡന്‍ കഴിഞ്ഞ ആഴ്ച പ്രതികരിച്ചിരുന്നു. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ ടീമുമായി സഹകരിക്കുന്നില്ലെങ്കില്‍ കൂടുതല്‍ അമേരിക്കക്കാരുടെ മരണത്തിന് അത് കാരണമാകുമെന്ന് നവംബര്‍ 17 ന് ബിഡന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here